ഭർത്താവിനെ കൊല്ലാൻ ദിവസവും കാപ്പിയിൽ വിഷം കലർത്തി നല്കി; ഒടുവിൽ പിടിയിലായതിങ്ങനെ
|എയർഫോഴ്സ് ഉദ്യോഗസ്ഥനായ ഭർത്താവ് മരിച്ചാൽ കിട്ടുന്ന ആനുകൂല്യമായിരുന്നു ഭാര്യയുടെ ലക്ഷ്യമെന്നാണ് പരാതിയിൽ പറയുന്നത്
അരിസോണ: ഭർത്താവിനെ കൊല്ലാൻ ദിവസവും കാപ്പിയിൽ ക്ലോറിൻ ചേർത്ത് നല്കിയ 34 കാരിയായ യുവതി പിടിയിൽ. യുഎസിലെ അരിസോണയിലായിരുന്നു സംഭവം. യു.എസ് എയർഫോഴ്സിലെ ഉദ്യോഗസ്ഥനായ റോബി ജോൺസണെ കൊല്ലാനായിരുന്നു ഭാര്യയായ മെലഡി ഫെലിക്കാനോ ജോൺസൺ കാപ്പിയിൽ മാസങ്ങളോളം ബ്ലീച്ച് ചേർത്ത് നൽകിയത്.
കാപ്പിയിൽ നിന്ന് വിചിത്രമായ ഗന്ധം വരുന്നതായി റോബിയുടെ ശ്രദ്ധിയിൽപ്പെട്ടു. ആദ്യം അത്ര കാര്യമാക്കിയില്ലെങ്കിലും പിന്നീട് പൂൾ ടെസ്റ്റിങ് സ്ട്രിപ്പ് ഉപയോഗിച്ച് കാപ്പി കപ്പിൽ പരീക്ഷണം നടത്തി. ഇതിൽ കപ്പിൽ ഉയർന്ന അളവിൽ ക്ലോറിന്റെ സാന്നിധ്യം കണ്ടെത്തി. സംഭവത്തിന്റെ സത്യാവസ്ഥ മനസിലാക്കാനായി അടുക്കളയിൽ ഒളിക്യാമറ വെക്കുകയും ചെയ്തു. കോഫി മേക്കറിലേക്ക് എന്തോ ഒരു പദാർത്ഥം ഭാര്യ പകരുന്നത് ഇതിൽ പതിഞ്ഞിരുന്നു.
തെളിവുകൾ ശേഖരിക്കാനായി കാപ്പി കുടിക്കുന്നതായി അഭിനയിക്കുകയും ചെയ്തതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. സ്ഥിരമായി ക്ലോറിൻ കാപ്പിയിൽ ചേർത്ത് കൊടുത്ത് കൊലപ്പെടുത്താനായിരുന്നു ഭാര്യയുടെ ഉദ്ദേശ്യം. എയർഫോഴ്സ് ഉദ്യോഗസ്ഥനായ ഭർത്താവ് മരിച്ചാൽ ലഭിക്കുന്ന വൻ ആനുകൂല്യമായിരുന്നു ഭാര്യയുടെ ലക്ഷ്യമെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ മെലഡി ഫെലിക്കാനോ ജോൺസണെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതശ്രമം, ഭക്ഷണത്തിലോ പാനീയത്തിലോ വിഷം കലർത്തൽ,ഗാർഹിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്ക്കെതിരെ ചുമത്തിയിട്ടുള്ളത്. നിലവിൽ പിമ കൗണ്ടി ജയിലിലാണ് മെലഡിയുള്ളത്. വിചാരണയിൽ മെലഡി ജോൺസൺ കുറ്റം നിഷേധിക്കുകയും ചെയ്തിരുന്നു.