World
എന്താണ് ശൈഖ് ജർറാഹ്? അറിയാം ഏഴു കാര്യങ്ങൾ
World

എന്താണ് ശൈഖ് ജർറാഹ്? അറിയാം ഏഴു കാര്യങ്ങൾ

Web Desk
|
16 May 2021 11:44 AM GMT

മസ്ജിദുൽ അഖ്‌സയിൽനിന്ന് ഒരു കി.മീറ്റർ ദുരപരിധിയിലുള്ള ശൈഖ് ജർറാഹിൽ മുസ്‌ലിം കുടുംബങ്ങളെ ഒഴിപ്പിച്ച് ജുതകുടിയേറ്റം ശക്തമാക്കാനുള്ള ശ്രമത്തിലാണ് ഇസ്രായേൽ ഭരണകൂടം. ഏറെ ചരിത്രപ്രാധാന്യമുള്ള ഈ പ്രദേശത്തെക്കുറിച്ച് കൂടുതൽ അറിയാം

മസ്ജിദുൽ അഖ്‌സയോട് ചേർന്ന് നിരവധി മുസ്‌ലിം കുടുംബങ്ങൾ അധിവസിച്ചിരുന്ന ശൈഖ് ജർറാഹിൽ അധിനിവേശം നടത്താൻ ഇസ്രായേൽ നടത്തിയ ശ്രമങ്ങളാണ് ഗസ്സയിൽ ഇടവേളയ്ക്കുശേഷം വീണ്ടും ചോരപ്പുഴ ഒഴുക്കിയിരിക്കുന്നത്. മസ്ജിദുൽ അഖ്‌സയിൽനിന്ന് ഒരു കി.മീറ്റർ ദുരപരിധിയിലുള്ള ഈ പ്രദേശത്ത് മുസ്‌ലിം കുടുംബങ്ങളെ ഒഴിപ്പിച്ച് ജുതകുടിയേറ്റം ശക്തമാക്കാനുള്ള ശ്രമത്തിലാണ് ഇസ്രായേൽ ഭരണകൂടം. ഏറെ ചരിത്രപ്രാധാന്യമുള്ള ശൈഖ് ജർറാഹിനെക്കുറിച്ച് അധികമാരും മനസിലാക്കിയിട്ടില്ലാത്ത ഏഴു കാര്യങ്ങൾ അറിയാം

1. സലാഹുദ്ദീൻ അയ്യൂബിയുടെ ഡോക്ടർ ശൈഖ് ജർറാഹ്

12-ാം നൂറ്റാണ്ടിലാണ് ശൈഖ് ജർറാഹിന്റെ ചരിത്രം ആരംഭിക്കുന്നത്. ഇസ്‌ലാമിക ചരിത്രത്തിൽ വീരപ്രഭാവമുള്ള പോരാളിയായിരുന്നു അയ്യൂബി ഭരണകൂടത്തിന്റെ സ്ഥാപകൻ കൂടിയായ സലാഹുദ്ദീൻ അയ്യൂബി. കുരിശുപടയിൽനിന്ന് ജറൂസലമിനെ മോചിപ്പിക്കുന്നത് അയ്യൂബിയുടെ സൈന്യമാണ്. കുരിശുയുദ്ധ കാലത്ത് പ്രദേശത്തെത്തിയ അയ്യൂബിയുടെ ഡോക്ടറായിരുന്നു ഹുസാമുദ്ദീൻ അൽജർറാഹ്.

