World
ഇസ്രായേൽ യുദ്ധം  ഉടൻ അവസാനിപ്പിക്കണമെന്ന് ദക്ഷി​ണാഫ്രിക്ക, അന്താരാഷ്ട്ര കോടതിയിൽ നടപടികൾ ആരംഭിച്ചു
World

ഇസ്രായേൽ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് ദക്ഷി​ണാഫ്രിക്ക, അന്താരാഷ്ട്ര കോടതിയിൽ നടപടികൾ ആരംഭിച്ചു

Web Desk
|
11 Jan 2024 9:15 AM GMT

വംശഹത്യകേസിൽ വാദം കേൾക്കുന്നത് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 15 ജഡ്ജിമാർ

ഹേഗ്: ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ ദക്ഷിണാഫ്രിക്ക കൊടുത്ത കേസിലെ വാദം തുടങ്ങി. ഇസ്രായേലിനെതിരെ ഗുരുതരമായ യുദ്ധകുറ്റങ്ങളാണ് ദക്ഷിണാഫ്രിക്കയുടെ പരാതിയിലുള്ളത്. ഗസയിലെ സൈനിക പ്രവർത്തനങ്ങൾ ഇസ്രായേൽ ഉടൻ നിർത്തിവയ്ക്കണം എന്നതാണ് ദക്ഷിണാഫ്രിക്കയുടെ പരാതിയിൽ ഒന്നാമതായി ഉന്നയിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ പ്രതിനിധി സംഘമാണ് വാദിക്കുന്നത്.

ഒക്ടോബർ 7 മുതൽ ഇസ്രായേൽ ആക്രമണത്തിൽ 23,000-ലധികം ഫലസ്തീനികൾ കൊല്ലപ്പെടുകയും 60,000-ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കോടതിയിൽ പരാതി വായിച്ച രജിസ്ട്രാർ കണക്കുകൾ നിരത്തി. ദക്ഷിണാഫ്രിക്കയുടെ വാദം നടക്കുകയാണ്.

1948 മുതൽ ഫലസ്തീൻ ജനതയ്‌ക്കെതിരെ ഇസ്രായേൽ നടത്തിവരുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഈ വംശഹത്യ. വർണ്ണവിവേചനം, അധിനിവേശം, ഉപരോധം എന്നിവയെല്ലാം ഇസ്രായേലിന്റെ വംശഹത്യക്ക് തെളിവാണ്.

2023 ഒക്ടോബർ 7 ന് ആരംഭിച്ചതല്ല ഫലസ്തീന് നേരെയുള്ള ഇസ്രായേലിന്റെ അതിക്രമം. കഴിഞ്ഞ 76 വർഷമായി എല്ലാ ദിവസവും ഫലസ്തീനികൾ ആസൂത്രിതമായ അടിച്ചമർത്തലും അക്രമവും അനുഭവിക്കുകയാണ്.

എല്ലാ യുദ്ധനിയമങ്ങളും വ്യവസ്ഥകളും ലംഘിക്കുന്ന നടപടിയാണ് ഇസ്രായേൽ തുടരുന്നത്. ആഴ്ചയിൽ 6,000 ബോംബുകൾ വരെ ഫലസ്തീനിന്റെ മുകളിൽ അവർ ഇട്ടു. നവജാത ശിശുക്കളെ പോലും അവർ വെറുതെ വിട്ടില്ല.കുട്ടികളുടെ ശ്മശാനമെന്നാണ് യുഎൻ മേധാവികൾ ഫലസ്‍തീനെ വിശേഷിപ്പിച്ചതെന്നും ആഫ്രിക്ക വാദിച്ചു.

അമേരിക്ക,റഷ്യ, ചൈന, ഫ്രാൻസ്, ആസ്ട്രേലിയ, ബ്രസീൽ, ജർമനി, ഇന്ത്യ, ജമൈക്ക, ജപ്പാൻ, ലബനാൻ, മൊറോക്കോ,​െസ്ലാവാക്യ,സോമാലിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ള 15 ജഡ്ജിമാരാണ് വാദം കേൾക്കുന്നത്. ദക്ഷിണാഫ്രിക്കൻ മനുഷ്യാവകാശ വിദഗ്ധൻ ജോൺ ഡുഗാർഡാണ് ദക്ഷിണാഫ്രിക്കൻ നിയമ സംഘത്തെ നയിക്കുന്നത്. ബ്രിട്ടീഷ് അഭിഭാഷകൻ മാൽക്കം ഷായാണ് ഇസ്രായേൽ സംഘത്തെ നയിക്കുന്നത്.

