മാസങ്ങൾ പിന്നിട്ടിട്ടും നിലക്കാതെ അഗ്നിപർവത സ്‌ഫോടനം; 2700 ഏക്കറോളം ഒഴുകിപ്പരക്കുന്ന ലാവയും ചാരവും
|മലനിരകളിലൂടെ ഒഴുകിയെത്തുന്ന ലാവ മൂവായിരത്തോളം പേരെ അടക്കം ചെയ്ത സെമിത്തേരിയെയും മൂടിയിട്ടുണ്ട്
സ്പെയിനിലെ കാനറി ദ്വീപിലുള്ള ലാ പാൽമയിലെ കംബ്രെ വിജ അഗ്നിപർവതം സെപ്തംബര്‍ 19നാണ് പൊട്ടിത്തെറിച്ചത്. അന്നു മുതല്‍ അഗ്നിപര്‍വതത്തില്‍ നിന്നും പുറന്തള്ളുന്ന ലാവയും ചാരവും കൊണ്ട് പ്രദേശം മൂടിക്കിടക്കുകയാണ്. ഇപ്പോള്‍ കാനറി ദ്വീപിന്‍റെ 2700 ഏക്കർ ലാവയിൽ മൂടിയിരിക്കുകയാണ്. ഇത് ദ്വീപിലെ ജനജീവിതം സ്തംഭിപ്പിക്കുക മാത്രമല്ല, റോഡുകളെയും വീടുകളെയും തോട്ടങ്ങളെയും സാരമായി ബാധിച്ചു.
മലനിരകളിലൂടെ ഒഴുകിയെത്തുന്ന ലാവ മൂവായിരത്തോളം പേരെ അടക്കം ചെയ്ത സെമിത്തേരിയെയും മൂടിയിട്ടുണ്ട്. പരിക്കുകളോ മരണങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും 7,000ത്തോളം ആളുകളെ പ്രദേശത്തു നിന്നും ഒഴിപ്പിച്ചു. പൊട്ടിത്തെറിക്ക് ശേഷം 10 ആഴ്ചകൾ പിന്നിട്ടെങ്കിലും അഗ്നിപർവത സ്ഫോടനത്തിന് ശമനമുണ്ടായിട്ടില്ല. ദ്രാവകം ഉരുകിയ പാറ മിനിറ്റിൽ 6 മീറ്റർ വേഗതയിൽ കരയിലേക്ക് ഒഴുകി നാശം വിതച്ചുകൊണ്ടിരിക്കുകയാണെന്ന് സ്‌പെയിനിലെ നാഷണൽ ജിയോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട് വക്താവ് മരിയ ജോസ് ബ്ലാങ്കോ പറഞ്ഞു. കൂടാതെ 80 ലധികം ഭൂചലനങ്ങളും പ്രദേശത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ദ്രവരൂപത്തിലുള്ള ഉരുകിയ പാറ ഉരുണ്ടുപോകുന്നത് പ്രദേശമാകെ പ്രകാശപൂരിതമാക്കിയിട്ടുണ്ട്. അഗ്നിപർവ്വതം പൊട്ടിത്തെറിച്ച സമയം മുതൽ 11 വ്യത്യസ്ത ലാവാ പ്രവാഹങ്ങൾ ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടു മൂന്നു മാസം കൂടി അഗ്നിപര്‍വത സ്ഫോടനം തുടരുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.