ടിക്‌ടോക്കും ടെലഗ്രാമും നിരോധിച്ച് സൊമാലിയ; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് വാദം
|ഭീകരരും അധാർമ്മിക ഗ്രൂപ്പുകളും നിരന്തരം ഭയാനകമായ ചിത്രങ്ങളും തെറ്റായ വിവരങ്ങളും പൊതുജനങ്ങളിലേക്ക് പ്രചരിപ്പിക്കാൻ ടിക്‌ടോക്ക് ഉൾപ്പടെയുള്ള ആപ്പുകൾ ഉപയോഗിച്ചിരുന്നതായാണ് വിവരം.
ചൈനീസ് ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ടിക്ടോക്കിനും എന്‍ക്രിപ്റ്റഡ് മെസേജിങ് പ്ലാറ്റ്‌ഫോമായ ടെലഗ്രാമിനും നിരോധനമേർപ്പെടുത്തി സോമാലിയ. അസഭ്യമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നുവെന്നും ഇവയുടെ വ്യാപനം തടയാനാണ് നടപടിയെന്നും സൊമാലിയയുടെ ആശയവിനിമയ മന്ത്രി അറിയിച്ചു. ഈ രണ്ട് ആപ്പുകൾക്ക് പുറമേ ഓൺലൈൻ-വാതുവയ്പ്പ് വെബ്‌സൈറ്റ് ആയ 1XBet ഉം നിരോധിച്ചിട്ടുണ്ട്.
ഭീകരരും അധാർമ്മിക ഗ്രൂപ്പുകളും നിരന്തരം ഭയാനകമായ ചിത്രങ്ങളും തെറ്റായ വിവരങ്ങളും പൊതുജനങ്ങളിലേക്ക് പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്ന ടിക്ടോക്ക്, ടെലഗ്രാം എന്നീ ആപ്പുകൾ നീക്കം ചെയ്യാൻ ഉത്തരവിടുന്നതായി മന്ത്രി ജമാ ഹസ്സൻ ഖലീഫ് പ്രസ്താവനയിൽ അറിയിച്ചു.
വിമത ഗ്രൂപ്പായ അൽ ഷബാബിലെ അംഗങ്ങൾ അവരുടെ പ്രവർത്തനങ്ങൾക്കായി ഈ ആപ്പുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
അടുത്ത അഞ്ച് മാസത്തിനുള്ളിൽ അൽ ഖ്വയ്ദയുമായി ബന്ധമുള്ള ഷബാബ് ഗ്രൂപ്പിനെ ഇല്ലാതാക്കാൻ സൈനികാക്രമണം നടത്തുമെന്ന് സോമാലിയൻ പ്രസിഡന്റ് ഹസൻ ഷെയ്ഖ് മുഹമ്മദ് പറഞ്ഞതിന് ദിവസങ്ങൾക്ക് ശേഷമാണ് നടപടി. വിഷയത്തിൽ TikTok, Telegram, 1XBet അധികൃതർ പ്രതികരിച്ചിട്ടില്ല.