ഡിസംബർ 29 നാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ഐ.സി.ജെ) ദക്ഷിണാഫ്രിക്ക ഇസ്രായേലിനെതിരെ കേസ് കൊടുത്തത്. ഇസ്രാ​ലേൽ ഗസ്സയിൽ നടത്തിയ കൂട്ടക്കുരുതിയുടെ നേർചിത്രങ്ങളാണ് ദക്ഷിണാഫ്രിക്ക ​ലോക കോടതിയിൽ നൽകിയ 84 പേജുള്ള പരാതിയിലുള്ളത്. 1948 ലെ വംശഹത്യ കൺവെൻഷൻ ഉടമ്പടികൾ ഇസ്രായേൽ ലംഘിച്ചു. ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് കൂട്ടക്കുരുതിയാണ്. ഫലസ്തീൻ ജനതയുടെ മനുഷ്യാവകാശങ്ങൾ ഹനിക്കുകയാണ്. ഗസ്സയിലെ ഫലസ്തീനികളെ ​കൊന്നാടുക്കുകയെന്ന ലക്ഷ്യത്തോടെ വംശീയ ഉന്മൂലനമാണ് ഇസ്രായേല്‍ നടത്തുന്നത് തുടങ്ങിയ കാര്യങ്ങളാണ് ദക്ഷിണാഫ്രിക്കയുടെ പരാതിയിൽ പറയുന്നത്. ക്രൂരമായി പീഡനത്തിനിരയാകുന്ന ഫലസ്തീൻ ജനതയെ സംരക്ഷിക്കാനുള്ള താൽക്കാലിക നടപടികൾ ഉടൻ സ്വീകരിക്കണമെന്നും ദക്ഷിണാഫ്രിക്ക പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്

ദക്ഷിണാഫ്രിക്കയിലെ മുതിർന്ന നിയമജ്ഞർ തയാറാക്കിയ പരാതിയിൽ ഇസ്രായേൽ വംശഹത്യക്കെതിരായ ആഗോള ഉടമ്പടി ഇസ്രായേൽ ലംഘിച്ചെന്ന് സമർത്ഥിക്കുന്ന നിരവധി തെളിവുകളും നിരത്തിയിട്ടുണ്ട്. കൂട്ടക്കുരുതി ആരംഭിച്ചതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം, വെള്ളം, ഭക്ഷണം, വൈദ്യസഹായം തുടങ്ങിയവയുടെ ലഭ്യതക്കുറവ് എന്നിവയെല്ലാം ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ വംശഹത്യ നടത്തുന്നതിന്റെ തെളിവാണെന്നാണ് ദക്ഷിണാഫ്രിക്ക സമർത്ഥിക്കുന്നത്. ഇസ്രാ​യേലി ഭരണകൂടം നടത്തിയ വിദ്വേഷ പ്രസ്താവനകളെല്ലാം വംശഹത്യ ആരോപണങ്ങൾ ബലപ്പെടുത്താൻ ദക്ഷണാഫ്രിക്ക തെളിവായി അവതരിപ്പിച്ചിട്ടുണ്ട്.rദക്ഷിണാഫ്രിക്ക ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് ഇസ്രായേൽ വാദിക്കുന്ന​ത്. വംശഹത്യകേസ് തള്ളാൻ ലോകമെമ്പാടുമുള്ള തങ്ങളുടെ എംബസികളോട് ആതിഥേയ രാജ്യങ്ങളിൽ സമ്മർദ്ദം ചെലു​ത്താൻ ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം നിർദേശം നൽകിയിരിക്കുകയാണ്. അതെ സമയം തുർക്കി, ജോർദാൻ, മലേഷ്യ രാജ്യങ്ങൾ ദക്ഷിണാഫ്രിക്കക്ക് പിന്തുണ നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ (ഐ.സി.സി) ചിലി ഫയൽചെയ്ത മറ്റൊരു കേസിൽ വിവിധ ഇസ്രായേലി നേതാക്കൾക്കെതിരെ യുദ്ധക്കുറ്റങ്ങൾ ആരോപിച്ചതും തിരിച്ചടിയായിരിക്കുകയാണ്.

Similar Posts