ഷഹബാസ് ഷരീഫ് ഭിക്ഷാപാത്രവുമായി ലോകം ചുറ്റുന്നു, ആരും ചില്ലിക്കാശ് പോലും നൽകുന്നില്ല: ഇമ്രാൻ ഖാൻ
|പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ദ്വിദിന യു.എ.ഇ സന്ദർശനത്തിന് ആഴ്ചകൾക്ക് ശേഷമാണ് ഇമ്രാൻ ഖാന്റെ വിമർശനം
ലാഹോർ: പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഭിക്ഷാപാത്രവുമായി ലോകം ചുറ്റുകയാണെന്നും അദ്ദേഹത്തിന് ആരും ചില്ലിക്കാശ് പോലും നൽകുന്നില്ലെന്നും മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഒരു പ്രാദേശിക വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇമ്രാൻ ഖാന്റെ പരാമർശം. ഇതോടെ പ്രധാനമന്ത്രിയുടെ സമീപകാല വിദേശ യാത്രയിൽ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് ഇമ്രാൻ ഖാൻ.
ഇന്ത്യയുമായി ചർച്ച നടത്താൻ സന്നദ്ധത അറിയിച്ചതിലും ഇമ്രാൻ ഖാൻ പാക് പ്രധാനമന്ത്രിയെ വിമർശിച്ചു. ചർച്ച നടത്താൻ ഇന്ത്യയോട് പോലും യാജിച്ചുവെന്നാണ് ഇമ്രാൻ ഖാന്റെ വിമർശനം. പാക്കിസ്ഥാനുമായി എപ്പോഴും സാധാരണ അയൽപക്ക ബന്ധം പുലർത്താനാണ് ആഗ്രഹിക്കുന്നതെന്ന് വിഷയത്തിൽ ഇന്ത്യ പ്രതികരിച്ചിരുന്നു. അത്തരം ബന്ധത്തിന് ഭീകരതയും അക്രമവും ഇല്ലാത്ത അന്തരീക്ഷം ഉണ്ടാകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ദ്വിദിന യു.എ.ഇ സന്ദർശനത്തിന് ആഴ്ചകൾക്ക് ശേഷമാണ് ഇമ്രാൻ ഖാന്റെ വിമർശനം.
പ്രളയശേഷം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് പാകിസ്താൻ. മാസങ്ങളായുള്ള രാഷ്ട്രീയ- സാമൂഹിക അസ്ഥിരത സാമ്പത്തികരംഗത്തെ വളരെ മോശമായി ബാധിച്ചെന്നാണ് വിലയിരുത്തൽ. ഇതേത്തുടർന്നായിരുന്നു വിവിധ ലോകരാജ്യങ്ങളോടും ഐ.എം.എപിനോടുമടക്കം പാകിസ്ഥാൻ സാമ്പത്തിക സഹായം ആവശ്യപ്പെട്ടത്. പാകിസ്ഥാനുള്ള രണ്ട് ബില്യൺ ഡോളറിന്റെ നിലവിലുള്ള വായ്പ നീട്ടാനും ഒരു ബില്യൺ ഡോളർ അധിക വായ്പ നൽകാനും ഷെഹബാസ് ഷെരീഫിന്റെ സന്ദർശനത്തിൽ യു.എ.ഇ തീരുമാനിച്ചിരുന്നു.