ഗസ്സയിലെ കൂട്ടക്കുരുതിക്ക് ആറുമാസം; കെയ്റോയിൽ ഇന്ന് വീണ്ടും വെടിനിർത്തൽ ചർച്ച
|ഹമാസ് സംഘം ഇന്ന് കെയ്റോയിലെത്തും. മൊസാദ് മേധാവിയുടെ നേതൃത്വത്തിൽ ഇസ്രായേൽ സംഘവും ഇന്ന് കെയ്റോയിലേക്ക് തിരിക്കും.
കെയ്റോ: ഗസ്സയിലെ യുദ്ധം ആറു മാസം പിന്നിടുന്ന വേളയിൽ കെയ്റോയിൽ ഇന്ന് വീണ്ടും വെടിനിർത്തൽ ചർച്ച. റമദാനിൽ വെടിനിർത്തലിനായി ദോഹയിലും കെയ്റോയിലും നടന്ന ചർച്ച പരാജയപ്പെട്ടിരിക്കെയാണ് പുതിയ ചർച്ചയ്ക്ക് വേദിയൊരുങ്ങുന്നത്. ഹമാസ് സംഘം ഇന്ന് കെയ്റോയിലെത്തും. മൊസാദ് മേധാവിയുടെ നേതൃത്വത്തിൽ ഇസ്രായേൽ സംഘവും ഇന്ന് കെയ്റോയിലേക്ക് തിരിക്കും എന്നാണ് റിപ്പോർട്ട്.
ഹമാസ് ഉപാധികളിൽ അന്തിമതീരുമാനം കൈക്കൊള്ളാൻ ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭാ യോഗം ഇന്ന് ചേരും. മുൻ ഉപാധികളിൽ വിട്ടുവീഴ്ചക്കില്ലെന്ന് ഹമാസ് ആവർത്തിച്ചു. ആക്രമണം പൂർണമായി നിർത്തുക, സൈന്യം ഗസ്സ വിടുക, പുറന്തള്ളിയവർക്ക് മടങ്ങിയെത്താൻ അവസരം ഒരുക്കുക എന്നിവയാണ് ഹമാസ് മുന്നോട്ടുവെച്ച പ്രധാന ഉപാധികൾ.
സന്നദ്ധ പ്രവർത്തകരുടെ കൊലയും ഗസ്സയിലെ സിവിലിയൻ കുരുതിയും ലോകത്തൊന്നാകെ ഇസ്രായേൽ വിരുദ്ധവികാരം ശക്തമാക്കിയിരിക്കെ വെടിനിർത്തൽ കരാറിനുള്ള സമ്മർദം ശക്തമാണ്. അതേസമയം, ഇസ്രായേലിൽ നെതന്യാഹുവിനെതിരെ പ്രതിഷേധം കനക്കുകയാണ്. ബന്ദികളുടെ മോചനം ഇനിയും നീണ്ടാൽ വൻ പ്രക്ഷോഭത്തിന് തയാറാകുമെന്ന് ബന്ധുക്കൾ ആവർത്തിച്ചു. ഇന്നലെ രാത്രി തെൽ അവീവിൽ നടന്ന നെതന്യാഹു വിരുദ്ധ പ്രക്ഷോഭകർക്കെതിരെ സുരക്ഷാ വിഭാഗം നടത്തിയ ബലപ്രയോഗത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. എത്രയും പെട്ടെന്ന് വെടിനിർത്തൽ കരാറിലൂടെ ബന്ദികളെ മോചിപ്പിക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.
ഗസ്സയുടെ പല ഭാഗങ്ങളിലും വ്യാപക ആക്രമണം തുടരുകയാണ് ഇസ്രായേൽ. ഖാൻ യൂനുസിലും മറ്റുമായി ചെറുത്തുനിൽപ്പ് പോരാളികൾ നടത്തിയ ആക്രമണത്തിൽ 14 സൈനികർ കൊല്ലപ്പെട്ടതായി അൽഖസ്സാം ബ്രിഗേഡ് അറിയിച്ചു. ഖാൻ യൂനുസിലും പരിസരങ്ങളിലും കഠിന പോരാട്ടമാണ് നടക്കുന്നതെന്ന് ഇസ്രായേൽ സൈനിക വക്താവും പ്രതികരിച്ചു. അതിനിടെ, ചെങ്കടലിൽ ഒരു കപ്പലിനു നേരെ വീണ്ടും ഹൂത്തികളുടെ ആക്രമണമുണ്ടായി. ഗസ്സയിലേക്ക് ഭക്ഷണവും വഹിച്ചുളള കൂടുതൽ ട്രക്കുകൾ വന്നുതുടങ്ങിയിട്ടുണ്ട്. സന്നദ്ധ പ്രവർത്തകരെ കൊലപ്പെടുത്തിയത് ബോധപൂർവമല്ലെന്ന ഇസ്രായേൽ വിശദീകരണം വേൾഡ് സെൻട്രൽ കിച്ചൺ തള്ളിയിരുന്നു. സംഭവത്തെ കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നും സംഘടന ആവശ്യപ്പെട്ടു.