സ്വവർഗ്ഗരതി നിരോധനനിയമനം പിൻവലിക്കാനൊരുങ്ങി സിംഗപ്പൂർ; മനുഷ്യരാശിയുടെ വിജയമെന്ന് എൽജിബിടിക്യു കമ്മ്യൂണിറ്റി
|വിവാഹം പുരുഷനും സ്ത്രീയും തമ്മിലുള്ളതെന്നതില് മാറ്റം വരുത്തില്ലെന്ന് പ്രധാനമന്ത്രി
സിംഗപ്പൂർ: പുരുഷന്മാർക്കിടയിലെ സ്വവർഗ്ഗരതി നിരോധന നിയമം പിൻവലിക്കാനൊരുങ്ങി സിംഗപ്പൂർ. 377 എ നിയമം പിൻവലിക്കുന്നതായി സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂംഗ് ദേശീയ ടിവിയിലൂടെ പ്രഖ്യാപിച്ചു.എൽജിബിടിക്യു കമ്മ്യൂണിറ്റികളുടെ വർഷങ്ങൾ നീണ്ട സംവാദങ്ങൾക്കും പോരാട്ടങ്ങൾക്കും ഒടുവിലാണ് തീരുമാനം. ഇത് മനുഷ്യരാശിയുടെ വിജയമാണെന്ന് എൽജിബിടിക്യു കമ്മ്യൂണിറ്റി പ്രതികരിച്ചു.
'സ്വവർഗ്ഗരതി നിയമവിധേയമാക്കാൻ തീരുമാനിച്ചു.ഇത് ശരിയായ കാര്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. സിംഗപ്പൂർ ജനത തീരുമാനം അംഗീകരിക്കും. എല്ലായിടത്തും സ്വവർഗ്ഗാനുരാഗികൾക്ക് ഇപ്പോൾ സ്വീകാര്യത ലഭിക്കുന്നുണ്ട്'.. ലീ സിയാൻ ലൂംഗ് പറഞ്ഞു
എന്നാൽ വിവാഹത്തിന്റെ നിയമപരമായ നിർവചനം പുരുഷനും സ്ത്രീയും തമ്മിലുള്ളതാണ് എന്നതിൽ മാറ്റം വരുത്താൻ പദ്ധതിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'വിവാഹം ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ളതായിരിക്കണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, അത്തരം കുടുംബങ്ങളിൽ കുട്ടികളെ വളർത്തണം, പരമ്പരാഗത കുടുംബം സമൂഹത്തിന്റെ അടിസ്ഥാന നിർമ്മാണ ഘടകമായി മാറണം' ..അദ്ദേഹം പറഞ്ഞു.
സ്വവർഗ വിവാഹം ഒഴിവാക്കുന്നത് വിവേചനം നിലനിർത്താൻ സഹായിക്കുമെന്ന ആശങ്കയും എൽജിബിടിക്യു പ്രകടിപ്പിച്ചു. എന്നാൽ നിയമം എപ്പോൾ പിൻവലിക്കുമെന്ന് വ്യക്തമല്ല. ഇന്ത്യ, തായ്വാൻ,, തായ്ലൻഡ് എന്നിവയ്ക്ക് ശേഷം എൽജിബിടി അവകാശങ്ങൾക്കായി നിയമഭേദഗതി വരുത്തുന്ന ഏഷ്യയിലെ പുതിയ രാജ്യമായി സിംഗപ്പൂർ മാറി. 2018ലാണ് ഇന്ത്യയിലെ പരമോന്നത കോടതി കൊളോണിയൽ കാലഘട്ടത്തിലെ സ്വവർഗ്ഗാനുരാഗ നിരോധനം റദ്ദാക്കിയത്