World
singapore
World

സിംഗപ്പൂരും സൂറിച്ചും ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങള്‍

Web Desk
|
1 Dec 2023 4:54 AM GMT

11 വർഷത്തിനിടെ ഇത് ഒമ്പതാം തവണയാണ് സിംഗപ്പൂർ പട്ടികയിൽ ഒന്നാമതെത്തിയത്

സൂറിച്ച്: ലോകത്തെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് സിംഗപ്പൂരും സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചു. ന്യൂയോര്‍ക്കിനെ മറികടന്നാണ് ഈ രണ്ടു നഗരങ്ങളും ഒന്നാമതെത്തിയത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇക്കണോമിസ്റ്റ് ഇന്‍റലിജന്‍സ് യൂണിറ്റിന്‍റെ വേൾഡ് വൈഡ് കോസ്റ്റ് ഓഫ് ലിവിംഗ് 2023 റിപ്പോർട്ട് പ്രകാരം വിലയേറിയ മദ്യം, പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റം എന്നിവയുടെ കാര്യത്തില്‍ സിംഗപ്പൂര്‍ യുഎസ് നഗരത്തെക്കാള്‍ മുന്നിലെത്തി.

11 വർഷത്തിനിടെ ഇത് ഒമ്പതാം തവണയാണ് സിംഗപ്പൂർ പട്ടികയിൽ ഒന്നാമതെത്തിയത്. കഴിഞ്ഞ വര്‍ഷം ആറാം സ്ഥാനത്തായിരുന്നു സൂറിച്ച്. ന്യൂയോർക്കിനൊപ്പം മൂന്നാം സ്ഥാനത്തുള്ള ജനീവയും ഏറ്റവും ചെലവേറിയ അഞ്ച് സ്ഥലങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഹോങ്കോംഗാണ് മറ്റൊരു നഗരം. ഈ വര്‍ഷം ആഗസ്ത് 14 മുതല്‍ സെപ്തംബര്‍ 11 വരെ 173 നഗരങ്ങളിലെ 200ലധികം ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും വില വര്‍ഷത്തില്‍ രണ്ടുതവണ സര്‍വേ ചെയ്യുകയും, അവ യുഎസ് ഡോളറില്‍ കണക്കാക്കിയുമാണ് EIU റാങ്കിങ് തയ്യാറാക്കിയത്.

കറാച്ചി, അഹമ്മദാബാദ്, ചെന്നൈ എന്നീ ഏഷ്യന്‍ നഗരങ്ങളാണ് ഈ വര്‍ഷത്തെ റാങ്കിംഗിലെ ഏറ്റവും അവസാനത്തെ പത്ത് സ്ഥാനങ്ങളില്‍ മൂന്നെണ്ണം. നാല് ചൈനീസ് നഗരങ്ങളും (നാന്‍ജിംഗ്, വുക്സി, ഡാലിയന്‍, ബീജിംഗ്) രണ്ട് ജാപ്പനീസ് നഗരങ്ങളും (ഒസാക്ക, ടോക്കിയോ) ഈ വര്‍ഷം റാങ്കിംഗില്‍ ഏറ്റവും താഴേക്ക് നീങ്ങുന്നവയാണ്.

Similar Posts