സന്ധിയല്ല പരിഹാരം, ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കലാണ്; ഹമാസ്
|'നമ്മുടെ ജനങ്ങളുടെ താൽപര്യത്തിന് പ്രയോജനം ചെയ്യുന്ന രീതിയിൽ, ആക്രമണം അവസാനിപ്പിക്കാൻ ലക്ഷ്യമിടുന്ന ഏത് ശ്രമത്തിനും ഞങ്ങൾ തയാറാണ്'.
ഗസ്സയിലെ പ്രശ്നങ്ങൾക്ക് പരിഹാരം സന്ധി അല്ലെന്നും ഇസ്രായേൽ അധിനിവേശം അവസാനിപ്പക്കലാണെന്നും ഹമാസ് വക്താവ്. 'സന്ധിയുണ്ടാവുക എന്നതല്ല പരിഹാരം. ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കാനുള്ള സംവിധാനങ്ങൾ കണ്ടെത്തുകയാണ് യഥാർഥ പരിഹാരം'- വക്താവ് ഒസാമ ഹംദാൻ പ്രസ്താവനയിൽ അറിയിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
'ഞങ്ങൾ എല്ലാ മധ്യസ്ഥരുമായും സംസാരിക്കാൻ സമയം ചെലവഴിച്ചു. ആക്രമണം അവസാനിപ്പിക്കാനുള്ള ഒരു ഫോർമുലയിലെത്താൻ ശ്രമിക്കുന്ന ഈജിപ്തിന്റെയും ഖത്തറിന്റേയും ശ്രമങ്ങൾക്ക് നന്ദി പറയുന്നു. എന്നാൽ വീണ്ടുമുണ്ടായ ആക്രമണം എല്ലാം അവസാനിപ്പിച്ചു. നമ്മുടെ ജനങ്ങളുടെ താൽപര്യത്തിന് പ്രയോജനം ചെയ്യുന്ന രീതിയിൽ, ആക്രമണം അവസാനിപ്പിക്കാൻ ലക്ഷ്യമിടുന്ന ഏത് ശ്രമത്തിനും ഞങ്ങൾ തയാറാണ്'.
'ഞങ്ങൾ മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ അധിനിവേശ ഭരണകൂടം വിസമ്മതിച്ചു. കാരണം ഗസ സ്ട്രിപ്പിൽ ക്രിമിനൽ ആക്രമണം പുനരാരംഭിക്കാൻ അവർ മുൻകൂട്ടി തീരുമാനിച്ചിരുന്നു. ആക്രമണം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുമായി ഹമാസ് നേതൃത്വം സഹകരിക്കുന്നുണ്ടെങ്കിലും നിർഭാഗ്യവശാൽ ഖത്തറും ഈജിപ്തും ഒഴികെയുള്ള രാജ്യങ്ങൾ കൂടുതൽ ശ്രമം നടത്താൻ തയാറാവുന്നില്ല. അമേരിക്കൻ ഭരണകൂടം ഇസ്രായേലിനു മേൽ വലിയ സമ്മർദം ചെലുത്തിയിട്ടില്ല'- ഹമാസ് വക്താവ് കൂട്ടിച്ചേർത്തു.
ഒരാഴ്ച നീണ്ട വെടിനിര്‍ത്തലിന് ശേഷം ഗസ്സയ്ക്കു നേരെ ഇസ്രയേല്‍ ആക്രമണം പുനരാരംഭിച്ചതിനു പിന്നാലെയാണ് ഹമാസ് വക്താവിന്റെ പ്രസ്താവന പുറത്തുവന്നത്. ഇന്ന് മാത്രം 70 പേരെയാണ് ഗസ്സയിൽ ഇസ്രായേൽ കൊലപ്പെടുത്തിയത്. തെക്കൻ ഗസ്സയിലുള്ളവരോടും ഒഴിഞ്ഞുപോകാൻ ഭീഷണിമുഴക്കുകയാണ് ഇസ്രായേൽ സേന. ഒഴിഞ്ഞുപോകണം എന്നാവശ്യപ്പെട്ട് ഇസ്രായേൽ സൈന്യം ലഘുലേഖകൾ വിതറി. ആക്രമണം ഇനിയും രൂക്ഷമാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.