World
പഞ്ചാബ് പ്രവിശ്യയുടെ നായകന്‍, സൈന്യവുമായി അടുത്ത ബന്ധം... ആരാണ് ശഹ്ബാസ് ശരീഫ്?
World

പഞ്ചാബ് പ്രവിശ്യയുടെ നായകന്‍, സൈന്യവുമായി അടുത്ത ബന്ധം... ആരാണ് ശഹ്ബാസ് ശരീഫ്?

Web Desk
|
10 April 2022 2:21 AM GMT

മൂന്ന് തവണ പ്രധാനമന്ത്രിയായിരുന്ന നവാസ് ശരീഫിന്‍റെ ഇളയ സഹോദരനാണ് 70കാരനായ ശഹ്ബാസ് ശരീഫ്

ഇസ്‍ലാമാബാദ്: പാകിസ്താനില്‍ പ്രതിപക്ഷ നേതാവ് ശഹ്ബാസ് ശരീഫ് അടുത്ത പ്രധാനമന്ത്രിയാകാന്‍ സാധ്യത. പ്രതിപക്ഷ പാര്‍ട്ടികളില്‍ പൊതുസമ്മതനാണ് അദ്ദേഹം. പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രി എന്ന നിലയില്‍ പാക് ജനതയ്ക്ക് സുപരിചിതനാണ് ശഹ്ബാസ് ശരീഫ്.

മൂന്ന് തവണ പ്രധാനമന്ത്രിയായിരുന്ന നവാസ് ശരീഫിന്‍റെ ഇളയ സഹോദരനാണ് 70കാരനായ ശഹ്ബാസ് ശരീഫ്. ഇംറാൻ ഖാന്‍റെ നേതൃത്വത്തിലുള്ള സർക്കാരിനെ താഴെയിറക്കാനുള്ള പ്രതിപക്ഷ നീക്കത്തിന് നേതൃത്വം നല്‍കിയതും ശഹ്ബാസ് ശരീഫ് ആയിരുന്നു.


പാക് സൈന്യവുമായുള്ള ബന്ധത്തിന്‍റെ കാര്യത്തില്‍ നവാസ് ശരീഫില്‍ നിന്ന് വ്യത്യസ്തനാണ് ശഹ്ബാസ് ശരീഫ്. വിദേശ, പ്രതിരോധ നയങ്ങൾ നിയന്ത്രിക്കുന്ന പാക് സൈന്യവുമായി നല്ല ബന്ധത്തിലാണ് ശഹ്ബാസ് ശരീഫ്. പാക് പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രി എന്ന നിലയിൽ ഭരണ മികവ് പുലര്‍ത്താനും കഴിഞ്ഞിട്ടുണ്ട്. പാകിസ്താന്‍റെ പുതിയ പ്രധാനമന്ത്രിയാകാന്‍ ശഹ്ബാസ് ശരീഫിന് സാധ്യത കല്‍പ്പിക്കപ്പെടുന്നതും ഇക്കാരണങ്ങള്‍ കൊണ്ടാണ്. അമേരിക്കയുമായുള്ള ബന്ധം പാകിസ്താന് നിര്‍ണായകമാണെന്ന് ശഹ്ബാസ് ശരീഫ് കഴിഞ്ഞ ആഴ്ച പറയുകയുണ്ടായി.

ലാഹോറിലെ വ്യവസായി കുടുംബത്തിലാണ് ശഹ്ബാസ് ശരീഫ് ജനിച്ചത്. വിദ്യാഭ്യാസത്തിന് ശേഷം കുടുംബത്തിന്റെ ബിസിനസ് ഏറ്റെടുത്തു. പിന്നീട് പഞ്ചാബ് പ്രവിശ്യയിൽ രാഷ്ട്രീയ രംഗത്ത് സജീവമായി. 1988ൽ പഞ്ചാബ് പ്രവിശ്യാ അസംബ്ലിയിലേക്കും 1990ൽ ദേശീയ അസംബ്ലിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1997ലാണ് പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പഞ്ചാബ് പ്രവിശ്യയിലെ വികസനത്തിന്‍റെ പേരില്‍ ശഹ്ബാസ് ജനപ്രീതി നേടി.


സൈനിക അട്ടിമറി നടന്നതോടെ 2000ല്‍ ശഹ്ബാസ് ശരീഫ് തടവിലാക്കപ്പെട്ടു. സൗദി അറേബ്യയിലേക്ക് പോയ അദ്ദേഹം 2007ലാണ് പാകിസ്താനില്‍ തിരിച്ചെത്തിയത്. 2013ൽ വീണ്ടും പഞ്ചാബിന്‍റെ മുഖ്യമന്ത്രിയായി. സഹോദരൻ നവാസ് ​ശരീഫിനെ അയോഗ്യനാക്കിയതിനെ തുടർന്ന് പാകിസ്താൻ മുസ്‍ലിം ലീഗ്-എൻ പ്രസിഡന്‍റായി. 2018 മുതൽ ദേശീയ അസംബ്ലിയിൽ അംഗമാണ് അദ്ദേഹം.

അതേസമയം അഴിമതി ആരോപണങ്ങളും ശഹ്ബാസ് ശരീഫിനെതിരെ ഉയര്‍ന്നിട്ടുണ്ട്. 2019ൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ ശഹ്ബാസിനെയും മകൻ ഹംസ ശരീഫിനെയും അറസ്റ്റ് ചെയ്ത് സ്വത്തുക്കള്‍ മരവിപ്പിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാവുകയായിരുന്നു.

Summary- Shehbaz Sharif, Leader of the Opposition, is being considered a frontrunner to be Pakistan's next prime minister. He is little known outside Pakistan but has a reputation domestically as an effective administrator.

Similar Posts