ബൈറൂത്തിൽ യുഎസ് എംബസിക്ക് നേരെ വെടിവെപ്പ്; അന്വേഷണം പ്രഖ്യാപിച്ച് ലബനാൻ
|സിറിയൻ പൌരനായ അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
ലബനാൻ തലസ്ഥാനമായ ബൈറൂത്തിൽ അമേരിക്കൻ എംബസിക്ക് നേരെ വെടിവെപ്പ്. ആക്രമണത്തിൽ എംബസി സെക്യൂരിറ്റി ജീവനക്കാരന് പരിക്കേറ്റു. സിറിയൻ പൗരനായ അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ ലബനാൻ പ്രധാനമന്ത്രി നജീബ് മിക്കാതി അന്വേഷണം പ്രഖ്യാപിച്ചു.
സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ അക്രമിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. അറബിയിൽ "ഇസ്‌ലാമിക് സ്റ്റേറ്റ്" എന്നും ഇംഗ്ലീഷ് ഇനീഷ്യലുകൾ 'I", "S" എന്നിവ രേഖപ്പെടുത്തിയ മേൽവസ്ത്രം ധരിച്ച ഒരാളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
എംബസിയുടെ പരിസരത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ലെബനൻ സൈന്യം ആളുകളെ കോമ്പൗണ്ടിലേക്ക് കടക്കാൻ അനുവദിക്കുന്നില്ല. സൈന്യവും അക്രമിയും തമ്മിലുള്ള ഏറ്റുമുട്ടൽ അരമണിക്കൂറോളം നീണ്ടുനിന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മറ്റ് അക്രമികൾ ഇയാൾക്കൊപ്പമുണ്ടോ എന്ന് പരിശോധന നടത്തിവരുന്നതിനിടെ എംബസിയുടെ സുരക്ഷാ സംഘത്തിലെ ഒരു അംഗത്തിന് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
കസ്റ്റഡിയിലെടുത്ത അക്രമി ഒറ്റക്കല്ലെന്നാണ് ലെബനൻ സുരക്ഷാ വൃത്തങ്ങൾ പറയുന്നത്. ഇയാൾക്കൊപ്പം നാലുപേർ കൂടിയുണ്ടെന്നും അധികൃതർ പറയുന്നു.
ബൈറൂത്തിന് വടക്കുഭാഗത്തായാണ് യുഎസ് എംബസി സ്ഥിതിചെയ്യുന്നത്. പ്രവേശന കവാടത്തിലേക്കുള്ള വഴിയിൽ ഒന്നിലധികം ചെക്ക്‌പോസ്റ്റുകളുള്ള അതീവ സുരക്ഷയുള്ള മേഖലയാണിത്. 1983-ൽ 63 പേരുടെ മരണത്തിനിടയാക്കിയ ചാവേർ ആക്രമണത്തെ തുടർന്നാണ് എംബസി ഇവിടേക്ക് മാറ്റിയതും കനത്ത സുരക്ഷാവലയം ഏർപ്പെടുത്തിയതും.
ഒക്ടോബറിൽ ഗസ്സയിൽ ഇസ്രായേൽ യുദ്ധം ആരംഭിച്ചതു മുതൽ ലെബനനിൽ സംഘർഷം ഉയർന്നിരുന്നു. ഇറാനുമായി ബന്ധമുള്ള സായുധ ഗ്രൂപ്പായ ഹിസ്ബുള്ള രാജ്യത്തിൻ്റെ തെക്കൻ അതിർത്തിയിൽ ഇസ്രായേലുമായി ആക്രമണത്തിലാണ്.
എട്ടാം മാസവും ഗസ്സയിൽ ആക്രമണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇസ്രയേലിനെതിരെ വെല്ലുവിളിയുമായി ഹിസ്ബുള്ള രംഗത്തെത്തിയിരുന്നു. ഇസ്രായേൽ ഹിസ്ബുള്ളയുടെ സര്‍പ്രൈസിനായി തയ്യറായിരുന്നോളാന്‍ ഗ്രൂപ്പ് സെക്രട്ടറി ജനറല്‍ ഹസന്‍ നസ്‌റുള്ള ടെലിവിഷന്‍ സന്ദേശത്തിലൂടെയാണ് അറിയിച്ചത്.
യുദ്ധത്തിന്റേ പേരില്‍ ഇസ്രയേല്‍ ഇന്ന് ഇന്താരാഷ്ട്ര കോടതിയുടെ മുന്നില്‍ നില്‍ക്കുകയാണ്. അന്താരാഷ്ട്ര പ്രശ്‌ന പരിഹാരത്തില്‍ ഇസ്രയേലിന് താൽപര്യമില്ല. ഇതിനെല്ലാമുള്ള സര്‍പ്രൈസായിരിക്കും ഹിസ്ബുള്ള നൽകുകയെന്നായിരുന്നു മുന്നറിയിപ്പ്.