World
turkey earthquake

തുര്‍ക്കിയിലെ ദുരന്തഭൂമി

World

വളരെ പെട്ടെന്നോ അല്ലെങ്കില്‍ പിന്നീടോ; മൂന്നു ദിവസം മുന്‍പ് തുര്‍ക്കി ഭൂകമ്പത്തെക്കുറിച്ച് പ്രവചിച്ച് ഡച്ച് ഗവേഷകന്‍,പഴയ ട്വീറ്റ് വൈറല്‍

Web Desk
|
7 Feb 2023 7:09 AM GMT

സോളാര്‍ സിസ്റ്റം ജ്യോമെട്രിക് സര്‍വെ എന്ന സ്ഥാപനത്തിലെ ഗവേഷകനായ ഫ്രാങ്ക് ഹൂഗർബീറ്റ്‌സാണ് പ്രവചനം നടത്തിയത്

അങ്കാറ: തുര്‍ക്കിയിലും സിറിയയിലുമായി തിങ്കളാഴ്ചയുണ്ടായ ഭൂകമ്പങ്ങള്‍ ലോകത്തെയാകെ ഉലച്ചിരിക്കുകയാണ്. റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 3800 ഓളം പേരാണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇനിയും തുടര്‍ചലനങ്ങളുണ്ടായേക്കുമെന്നും മുന്നറിയിപ്പുണ്ട്. ലോകത്തെ നടുക്കിയ ഭൂകമ്പത്തെക്കുറിച്ച് ഒരു ഡച്ച് ഗവേഷകന്‍ മൂന്നു ദിവസം മുന്‍പ് പ്രവച്ചിരുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

നെതര്‍ലാന്‍ഡ്സ് ആസ്ഥാനമായ സോളാര്‍ സിസ്റ്റം ജ്യോമെട്രിക് സര്‍വെ എന്ന സ്ഥാപനത്തിലെ ഗവേഷകനായ ഫ്രാങ്ക് ഹൂഗർബീറ്റ്‌സാണ് പ്രവചനം നടത്തിയത്. സെൻട്രൽ-തുർക്കി, ജോർദാൻ-സിറിയ മേഖലയിൽ 7.5 തീവ്രതയുള്ള ഭൂകമ്പം വളരെ പെട്ടെന്നോ അല്ലെങ്കില്‍ പിന്നീടോ ഉണ്ടാകുമെന്ന് ട്വിറ്ററില്‍ കുറിച്ചിരുന്നു. ഫെബ്രുവരി 3ലെ അദ്ദേഹത്തിന്‍റെ ട്വീറ്റ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച പുലർച്ചെ തുർക്കിയിലും സിറിയയിലും 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായപ്പോൾ, ഹൂഗർബീറ്റ്സ് വീണ്ടും ട്വീറ്റ് ചെയ്തു."മധ്യ തുർക്കിയിലെ വലിയ ഭൂകമ്പത്തിൽ നാശം വിതച്ചവര്‍ക്കൊപ്പമാണ് എന്‍റെ മനസ്. ഞാൻ നേരത്തെ പ്രസ്താവിച്ചതുപോലെ, 115, 526 വർഷങ്ങൾക്ക് സമാനമായി, താമസിയാതെ അല്ലെങ്കിൽ പിന്നീട് ഈ പ്രദേശത്ത് ഇത് സംഭവിക്കും. ഈ ഭൂകമ്പങ്ങൾ എല്ലായ്പ്പോഴും നിർണ്ണായകമായ ഗ്രഹ ജ്യാമിതിക്ക് മുമ്പുള്ളതാണ്, ഞങ്ങൾ ഫെബ്രുവരി 4-5 തിയതികളിൽ അവിടെ ഉണ്ടായിരുന്നു'' അദ്ദേഹം കുറിച്ചു.



ഗ്രഹങ്ങളുടെ വിന്യാസമാണ് ഭൂകമ്പങ്ങളെ ബാധിക്കുന്നതെന്നാണ് ഹൂഗർബീറ്റ്സിന്‍റെ സിദ്ധാന്തം. എന്നാല്‍ ചിലര്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ സിദ്ധാന്തത്തിന് ശാസ്ത്രീയ തെളിവുകളുടെ പിന്തുണയില്ലെന്ന് നെറ്റിസണ്‍സ് ചൂണ്ടിക്കാണിച്ചു. ''ഭൂകമ്പങ്ങൾ ഗ്രഹങ്ങളുടെ വിന്യാസം മൂലമല്ല, ഭൂകമ്പങ്ങൾ പ്രവചിക്കാൻ ശാസ്ത്രീയമായ ഒരു രീതിയും നിലവിലില്ല. നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ ഒരു യഥാർത്ഥ ഭൂകമ്പ ശാസ്ത്രജ്ഞനെ സമീപിക്കുക'' ഹൂഗർബീറ്റ്സിന്‍റെ വാദത്തെ എതിര്‍ത്തുകൊണ്ട് മറ്റൊരു സീസ്മോളജി ഗവേഷകന്‍ പറഞ്ഞു. മറ്റു ചിലര്‍ ഹൂഗർബീറ്റ്സിനെ അനുകൂലിക്കുകയും ഭൂമിയിലെ വേലിയേറ്റങ്ങളെ ചന്ദ്രന്‍ സ്വാധീനിക്കുന്നതു പോലെയുള്ള ഉദാഹരണങ്ങള്‍ നിരത്തുകയും ചെയ്തു.

Similar Posts