ഖുദ്‌സിനെ മോചിപ്പിച്ച ശേഷം സലാഹുദ്ദീൻ അയ്യൂബി മടങ്ങിയെങ്കിലും ഹുസാമുദ്ദീൻ ജർറാഹും കുടുംബവും ഇവിടത്തന്നെ തങ്ങി. ഇവർക്കു പിറകെ പ്രദേശത്ത് പിന്നീട് മറ്റു കുടുംബങ്ങളും താമസമാക്കി. പ്രദേശവാസികൾക്കിടയിൽ ഏറെ ആദരവ് പിടിച്ചുപറ്റിയ ഹുസാമുദ്ദീനെ ശൈഖ് ജർറാഹ് എന്ന പേരിലാണ് നാട്ടുകാർ വിളിച്ചിരുന്നത്. ജർറാഹിന്റെ വിയോഗ ശേഷം അദ്ദേഹത്തിന്റെ മൃതദേഹം ഇവിടത്തന്നെ അടക്കുകയും പ്രദേശം പിന്നീട് ശൈഖ് ജർറാഹിിന്റെ പേരിൽ അറിയപ്പെടുകയും ചെയ്തു.


2. സ്‌കോപ്പസ് പർവതത്തിന്റെ താഴ്‌വാരങ്ങളിൽ

വടക്കൻ ജറൂസലമിലാണ് ശൈഖ് ജർറാഹ് സ്ഥിതിചെയ്യുന്നത്. ഇപ്പോൾ ഹീബ്രു സർവകലാശാലയുള്ള സ്‌കോപ്പസ് പർവതത്തിന്റെ മലഞ്ചെരിവുകൾ ആരംഭിക്കുന്ന ഭാഗത്ത്, ഓൾഡ് സിറ്റിയിലെ മതിലുകൾക്കു പുറത്തായാണ് ഈ പ്രദേശമുള്ളത്. മലമ്പ്രദേശമായതിനാൽ ഒഴിഞ്ഞുകിടന്നിരുന്ന ഇവിടെ 1860കളിലാണ് കൂടുതൽ മുസ്‌ലിം കുടുംബങ്ങൾ കുടിൽകെട്ടി അധിവാസം ആരംഭിക്കുന്നത്. ഇതിനുശേഷം കൂടുതൽ പേർ പ്രദേശത്തെത്തി.

3. ബൈബിൾ സമൂഹസൃഷ്ടിക്കായി രൂപംകൊണ്ട അമേരിക്കൻ കോളനി

1880കളിലാണ് പ്രദേശം അമേരിക്കൻ-യൂറോപ്യൻ ക്രിസ്ത്യൻ സമൂഹത്തിന്റെ ശ്രദ്ധയിൽ പതിയുന്നത്. ബൈബിൾ വചനങ്ങൾക്കനുസൃതമായി ഒരു ഉട്ടോപ്യൻ സമൂഹത്തെ സൃഷ്ടിക്കുക സ്വപ്‌നം കണ്ട് 1881ൽ നോർവീജ്യൻ-അമേരിക്കൻ വംശജയായ അന്നയും ഭർത്താവ് ഹൊറാഷിയോ സ്പഫോഡും ശൈഖ് ജർറാഹിലെത്തി. ഇവിടെ അമേരിക്കൻ കോളനി എന്ന പേരിൽ ഒരു താവളത്തിനും അവർ രൂപംനൽകി. പ്രദേശത്ത് കർഷകരായും മുസ്‌ലിം, ജൂത സ്‌കൂളുകളിൽ അധ്യാപകരായും ഇവർ ഇവിടെ തുടർന്നു.

4. ഒന്നാം ലോകയുദ്ധവും ഓട്ടോമൻ സാമ്രാജ്യത്തിന്റെ തകർച്ചയും

ഒന്നാം ലോകയുദ്ധത്തിൽ ഓട്ടോമൻ സാമ്രാജ്യം പരാജയപ്പെട്ടതോടെ ബ്രിട്ടൻ ഫലസ്ഥീനിൽ അധീശത്വമുറപ്പിച്ചു. മേഖലയിൽ ബ്രിട്ടീഷ് സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. ഈ സമയത്ത് തന്ത്രപ്രധാന മേഖലയെന്ന നിലയ്ക്ക് പീരങ്കിപ്പടയെ വിന്യസിച്ചിരുന്നത് സ്‌കോപസ് പർവതത്തിന്റെ ചെരിവുകളിലായിരുന്നു.


