World
ഇംഗണ്ട്-ഇന്ത്യ ടെസ്റ്റിലെ അവസാന മത്സരം പരമ്പരയുടെ ഭാഗമായി തന്നെ നടത്തണമെന്ന് സൗരവ് ഗാംഗുലി
World

ഇംഗണ്ട്-ഇന്ത്യ ടെസ്റ്റിലെ അവസാന മത്സരം പരമ്പരയുടെ ഭാഗമായി തന്നെ നടത്തണമെന്ന് സൗരവ് ഗാംഗുലി

Sports Desk
|
14 Sep 2021 11:06 AM GMT

സെപ്തംബർ 23 ന് ലണ്ടനിൽ പോകുന്നുണ്ടെന്നും ഇ.സി.ബി സിഇഒ ടോം ഹാരിസണുമായും തലവൻ ഇയാൻ വാട്‌മോറുമായും സംസാരിക്കുമെന്നും ഗാംഗുലി

ഇംഗണ്ട്-ഇന്ത്യ ടെസ്റ്റിലെ മുടങ്ങിയ അവസാന മത്സരം പരമ്പരയുടെ ഭാഗമായി തന്നെ നടത്തണമെന്നും പ്രത്യേക മത്സരമായി നടത്താനാകില്ലെന്നും ബി.സി.സി.ഐ പ്രസിഡൻറ് സൗരവ് ഗാംഗുലി. ഈ മത്സരം പരമ്പരയുടെ ഭാഗമായി തന്നെ നടത്തിയാൽ 2007 ശേഷം ഇംഗ്ലണ്ടിലെ ഇന്ത്യയുടെ ആദ്യ പരമ്പര വിജയമായി ഇത് മാറുമെന്നും പി.ടി.ഐക്ക് അനുവദിച്ച അഭിമുഖത്തിൽ ഗാംഗുലി പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റ് സുപ്രധാന മത്സരമായാണ് ബി.സി.സി.ഐ കാണുന്നതെന്നും അതിനാൽ ഒരു കാര്യത്തിന് വേണ്ടിയും അവ ബലികഴിക്കില്ലെന്നും മുൻ ഇന്ത്യൻ നായകൻ പറഞ്ഞു.

കഴിഞ്ഞ ആഴ്ച ഇന്ത്യൻ ക്യാമ്പിൽ ഹെഡ് കോച്ച് രവിശാസ്ത്രിക്കടക്കം കോവിഡ് ഭീഷണിയായതിനെ തുടർന്നാണ് മത്സരം ഒഴിവാക്കിയിരുന്നത്. 2-1 ന് ഇന്ത്യ പരമ്പരയിൽ മുന്നിൽ നിൽക്കുകയായിരുന്നു.

എന്നാൽ മത്സരം ഒഴിവാക്കിയതിനെതിരെ ദി ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് (ഇ.സി.ബി) ഐ.സി.സിയുടെ പരാതി പരിഹാര കമിറ്റി(ഡി.ആർ.എസ്) യെ സമീപിച്ചിരുന്നു. എന്നാൽ ഓൾഡ് ട്രഫോർഡിൽ മുടങ്ങിയ ടെസ്റ്റിനെ കുറിച്ച് ഐ.സി.സി പ്രതികരിച്ചിട്ടില്ല.

40 മില്ല്യൺ പൗണ്ടെങ്കിലും ഇൻഷൂറൻസ് തുകയായി കിട്ടിയാൽ മാത്രമേ ടെസ്റ്റ് ഒഴിവാക്കിയത് മൂലമുള്ള നഷ്ടം നികത്താനാകൂവെന്നാണ് ഇംഗ്ലണ്ട് പറയുന്നത്.

അടുത്ത വർഷം ജൂലൈയിലെ പര്യടനത്തിൽ രണ്ട് ടി20 കളിക്കാമെന്ന് സമ്മതിച്ചിട്ടുണ്ടേയെന്ന ചോദ്യത്തിന് അധിക ഏകദിനമോ ടി20 യോ കളിക്കാൻ നാം ഒരുക്കമാണെന്നും പ്രശ്‌നം അതല്ലെന്നും ഗാംഗുലി പറഞ്ഞു.

