ചെങ്കടലിലെ കളിക്ക് ഞങ്ങളില്ല; യുഎസിനോട് നോ പറഞ്ഞ് രാഷ്ട്രങ്ങൾ
|യുഎസ് നാവിക സംരക്ഷണ സേന പ്രഖ്യാപിച്ചതിന് പിന്നാലെ ചെങ്കടൽ നിങ്ങളുടെ ശവപ്പറമ്പാകുമെന്ന് ഹൂതികൾ മുന്നറിയിപ്പു നൽകിയിരുന്നു
വാഷിങ്ടൺ: ഫലസ്തീന് ഐക്യദാർഢ്യം അറിയിച്ച് ചെങ്കടലിൽ ഉപരോധം ഏർപ്പെടുത്തിയ ഹൂതികൾക്കെതിരെ യുഎസ് പ്രഖ്യാപിച്ച നാവിക സംരക്ഷണ സേനയിൽ അണിചേരാൻ വിസമ്മതിച്ച് സഖ്യരാഷ്ട്രങ്ങളായ സ്പെയിനും ആസ്ട്രേലിയയും. സേനയിലേക്ക് യുദ്ധക്കപ്പലുകള്‍ അയയ്ക്കില്ലെന്ന് ഇരുരാഷ്ട്രങ്ങളും യുഎസിനെ അറിയിച്ചു. യുദ്ധക്കപ്പല്‍ അയയ്ക്കില്ലെന്നും സംയുക്ത സമുദ്രതീര ഓഫീസ് (സിഎംഎഫ്) സ്ഥിതി ചെയ്യുന്ന ബഹ്റൈനിലേക്ക് ഉദ്യോഗസ്ഥരെ വിട്ടുനല്‍കാമെന്നും നെതര്‍ലാന്‍ഡ്സും നോര്‍വേയും നിലപാടെടുത്തു.
നെതർലാൻഡ്സ് രണ്ടും നോര്‍വേ പത്തും നാവിക ഉദ്യോഗസ്ഥരെയാണ് അയയ്ക്കുക. സഖ്യത്തില്‍ ചേരാന്‍ യുഎസ് ക്ഷണിച്ച ഈജിപ്തും സൗദിയും വിട്ടുനിൽക്കുകയാണ്. ചെങ്കടൽ തീരമുള്ള രാഷ്ട്രങ്ങളാണ് രണ്ടും.
ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് സുരക്ഷയൊരുക്കാനായി ഓപറേഷൻ പ്രോസ്പറിറ്റി ഗാർഡിയൻ എന്ന പേരിലാണ് യുഎസ് സേനയെ പ്രഖ്യാപിച്ചിരുന്നത്. മധ്യേഷ്യൻ സന്ദർശനത്തിനിടെ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്റേതായിരുന്നു പ്രഖ്യാപനം. ബ്രിട്ടൻ, ബഹ്റൈൻ, കാനഡ, ഫ്രാൻസ്, ഇറ്റലി, നെതർലാൻഡ്സ്, നോർവേ, സീഷിൽസ്, സ്പെയിൻ എന്നീ രാഷ്ട്രങ്ങളോടാണ് സേനയുടെ ഭാഗമാകാൻ യുഎസ് അഭ്യർത്ഥിച്ചിരുന്നത്. 'ബഹുരാഷ്ട്ര സുരക്ഷാ സംരംഭം' എന്നാണ് സേനയെ ലോയ്ഡ് വിശേഷിപ്പിച്ചിരുന്നത്.
ഗസ്സയിലെ വംശഹത്യ നിർത്തുന്നതു വരെ ചെങ്കടൽ വഴി പോകുന്ന ഇസ്രായേൽ ബന്ധമുള്ള വാണിജ്യക്കപ്പലുകൾ ആക്രമിക്കും എന്നാണ് ഹൂതികൾ പ്രഖ്യാപിച്ചിട്ടുള്ളത്. 'ഗസ്സ മുനമ്പിലെ നെഞ്ചുറപ്പുള്ള ഞങ്ങളുടെ സഹോദരങ്ങൾക്കെതിരെ നടത്തുന്ന ഇസ്രായേൽ അതിക്രമം അവസാനിപ്പിക്കുന്നതു വരെ ചെങ്കടലിലൂടെയുള്ള ഇസ്രായേലി കപ്പലുകൾ തടയും' - എന്നായിരുന്നു ഹൂതി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്യ സാരിയുടെ പ്രഖ്യാപനം.