1918ൽ ഓസ്‌ട്രേലിയൻ സൈന്യം സ്‌കോപസ് പർവതത്തിലേക്കുള്ള പ്രയാണത്തിനിടയിൽ ശൈഖ് ജർറാഹിലൂടെ റോന്തുചുറ്റുന്നതാണ് മുകളിലത്തെ ചിത്രം.

5. മുസ്‌ലിം അധിവാസം

ഓട്ടോമൻ ഭരണരേഖകൾ പ്രകാരം 20-ാം നൂറ്റാണ്ടുവരെയും മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായിരുന്നു ശൈഖ് ജർറാഹ്. 167 മുസ്‌ലിം കുടുംബങ്ങളായിരുന്നു അന്ന് ഇവിടെ വസിച്ചിരുന്നത്. ഇപ്പോൾ ഇവിടത്തെ ഫലസ്ഥീൻ വംശജരുടെ ജനസംഖ്യ 3,000ത്തിനടുത്താണ്.

6. നക്ബയും ഇസ്രായേൽ അധിനിവേശവും

1948ൽ ഇസ്രായേൽ രൂപീകരണത്തിനും ലക്ഷക്കണക്കിനുവരുന്ന ഫലസ്ഥീനികളുടെ കൂട്ടപലായനത്തിനും ശേഷം ശൈഖ് ജർറാഹ് അടങ്ങുന്ന പ്രദേശം ജോർദാന്റെ നിയന്ത്രണത്തിലായി. ഇസ്രായേൽ രൂപീകരണത്തോടെ അവിടെനിന്ന് പുറന്തള്ളപ്പെട്ട ഫലസ്ഥീനികൾ ശൈഖ് ജർറാഹിൽ താമസമാക്കി.

1967ലെ യുദ്ധത്തിനു പിറകെ ഇസ്രായേൽ കിഴക്കൻ ജറൂസലമിലും വെസ്റ്റ് ബാങ്കിലും ഗസയിലും അധിനിവേശമാരംഭിച്ചു. ഈ പ്രദേശങ്ങളിൽ ഇസ്രായേൽ തുടർന്നങ്ങോട്ട് നിയന്ത്രണമുറപ്പിക്കുന്ന കാഴ്ചകളാണ് കണ്ടത്. 1980ൽ ഇപ്പോഴത്തെ അധിനിവിഷ്ട കിഴക്കൻ ജറൂസലം ഇസ്രായേൽ ഏകപക്ഷീയമായി പിടിച്ചടക്കുകയും ചെയ്തു.

7. ശൈഖ് ജർറാഹിലെ ജൂതകുടിയേറ്റം

2010ൽ ഇസ്രായേൽ പൊലീസിന്റെ സഹായത്തോടെ 80ഓളം ജൂതകുടിയേറ്റക്കാർ ശൈഖ് ജർറാഹിലുള്ള നിരവധി ഫലസ്ഥീനി കുടുംബങ്ങളെ ഒഴിപ്പിക്കുകയും അവരുടെ വീടുകളിൽ താമസമാരംഭിക്കുകയും ചെയ്തു. നിയമപരമായ അധികാരമില്ലെങ്കിലും ശൈഖ് ജർറാഹിലെ കുടിയൊഴിപ്പിക്കൽ കേസുകളിൽ ഇപ്പോഴും അന്തിമവാക്ക് ഇസ്രായേലി കോടതികളുടേതാണ്. അതിനാൽ തന്നെ ഇവിടെനിന്നു ബലമായി കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്ഥീനി കുടുംബങ്ങൾക്ക് നീതിലഭിക്കുമെന്നത് അചിന്ത്യവും.



2010ൽ ഫലസ്ഥീൻ വീടുകളും കെട്ടിടങ്ങളും ഭൂമിയും കൈയേറാനുള്ള ജൂതശ്രമങ്ങൾക്കെതിരെ നടന്ന പ്രക്ഷോഭങ്ങളിലൊന്നിന്റെ ചിത്രമാണ് മുകളിലുള്ളത്.

Similar Posts