World
Should Animals Have Voting Rights? US Professor Says YES
World

'മൃഗങ്ങൾക്കും വോട്ടവകാശം വേണം'; വിചിത്ര ആവശ്യവുമായി യുഎസ് പ്രൊഫസർ

Web Desk
|
25 Jan 2024 1:52 PM GMT

തന്റെ ആവശ്യം വിഡ്ഢിത്തമാണെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും മൃഗങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലെങ്കിലും അവരുടെ അഭിപ്രായം മാനിക്കണമെന്നാണ് പ്രൊഫസർ പറയുന്നത്

മൃഗങ്ങൾക്കും വോട്ടവകാശം വേണമെന്ന വിചിത്ര ആവശ്യവുമായി യുഎസ് പ്രൊഫസർ. ന്യൂ ജഴ്‌സിയിലെ റോവൻ യൂണിവേഴ്‌സിറ്റിയിൽ ഫിലോസഫി പ്രൊഫസറായ ലോആൻ റാഡു മോട്ടോ ആർക്കയാണ് തന്റെ ഒരു പഠനത്തിൽ മൃഗങ്ങളുടെ വോട്ടവകാശത്തെ പറ്റിയും അതിന്റെ ആവശ്യകതയെ പറ്റിയും വിവരിക്കുന്നത്.

തന്റെ ആവശ്യം വിഡ്ഢിത്തമാണെന്ന് റാഡു സമ്മതിക്കുന്നുണ്ടെങ്കിലും മൃഗങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലെങ്കിലും അവരുടെ അഭിപ്രായം മാനിക്കണമെന്നാണ് റാഡു പറയുന്നത്. മൃഗങ്ങൾക്കും വോട്ട് എന്ന് പറയുമ്പോൾ മൃഗങ്ങളെ പ്രതിനിധീകരിച്ച് തെരഞ്ഞെടുക്കപ്പെട്ട ആളുകൾ വോട്ട് ചെയ്യും എന്നതാണ് റാഡു മുന്നോട്ട് വയ്ക്കുന്ന ആശയം.

എല്ലാ വിഷയത്തിലുമൊന്നുമല്ല, മൃഗങ്ങളെ ബാധിക്കുന്ന മൃഗസംരക്ഷണം, മീറ്റ് ഉത്പാദനം, മീൻ പിടിത്തം, വളർത്തു മൃഗങ്ങളുടെ സംരക്ഷണം എന്നീ വിഷയങ്ങളിൽ ചില മൃഗങ്ങളുടെ എങ്കിലും 'അഭിപ്രായം' ഉണ്ടാവണം എന്നാണ് റാഡു പറയുന്നത്. ഗർഭച്ഛിദ്രം, വേശ്യാവൃത്തി തുടങ്ങിയ വിഷയങ്ങളിൽ മൃഗങ്ങൾക്ക് അഭിപ്രായം പറയാനാകില്ല എന്നതിനാൽ അവരെ സംബന്ധിക്കുന്ന വിഷയങ്ങളിൽ അവർക്ക് വോട്ടുണ്ടാകണം എന്നൊക്കെയാണ് റാഡുവിന്റെ വാദം.

"മുമ്പും പല ആളുകളും മൃഗങ്ങളുടെ വോട്ടവകാശത്തെ പറ്റി പറഞ്ഞ് മുന്നോട്ട് വന്നിട്ടുണ്ട്. എന്നാൽ ആരും തങ്ങളുടെ ആവശ്യം പൂർത്തിയാക്കിയില്ല. മൃഗങ്ങൾക്കും വോട്ട് ഉണ്ടാവുക, അവരുടെ അഭിപ്രായമറിയുക എന്നത് ജനാധിപത്യത്തിന്റെ പ്രാധാന്യമറിയുന്നവർക്ക് പറഞ്ഞാൽ മനസ്സിലാകും. ചില വിഭാഗങ്ങളിൽ പെട്ട മൃഗങ്ങൾക്കെങ്കിലും വോട്ട് ചെയ്യാൻ അവകാശം നൽകണമെന്നാണ് എന്റെ ആവശ്യം. മൃഗങ്ങൾക്കും വോട്ട് എന്നാൽ മൃഗങ്ങളെത്തി വോട്ട് ചെയ്യും എന്നല്ല, മൃഗങ്ങളുടെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ആളുകളാവും അവർക്ക് വേണ്ടി വോട്ടു ചെയ്യുക.

കുട്ടികൾക്കും ഭിന്നശേഷിക്കാരായ ആളുകൾക്കുമൊക്കെ പ്രതിനിധികളുണ്ടല്ലോ, അതു പോലെ തന്നെ. സ്ത്രീകൾക്കും അടിമകൾക്കുമൊന്നും വോട്ടവകാശം ഇല്ലാതിരുന്നത് പണ്ട് അത്ര വലിയ വിഷയമായിരുന്നില്ല എങ്കിലും ഇപ്പോൾ അതെത്ര ഗുരുതരമായിരുന്നുവെന്ന് നമുക്കറിയാം. ആ അവസ്ഥ ഉണ്ടാകാതിരിക്കാനാണ് ഇങ്ങനെയൊരു ആവശ്യം. മൃഗങ്ങൾക്ക് വോട്ട് ചെയ്യാനാകില്ല എന്ന് ചൂണ്ടിക്കാട്ടി ആ അവകാശം അവർക്ക് നിഷേധിക്കുന്നത് ശരിയല്ല". റാഡുവിനെ ഉദ്ധരിച്ച് ഡെയ്‌ലി മെയ്ൽ റിപ്പോർട്ട് ചെയ്യുന്നു.

റാഡുവിന്റെ വാദം പൂർണ വിഡ്ഢിത്തമാണെന്നാണ് നിരൂപകരുടെ പക്ഷം. മൃഗങ്ങളെ പ്രതിനിധീകരിച്ച് ഒരാൾ വോട്ട് ചെയ്യുകയെന്നാൽ ഒരാളുടെ വോട്ട് അധികമായി രേഖപ്പെടുത്തുന്നു എന്നേ അർഥമുണ്ടാവുകയുള്ളൂ എന്ന് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രൊഫസർ മാത്യു കാർമർ ചൂണ്ടിക്കാട്ടുന്നു. ആദ്യം മനുഷ്യരുടെ പ്രശ്‌നങ്ങൾ അഡ്രസ് ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തിയിട്ട് മൃഗങ്ങളിലേക്ക് കടക്കാമെന്നായിരുന്നു ഡർഹം യൂണിവേഴ്‌സിറ്റി നിയമ പ്രൊഫസർ തോം ബ്രൂക്‌സിന്റെ അഭിപ്രായം

Similar Posts