World
യു.എസ് വിമാനത്തില്‍ പാമ്പ്; പരിഭ്രാന്തരായി യാത്രക്കാര്‍
World

യു.എസ് വിമാനത്തില്‍ പാമ്പ്; പരിഭ്രാന്തരായി യാത്രക്കാര്‍

Web Desk
|
19 Oct 2022 6:12 AM GMT

പിന്നീട് അതിനെ കാട്ടിലേക്ക് തുറന്നുവിട്ടതായി പോർട്ട് അതോറിറ്റി വക്താവ് ചെറിൽ ആൻ ആൽബിസ് പറഞ്ഞു

ന്യൂജഴ്സി: ഫ്ലോറിഡയിലെ ടാമ്പയിൽ നിന്ന് ന്യൂജേഴ്‌സിയിലേക്കുള്ള യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 2038ല്‍ പാമ്പിനെ കണ്ടത് യാത്രക്കാരെ പരിഭ്രാന്തരാക്കി. യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ തന്നെ സ്ഥിതിഗതികള്‍ ശാന്തമാക്കി.

വിഷമുള്ള പാമ്പല്ലെന്നും ന്യൂജേഴ്‌സിയിൽ എത്തിയതിന് ശേഷം വന്യജീവികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സംഘവും പോർട്ട് അതോറിറ്റി പൊലീസ് ഡിപ്പാർട്ട്‌മെന്‍റും പാമ്പിനെ കൊണ്ടുപോയി കാട്ടിലേക്ക് വിട്ടതായി എൻ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തു. നിരുപദ്രവകാരിയായ ഗാര്‍ട്ടര്‍ എന്ന ഇനത്തില്‍ പെട്ട പാമ്പിനെയാണ് വിമാനത്തില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെ വിമാനം നെവാർക്ക് ലിബർട്ടി ഇന്‍റര്‍നാഷണൽ എയർപോർട്ടിലെത്തി പാമ്പിനെ പുറത്തെടുക്കുമ്പോൾ എയർപോർട്ട് അനിമൽ കൺട്രോൾ ഓഫീസർമാരും പോർട്ട് അതോറിറ്റി പൊലീസ് ഉദ്യോഗസ്ഥരും ഗേറ്റിലുണ്ടായിരുന്നു. പിന്നീട് അതിനെ കാട്ടിലേക്ക് തുറന്നുവിട്ടതായി പോർട്ട് അതോറിറ്റി വക്താവ് ചെറിൽ ആൻ ആൽബിസ് പറഞ്ഞു.

സംഭവത്തില്‍ ആര്‍ക്കും പരിക്കുകളൊന്നുമില്ലെന്നും വിമാനത്തിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചില്ലെന്നും നെവാര്‍ക്കില്‍ നിന്നും വിമാനം പിന്നീട് പുറപ്പെട്ടതായും ആൽബിസ് അറിയിച്ചു. വിമാനത്തില്‍ പാമ്പ് കയറുന്നത് ഇതാദ്യത്തെ സംഭവമല്ല. 2016-ൽ മെക്‌സിക്കോ സിറ്റിയിലേക്കുള്ള എയ്‌റോമെക്‌സിക്കോ (AEROMEX.MX) ഫ്ലൈറ്റിന്‍റെ പാസഞ്ചർ ക്യാബിനില്‍ ഒരു വലിയ പാമ്പിനെ കണ്ടെത്തിയിരുന്നു. ആസ്‌ട്രേലിയയിൽ നിന്ന് പാപ്പുവ ന്യൂയിലേക്കുള്ള ഒരു വിമാനത്തിന്‍റെ പുറത്ത് ചിറകിൽ ചുറ്റിപ്പിടിച്ചിരിക്കുന്ന നിലയില്‍ പെരുമ്പാമ്പിനെ കണ്ടെത്തിയ സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Related Tags :
Similar Posts