ദക്ഷിണ കൊറിയൻ യുവതി നവജാതശിശുക്കളെ കൊന്ന് വർഷങ്ങളോളം ഫ്രീസറിൽ സൂക്ഷിച്ചു
|സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതെന്ന് യുവതി പറഞ്ഞു
സിയോൾ: ദക്ഷിണ കൊറിയയിൽ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് യുവതി തന്റെ രണ്ട് നവജാതശിശുക്കളെ കൊല്ലുകയും വർഷങ്ങളോളം അവരുടെ മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കുകയും ചെയ്തു. രണ്ട് കുട്ടികളെയും അവർ ജനിച്ച് ഒരു ദിവസം കഴിഞ്ഞപ്പോൾ തന്നെ കൊന്നുവെന്ന് യുവതി സമ്മതിച്ചു. കൊല്ലപ്പെട്ട കുട്ടികൾ കൂടാതെ യുവതിക്ക് 12,10,എട്ട് എന്നിങ്ങനെ വയസുള്ള മൂന്ന് കുട്ടികളുണ്ട്.
2018 നവംബറിലാണ് യുവതിക്ക് നാലമതായി ഒരു പെൺകുഞ്ഞ് ജനിച്ചത്. അവർ ആ കുഞ്ഞിനെ കൊലപ്പെടുത്തി വീട്ടിലെ ഫ്രീസറിൽ സുക്ഷിച്ചു. ഇതേ പോലെ തന്നെ 2019 നവംബറിൽ ജനിച്ച ആൺകുഞ്ഞിനെയും യുവതി കൊലപ്പെടുത്തി.
മെയ് മാസത്തിൽ സർക്കാറിന്റെ അഡൾട്ട് ആൻഡ് ഇൻസ്പെക്ഷൻ ബോർഡ് നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം പുറത്ത് വന്നത്. കുട്ടികളുടെ ജനനം ഔദ്യോഗികമായി രേഖപ്പെടുത്താതിരുന്നതും അതേ സമയം ആശുപത്രി രേഖകളിൽ ജനനം രേഖപ്പെടുത്തിയതുമാണ് യുവതിക്ക് വിനയായത്. ഈ കണ്ടെത്തലിനെ തുടർന്ന് പൊലീസ് യുവതിയുടെ വീട്ടിൽ തിരച്ചിൽ നടത്തിയപ്പോയാണ് യുവതി കൊലപാതകം ചെയ്തതായി സമ്മതിച്ചത്.
യുവതി ഒരു കുഞ്ഞിനെ വീട്ടിൽ വെച്ചും മറ്റേകുഞ്ഞിനെ ആശുപത്രി പരിസരത്ത് വെച്ചുമാണ് കൊലപ്പെടുത്തിയതെന്ന് കൊറിയൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോര്ട്ട് വന്ന ശേഷം പോലീസ് അന്തിമ തീരുമാനമെടുക്കുമെന്നും അറസ്റ്റ് വാറന്റിലുള്ള ഹിയറിംഗിന് വെള്ളിയാഴ്ച യുവതി ഹാജറാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.