യുക്രൈനിൽ ഷെല്ലാക്രമണം തുടരുന്നു; ആക്രമണത്തിനു പിന്നിൽ റഷ്യയെന്ന് ആരോപണം
|വ്ളാഡിമർ പുടിൻ ആഴ്ച്ചകൾക്കുള്ളിൽ യുക്രൈൻ ആക്രമിക്കാൻ തീരുമാനിച്ചത് തനിക്ക് ബോധ്യപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി
കിഴക്കൻ യുക്രൈനിൽ വിമതരുടെ നിയന്ത്രണത്തിലുള്ള ഡോൺബസ് മേഖലയിൽ നിന്നു യുക്രൈൻ സൈനികർക്കുനേരെ ഷെല്ലാക്രമണം രണ്ടാം ദിവസവും തുടർന്നു. ആക്രമണത്തിനു പിന്നിൽ റഷ്യയാണെന്നാണ് യുക്രൈന്റെ ആരോപണം. ഇന്നലെ മേഖലയിൽ നിരവധി സ്ഫോടന ശബ്ദം കേട്ടതായി നിരീക്ഷകർ വ്യക്തമാക്കി.
2015ലെ വെടിനിർത്തലിനുശേഷം വിമതമേഖലയിൽനിന്നുള്ള ഏറ്റവും ക്രൂരമയ ഷെല്ലാക്രമണമാണിതെന്നാണ് വിലയിരുത്തൽ. യുദ്ധത്തിനു മുന്നോടിയായുള്ള റഷ്യയുടെ പരോക്ഷ യുദ്ധമാണിതെന്ന് യുഎസും പാശ്ചാത്യരാജ്യങ്ങളും കുറ്റപ്പെടുത്തി. അതേസമയം റഷ്യൻ ആണവ സേനയുടെ അഭ്യാസ പ്രകടനം ഇന്ന് ബെലാസൂറിൽ നടക്കും. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് മിസൈലുകളുടെ പരീക്ഷണ വിക്ഷേപണം നടക്കുക.
നാളെയാണ് ബെലാറൂസിലെ സേനാഭ്യാസം പൂർത്തിവാന്നുതെങ്കിലും അരലക്ഷത്തോളം വരുന്ന റഷ്യൻ സൈന്യം അവിടെ തന്നെ തുടർന്നേക്കാനാണു സാധ്യത. യുക്രൈൻ അതിർത്തിയിൽ റഷ്യ 1,90,000 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നു യുഎസ് അറിയിച്ചു. രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്പിലെ ഏറ്റവും വലിയ സൈനിക വിന്യാസമാണിത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അടുത്തയാഴ്ച റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായി കൂടിക്കാഴ്ച നടത്തും. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ യൂറോപ്യൻ യൂണിയൻ നേതാക്കളുമായി ചർച്ച നടത്തി. യുക്രൈൻ അതിർത്തിയിൽ നിന്ന് സൈനികരെ പിൻവലിച്ചു തുടങ്ങി എന്ന റഷ്യയുടെ അവകാശവാദം യുഎസും നാറ്റോ സഖ്യകക്ഷികളും തള്ളിയിരിക്കുകയാണ്.
വ്ളാഡിമർ പുടിൻ ആഴ്ച്ചകൾക്കുള്ളിൽ യുക്രൈൻ ആക്രമിക്കാൻ തീരുമാനിച്ചത് തനിക്ക് ബോധ്യപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. ആക്രമണം അടുത്ത ആഴ്ചയോ അല്ലെങ്കിൽ വരും ദിവസങ്ങളിലോ ഉണ്ടായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.