യുഎസ് സംരക്ഷണ സേന പ്രഖ്യാപിച്ചതിന് പിന്നാലെ ചെങ്കടൽ നിങ്ങളുടെ ശവപ്പറമ്പാകുമെന്നും ഹൂതികൾ മുന്നറിയിപ്പു നൽകിയിരുന്നു. 'നിങ്ങളുടെ യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും മുക്കാനുള്ള ശേഷി ഞങ്ങൾക്കുണ്ട്. ചെങ്കടൽ നിങ്ങളുടെ ശവപ്പറമ്പാകും' - എന്നാണ് ഹൂതി നേതാവ് പറഞ്ഞിരുന്നത്.
ഈ പ്രഖ്യാപനത്തെ ആശങ്കയോടെയാണ് യുഎസ് സഖ്യരാഷ്ട്രങ്ങൾ നോക്കിക്കാണുന്നത്. ഹൂതികൾ ആഭ്യന്തരമായി വികസിപ്പിച്ച മിസൈൽ അടക്കമുള്ള ആയുധങ്ങൾക്ക് പ്രഹരശേഷിയും കൃത്യതയുമുണ്ടെന്ന് യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. മധ്യദൂര ബാലിസ്റ്റിക് മിസൈൽ അടക്കം ഹൂതികളുടെ ആയുധപ്പുരയിൽ സജ്ജമാണ്. ഇതുകൂടാതെ ചെങ്കടലിൽ മൈനുകൾ സ്ഥാപിച്ചിട്ടുണ്ട് എന്നും ഹൂതികൾ അവകാശപ്പെടുന്നു. ഇക്കാരണങ്ങൾ കൊണ്ടു തന്നെ ചെങ്കടലിലെ കളി കൈവിട്ടതാകുമെന്ന് യുഎസ് സഖ്യരാഷ്ട്രങ്ങൾ കരുതുന്നു.
ഹൂതി ഭീഷണിയുടെ പശ്ചാത്തലത്തിൽ ആഗോള ഷിപ്പിങ് കമ്പനികൾ ചെങ്കടൽ വഴിയുള്ള യാത്ര താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ വരെ 158 ചരക്കു കപ്പലുകൾ സൂയസ് കനാൽ വഴി ഉപേക്ഷിച്ച് ആഫ്രിക്കൻ മുനമ്പിലൂടെ (കേപ് ഓപ് ഗുഡ് ഹോപ്) യാത്ര റീറൂട്ട് ചെയ്തതായി ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ഏഷ്യയിൽ നിന്ന് യൂറോപ്പിലേക്ക് ഇതുവഴി ഏകദേശം ആറായിരം നോട്ടിക്കൽ മൈൽ അധികദൂരമുണ്ട്. ചരക്കുകൾ എത്തിച്ചേരാൻ മൂന്ന്-നാല് ആഴ്ച അധികമെടുക്കുകയും ചെയ്യും. ചരക്കുകടത്ത് കൂലിയിലെ വർധന ചരക്കുകളുടെ വിലയിലും പ്രതിഫലിക്കും. യൂറോപ്പ് രൂക്ഷമായ വിലക്കയറ്റത്തിലേക്ക് നീങ്ങുകയും ചെയ്യും.
പെട്രോളിയവും അനുബന്ധ ഉത്പന്നങ്ങളുമാണ് മധ്യേഷ്യയിൽനിന്ന് യൂറോപ്പിലേക്കുള്ള പ്രധാന കയറ്റുമതി. യുഎസിന് മറ്റു വ്യാപാര ജലപാതകളുണ്ട് എങ്കിലും യൂറോപ്പിന് സൂയസ് വഴിയുള്ള ഈ ജലപാത തന്ത്രപ്രധാനപ്പെട്ടതാണ്. പെട്രോളിയവും അനുബന്ധ ഉത്പന്നങ്ങളുമാണ് മധ്യേഷ്യയിൽനിന്ന് യൂറോപ്പിലേക്ക് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. ഇന്ധന അപഗ്രഥന കമ്പനി വോർടെക്സയുടെ കണക്കു പ്രകാരം 2023ലെ ആദ്യ പതിനൊന്ന് മാസത്തിൽ ദിനംപ്രതി 7.80 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ, ഇന്ധന ഷിപ്മെന്റുകളാണ് ബാബൽ മന്ദബ് വഴി കടന്നുപോയിട്ടുള്ളത്. 2022ൽ ഇത് 6.60 മില്യൺ ബാരൽ മാത്രമായിരുന്നു. കടൽ വഴിയുള്ള എണ്ണ ഷിപ്മെന്റിന്റെ 12 ശതമാനവും ദ്രവീകൃത പ്രകൃതി വാതകത്തിന്റെ എട്ടു ശതമാനവും ഇതുവഴിയാണ് കടന്നു പോകുന്നത്. പ്രതിവർഷം 17,000 കപ്പലുകൾ ഇതുവഴി യാത്ര ചെയ്യുന്നു എന്നാണ് കണക്ക്.
Summary: US appeal to send warships to the Red Sea rejected