മത്സരം തുടർന്ന് നടത്തുകയാണെങ്കിൽ പരമ്പരയിലെ അവസാന ടെസ്റ്റായി നടത്തണം. അല്ലെങ്കിൽ കോവിഡ് മൂലം മത്സരം മുടങ്ങിയതായി ഐ.സി.സി കണക്കാക്കിയാൽ ഇന്ത്യ 2-1 വിജയിച്ചതായി പരിഗണിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് മൂലം കഴിഞ്ഞ 18 മാസത്തിനിടെ നിരവധി പരമ്പരകൾ മുടങ്ങിയിട്ടുണ്ടെന്നും കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയിൽ നടക്കേണ്ടിയിരുന്ന 40 മുതൽ 50 മില്ല്യൺ പൗണ്ടിന്റെ പരമ്പര ബി.സി.സി.ഐക്ക് നഷ്ടമായെന്നും ഗാംഗുലി വെളിപ്പെടുത്തി. ഭാവിയിൽ കോവിഡ് കേസുകളുണ്ടയാലും മത്സരം തുടരാനാകുന്ന ആരോഗ്യ നിർദേശങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

മത്സരം മുടങ്ങുന്നത് ടിവി, ഒടിടി താൽപര്യങ്ങൾക്ക് ഏത്രത്തോളം ആഘാതമാണ് ഉണ്ടാക്കുന്നതെന്ന് നാം മനസ്സിലാക്കുന്നുവെന്നും മികച്ച മത്സരമായാൽ അതിന്റെ തീവ്രത കൂടുമെന്നും അദ്ദേഹം പറഞ്ഞു. മത്സരം മുടങ്ങിയതിൽ ബി.സി.സി.ഐക്ക് നിരാശയുണ്ടെന്നും എന്നാൽ ഒരു പരിധിക്കപ്പുറം കളിക്കാരെ നിർബന്ധിക്കാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.

സീനിയർ താരങ്ങൾക്ക് പകരം മറ്റുള്ളവരെ ഇറക്കാമായിരുന്നി ല്ലേയെന്ന ചോദ്യത്തിന് അതിന് കഴിയില്ലെന്നും തൊട്ട്മുമ്പ് കോവിഡ് സ്ഥിരീകരിച്ച ജൂനിയർ ഫിസിയോ യോഗേഷ് പാർമറിന് എല്ലാ താരങ്ങളുമായും സമ്പർക്കമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. താരങ്ങളുടെ കുടുംബം അവരുടെ ഒപ്പം തന്നെ യാത്ര ചെയ്യുന്നവരാണെന്നും ടീമിന്റെ ആശങ്ക വ്യക്തമാക്കി അദ്ദേഹം പറഞ്ഞു.

താരങ്ങൾക്ക് സഞ്ചരിക്കാൻ എല്ലാ സൗകര്യവും ഒരുക്കിയിരുന്നുവെന്നും പക്ഷേ എന്തോ സംഭവിക്കുമെന്ന ഭയം കളി മുടക്കിയെന്നും ഇ.സി.ബി സിഇഒ ടോം ഹാരിസൺ പറഞ്ഞു.

പ്രശ്‌നം സൗഹാർദ്ദപൂർവം പറഞ്ഞവസാനിപ്പിക്കുമോയെന്ന ചോദ്യത്തിന് സെപ്തംബർ 23 ന് ലണ്ടനിൽ പോകുന്നുണ്ടെന്നും ഹാരിസണുമായും ഇ.സി.ബി തലവൻ ഇയാൻ വാട്‌മോറുമായും സംസാരിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി. ടെസ്റ്റ് സൗഹൃദപൂർവം മാറ്റിവെച്ചു, ഞാൻ അവിടെ ചെന്നാൽ ബാക്കി കാര്യങ്ങൾ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

Similar Posts