World
Ione Belarra
World

ഇസ്രായേലിന്റേത് വംശഹത്യ, നെതന്യാഹുവിനെ യുദ്ധക്കുറ്റത്തിന് വിചാരണ ചെയ്യണം: സ്പാനിഷ് മന്ത്രി

Web Desk
|
17 Oct 2023 8:08 AM GMT

ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 2800ലേറെ പേരാണ് കൊല്ലപ്പെട്ടത്

മാഡ്രിഡ്: ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് ആസൂത്രിത വംശഹത്യയെന്ന് സ്‌പെയിൻ സാമൂഹികാവകാശ വകുപ്പു മന്ത്രി ലോൺ ബെലാര. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ യുദ്ധക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. പ്രസ്താവനയുടെ വീഡിയോ ബെലാര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

'ഫലസ്തീൻ സായുധസംഘം ഇസ്രായേലി സിവിലിയന്മാർക്കെതിരെ നടത്തിയ കൊലപാതകങ്ങൾ ഭീതിതമാണ്. എന്നാൽ അതുവച്ച് ഗസ്സയില്‍ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയെ ന്യായീകരിക്കാനാകില്ല. യുദ്ധക്കുറ്റത്തിന് ബെഞ്ചമിൻ നെതന്യാഹുവിനെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്യണം. ഇക്കാര്യത്തിൽ സഖ്യകക്ഷിയായ സോഷ്യലിസ്റ്റ് പാർട്ടിയുമായി ചേർന്ന് നീക്കങ്ങൾ നടത്തും. ഇസ്രായേൽ ഭരണകൂടം ഗസ്സയിൽ ആസൂത്രിതമായ വംശഹത്യയാണ് നടത്തുന്നത്. ബോംബിങ് മൂലം ആയിരക്കണക്കിന് പേരാണ് വെള്ളവും വെളിച്ചവും ഭക്ഷണവും കിട്ടാതെ നിൽക്കുന്നത്. ഇത് അന്താരാഷ്ട്ര നിയമങ്ങൾക്ക് എതിരാണ്. യുദ്ധക്കുറ്റമായി പരിഗണിക്കേണ്ടതാണ്. ഗസ്സയിൽ അടിയന്തരമായി മനുഷ്യ ഇടനാഴി തുറക്കേണ്ടതുണ്ട് - അവർ പറഞ്ഞു.



ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഫലസ്തീന് ഐക്യദാര്‍ഢ്യമറിയിച്ച് നിരവധി റാലികളാണ് സ്പെയിനില്‍ നടന്നിരുന്നത്. മാഡ്രിഡിലെ റാലിയില്‍ ബെലാര പങ്കെടുക്കുകയും ചെയ്തിരുന്നു. ഇസ്രായേല്‍ ആക്രമണങ്ങള്‍ക്കെതിരെ രംഗത്തിറങ്ങാന്‍ പ്രധാനമന്ത്രി പെഡ്രോ പെരസ് ജനങ്ങളോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഗസ്സയിലേക്ക് മാനുഷിക സഹായമെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന് വിരുദ്ധമായ നിലപാടാണ് സ്പെയിനിന്‍റേത്. ഫലസ്തീനിലേക്കുള്ള എല്ലാ പണമിടപാടുകളും നിർത്തിവയ്ക്കും എന്നാണ് നേരത്തെ യൂറോപ്യൻ യൂണിയൻ കമ്മിഷണർ ഒലിവർ വർഹെൽയി അറിയിച്ചിരുന്നത്. ഇത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

ഹമാസ് ആക്രമണത്തിന്റെ തുടർച്ചയായി ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ ഇതുവരെ 2800ലേറെ പേരാണ് കൊല്ലപ്പെട്ടത്. പത്തു ലക്ഷത്തോളം പേർ ഭവനരഹിതരായി. ആക്രമണവും ഉപരോധവും തുടർന്നാൽ അഭൂതപൂർവ്വമായ മാനുഷിക ദുരന്തമാണ് ഗസ്സയിൽ ഉണ്ടാകാൻ പോകുന്നതെന്ന് യുഎൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വെള്ളിയാഴ്ച വടക്കൻ ഗസ്സയിലെ മുഴുവൻ ആളുകളോടും ഒഴിഞ്ഞു പോകാൻ ഇസ്രായേൽ സേന ആവശ്യപ്പെട്ടിരുന്നു. കരയുദ്ധം ആരംഭിക്കാൻ ഇസ്രായേൽ ഒരുങ്ങുന്നതിന്റെ സൂചന ആയാണ് ഇതു കരുതപ്പെടുന്നത്. എന്നാൽ ഗസ്സയിൽ ഹമാസ് അണ്ടർ ഗ്രൗണ്ട് നെറ്റ്‌വർക്ക് വിപുലമായതിനാൽ ഏറെ ആലോചിച്ച ശേഷമേ ഇസ്രായേൽ കരയുദ്ധത്തിന് ഒരുമ്പെടൂ എന്നാണ് റിപ്പോർട്ടുകൾ.





Similar Posts