സിഖ് യുവതി കാനഡയില്‍ വെടിയേറ്റു മരിച്ചു
|ഒന്റാരിയോ പ്രവിശ്യയിലെ മിസിസാഗ നഗരത്തിൽ ശനിയാഴ്ച രാത്രിയോടെയാണ് സംഭവമെന്ന് പീൽസ് റീജിയണൽ പൊലീസിന്റെ പത്രക്കുറിപ്പിൽ പറയുന്നു
ഒന്റാരിയോ: കാനഡയില്‍ സിഖ് യുവതി വെടിയേറ്റു മരിച്ചു. ബ്രാംപ്ടണില്‍ താമസിക്കുന്ന 21കാരി പവന്‍പ്രീത് കൗറിനെയാണ് വെടിവച്ചു കൊലപ്പെടുത്തിയത്. ഒന്റാരിയോ പ്രവിശ്യയിലെ മിസിസാഗ നഗരത്തിൽ ശനിയാഴ്ച രാത്രിയോടെയാണ് സംഭവമെന്ന് പീൽസ് റീജിയണൽ പൊലീസിന്റെ പത്രക്കുറിപ്പിൽ പറയുന്നു.
രാത്രി പത്തരയോടെ ഗ്യാസ് സ്റ്റേഷന് പുറത്താണ് പവന്പ്രീതിന് വെടിയേറ്റത്. വിവരമറിഞ്ഞയുടന്‍ സംഭവ സ്ഥലത്തെത്തിയ പൊലീസ് യുവതിയുടെ ജീവന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കൗര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചതായി ഡ്യൂട്ടി ഇന്‍സ്പെക്ടര്‍ ടിം നഗ്തേഗാള് പറഞ്ഞു. പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. കറുത്ത വസ്ത്രം ധരിച്ച അക്രമി സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു എന്ന വിവരം മാത്രമാണുള്ളത്. സ്ത്രീയോ പുരുഷനോ എന്ന കാര്യത്തില്‍ പോലും വ്യക്തതയില്ല. താഴെ വീണ യുവതിയുടെ തലയ്ക്കു നേരെ തോക്കു ചൂണ്ടുന്നത് കണ്ടതായി ദൃക്സാക്ഷിയെ ഉദ്ധരിച്ച് ടൊറന്റോ സണ്‍ റിപ്പോര്‍ട്ട് ചെയ്തു.
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ഹൈസ്കൂൾ പാർക്കിംഗ് ലോട്ടിൽ ഇന്ത്യൻ വംശജനായ മെഹക്പ്രീത് സേത്തി എന്ന കൗമാരക്കാരന് വെടിയേറ്റു മരിച്ച് ദിവസങ്ങള്‍ക്കു ശേഷമാണ് സിഖ് യുവതിയുടെ കൊലപാതകം.