കുഴിച്ചെടുക്കാന്‍ ഇത്ര കൂടുതല്‍ സ്വര്‍ണമുണ്ടോ സിയേറ ലിയോണില്‍
|2018ല്‍ സിയേറ ലിയോണില്‍ 446 കിലോ സ്വര്‍ണമാണ് ഉല്‍പാദിപ്പിച്ചത്. 2017ല്‍ ഇത് 140 കിലോ ആയിരുന്നു. 1990-2018 കാലഘട്ടത്തില്‍ സിയേറ ലിയോണിലെ സ്വര്‍ണത്തിന്റെ ശരാശരി ഉല്‍പാദന നിരക്ക് 98 കിലോയാണ്.
പി.വി അന്‍വര്‍ എം.എല്‍.എയിലൂടെ കേരളത്തില്‍ പ്രശസ്തമായ ആഫ്രിക്കന്‍ രാജ്യമാണ് സിയേറ ലിയോണ്‍. സിയേറ ലിയോണില്‍ സ്വര്‍ണ ഖനനമാണ് തന്റെ പുതിയ ബിസിനസ് എന്നാണ് പി.വി അന്‍വര്‍ പറയുന്നത്. രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെ തനിക്കുണ്ടായ വന്‍ സാമ്പത്തിക ബാധ്യത മറികടക്കാനാണ് ഇവിടെയെത്തിയതെന്നും അദ്ദേഹം പറയുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള വ്യവസായികളെ ആകര്‍ഷിക്കാന്‍ മാത്രം സ്വര്‍ണനിക്ഷേപമുണ്ടോ ഈ രാജ്യത്ത്?
സ്ഥാനം, ഭൂപ്രകൃതി
പശ്ചിമ ആഫ്രിക്കയിലെ രാജ്യമാണ് സിയേറ ലിയോണ്‍. ഭൂപ്രകൃതിയുടെ മുക്കാല്‍ ഭാഗവും വജ്ര നിക്ഷേപമുണ്ട്. 1870 മുതലാണ് ഇവിടെ ഖനനം ആരംഭിച്ചത്. ബ്രിട്ടീഷുകാര്‍ വന്നതോടെയാണ് സിയേറ സ്വര്‍ണത്തിന്റെ വജ്രത്തിന്റെയും അമൂല്യ നിധിയുണ്ടെന്ന് തിരിച്ചറിഞ്ഞത്. ബ്രിട്ടീഷുകാരാണ് സിയേറയില്‍ വ്യാവസായികാടിസ്ഥാനത്തില്‍ സ്വര്‍ണഖനനം തുടങ്ങിയത്. നിലവില്‍ നാഷണല്‍ ഡയമണ്ട് മൈനിങ് കമ്പനിയാണ് സിയേറ ലിയോണിലെ ഔദ്യോഗിക ഖനന കമ്പനി. സിറാ റുടില്‍ കമ്പനി, സിറാ ലിയോണ്‍ ഡെവലപ്‌മെന്റ് കമ്പനി എന്നിവയും ഗവണ്‍മെന്റിന് വേണ്ടി ഖനനം നടത്തുന്നു.
പ്രധാന വരുമാനമാര്‍ഗം ഖനന വ്യവസായം:
സ്വര്‍ണം, വജ്രം, റൂട്ടെയില്‍, ബോക്‌സൈറ്റ്, ഇരുമ്പ്, ലിമോണൈറ്റ് എന്നിവയാണ് ഇവിടെ പ്രധാനമായും ഖനനം ചെയ്‌തെടുക്കുന്നത്. രാജ്യത്തിന്റെ ജി.ഡി.പിയുടെ 20 ശതമാനവും കയറ്റുമതി വരുമാനത്തിന്റെ 80 ശതമാനവും വരുന്നത് ഖനനവ്യവസായത്തില്‍ നിന്നാണ്. 30,000 പേര്‍ നേരിട്ടും മൂന്ന് ലക്ഷത്തോളം പേര്‍ പരോക്ഷമായും ഖനന വ്യവസായത്തിന്റെ ഗുണഭോക്താക്കളാണെന്നും 2013ല്‍ പുറത്തുവന്ന കണക്കുകള്‍ പറയുന്നു.
സ്വര്‍ണം:
ആദ്യഘട്ടത്തില്‍ ചെറിയ തോതിലുള്ള സ്വര്‍ണ ഖനനമാണ് ഇവിടെ നടന്നിരുന്നത്. 2002ല്‍ ആഭ്യന്തര യുദ്ധം അവസാനിച്ചതോടെയാണ് ഖനന വ്യവസായം വളര്‍ന്നത്. 2013-15 കാലത്താണ് ആധുനിക ഖനികളില്‍ ഉത്പാദനം തുടങ്ങിയത്. 2010ല്‍ ഒരു ബ്രിട്ടീഷ് കമ്പനി കങ്കാരി മലനിരകളിലെ പാറകളില്‍ സ്വര്‍ണനിക്ഷേപം കണ്ടെത്തിയതോടെയാണ് യന്ത്രവല്‍കൃത ഖനനം ആരംഭിച്ചത്. 2008ല്‍ 6150 ട്രോയ് ഔണ്‍സ് സ്വര്‍ണമായിരുന്നു ഉല്‍പാദിപ്പിച്ചത്. 2009ല്‍ ഇത് 5060 ട്രോയ് ഔണ്‍സ് ആയി കുറഞ്ഞു. ഇത് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില വര്‍ധനക്ക് കാരണമായിരുന്നു.
2018ല്‍ സിയേറ ലിയോണില്‍ 446 കിലോ സ്വര്‍ണമാണ് ഉല്‍പാദിപ്പിച്ചത്. 2017ല്‍ ഇത് 140 കിലോ ആയിരുന്നു. 1990-2018 കാലഘട്ടത്തില്‍ സിയേറ ലിയോണിലെ സ്വര്‍ണത്തിന്റെ ശരാശരി ഉല്‍പാദന നിരക്ക് 98 കിലോയാണ്. 2018ലാണ് ഇത് ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. 1995ലാണ് ഏറ്റവും കുറഞ്ഞ ഉത്പാദനം നടന്നത്. നാല് കിലോ സ്വര്‍ണം മാത്രമാണ് അന്ന് ഉത്പാദിപ്പിച്ചത്.
കള്ളക്കടത്ത് സംഘങ്ങളും ഖനന വ്യവസായത്തില്‍ സജീവമാണ്. മണ്ണിനടിയില്‍ ഡയമണ്ട് തിരിച്ചറിയാന്‍ ഏറെക്കാലത്തെ ഖനന പരിചയം വേണം. കുട്ടയില്‍ മണ്ണെടുത്ത് വെള്ളം ഒഴിവാക്കി മണ്ണ് അരിച്ചെടുത്താണ് ഡയമണ്ട് ഖനനം. കല്ലിന്റെ രൂപമുള്ള ഡയമണ്ട് കട്ട് ചെയ്ത് മനോഹരമാക്കാന്‍ വിദഗ്ധരായ തൊഴിലാളികള്‍ക്കേ കഴിയൂ. കട്ടിങ്ങില്‍ വിദഗ്ധരായ തൊഴിലാളികള്‍ ഇവിടെ ഏറെയുണ്ട്. സര്‍ക്കാര്‍ ഖനികളില്‍ കൂലി കുറവായതിനാല്‍ കൂടുതല്‍ പണം സമ്പാദിക്കുന്നതിനായി കള്ളക്കടത്തുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് തൊഴിലാളികളില്‍ കൂടുതലും.