![സിംഗപ്പൂരിൽ മയക്കുമരുന്ന് കേസിൽ സ്ത്രീക്ക് വധശിക്ഷ; രണ്ട് പതിറ്റാണ്ടിനിടെ ആദ്യം സിംഗപ്പൂരിൽ മയക്കുമരുന്ന് കേസിൽ സ്ത്രീക്ക് വധശിക്ഷ; രണ്ട് പതിറ്റാണ്ടിനിടെ ആദ്യം](https://www.mediaoneonline.com/h-upload/2023/07/28/1381286-screenshot-2023-07-28-181905.webp)
സിംഗപ്പൂരിൽ മയക്കുമരുന്ന് കേസിൽ സ്ത്രീക്ക് വധശിക്ഷ; രണ്ട് പതിറ്റാണ്ടിനിടെ ആദ്യം
![](/images/authorplaceholder.jpg?type=1&v=2)
സിംഗപ്പൂരിലെ കടുത്ത നിയമത്തിനെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്.
കോലാലംപൂർ: സിംഗപ്പൂരിൽ 20 വർഷത്തിനിടെ ആദ്യമായി സ്ത്രീയെ വധശിക്ഷയ്ക്ക് വിധേയയാക്കി. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ സരിദേവി ജമാനിയെന്ന 45കാരിയെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. 31 ഗ്രാം ഹെറോയിനുമായി പിടികൂടിയ കേസിൽ 2018ലാണ് സരിദേവിക്ക് വധശിക്ഷ വിധിച്ചത്. 2004ൽ യെൻ മേ വോൻ എന്ന വനിതാ ഹെയർ ഡ്രെസ്സർക്ക് മയക്കുമരുന്ന് കേസിൽ വധശിക്ഷ നടപ്പാക്കിയിരുന്നു. ഇതിന് ശേഷം വധശിക്ഷക്ക് വിധേയയാകുന്ന ആദ്യ സ്ത്രീയാണ് സരിദേവി.
മയക്കുമരുന്നിനെതിരെ കടുത്ത നിയമം നിലവിലുള്ള രാജ്യമാണ് സിംഗപ്പൂർ. 15 ഗ്രാമിൽ കൂടുതൽ ഹെറോയിനുമായോ 500 ഗ്രാമിൽ കൂടുതൽ കഞ്ചാവുമായോ പിടികൂടിയാൽ വധശിക്ഷയാണ് ലഭിക്കുക. 50 ഗ്രാം ഹെറോയിൻ കടത്തിയ കേസിൽ മുഹമ്മദ് അസീസ് ബിൻ ഹുസൈൻ എന്നയാളുടെ വധശിക്ഷ കഴിഞ്ഞദിവസമാണ് നടപ്പാക്കിയത്. 2022 മാർച്ചിന് ശേഷം വധശിക്ഷക്ക് വിധേയനായ പതിനഞ്ചാമത്തെയാളാണ് മുഹമ്മദ് അസീസ് ബിൻ ഹുസൈൻ.
സിംഗപ്പൂരിലെ കടുത്ത നിയമത്തിനെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്. എന്നാൽ, മയക്കുമരുന്നിനെതിരായ കടുത്ത നിയമം സിംഗപ്പൂരിനെ ലോകത്തെ തന്നെ ഏറ്റവും സമാധാനമുള്ള സ്ഥലങ്ങളിൽ ഒന്നാക്കാൻ സഹായിക്കുന്നുണ്ടെന്നും നിയമം നടപ്പാക്കുന്നതിൽ പൊതുസമൂഹത്തിന്റെ പിന്തുണയുണ്ടെന്നുമാണ് അധികൃതർ അവകാശപ്പെടുന്നത്.