World
കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കണം, തീരുമാനത്തിൽ പശ്ചാത്താപമില്ല: ജസീന്ത ആർഡേൻ
World

കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കണം, തീരുമാനത്തിൽ പശ്ചാത്താപമില്ല: ജസീന്ത ആർഡേൻ

Web Desk
|
20 Jan 2023 12:04 PM GMT

തനിക്ക് പകരക്കാരനാകാൻ സാധ്യതയുള്ള ആരെയും പരസ്യമായി പിന്തുണയ്ക്കില്ലെന്ന് ജസീന്ത

വെല്ലിംഗ്ടൺ: പ്രധാനമന്ത്രി സ്ഥാനവും ലേബർപാർട്ടി നേതൃസ്ഥാനവും രാജിവെക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് ആവർത്തിച്ച് ജസീന്ത ആർഡേൺ. ഇതിൽ തനിക്ക് പശ്ചാത്താപമില്ലെന്നും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. രാജി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അവരുടെ പ്രതകിരണം.

''ഈ വർഷാവസാനം മകളെ സ്‌കൂളിൽ ചേർക്കണം, അവളോടൊപ്പമുണ്ടാകണം, നാളുകൾക്ക് ശേഷം ആദ്യമായി നന്നായി ഉറങ്ങി''- ജസീന്ത കൂട്ടിച്ചേർത്തു. ഒക്ടോബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ലേബർപാർട്ടി തിരിച്ചടി നേരിടുമെന്നാണ് ചില സർവേകൾ സൂചിപ്പിക്കുന്നത്. തനിക്ക് പകരക്കാരനാകാൻ സാധ്യതയുള്ള ആരെയും പരസ്യമായി പിന്തുണയ്ക്കില്ലെന്ന് ജസീന്ത വ്യക്തമാക്കി. നേതൃത്വത്തിലുള്ള സ്ത്രീകൾക്കും ഭാവിയിൽ നേതൃത്വം പരിഗണിക്കാനിരിക്കുന്ന പെൺകുട്ടികൾക്കും ഒരു കുടുംബമുണ്ടായിരിക്കാം. നിങ്ങൾ കുടുംബത്തോടൊപ്പം ചേർന്ന് നിൽക്കുമ്പോൾ തന്നെ നിങ്ങളുടേതായ ശൈലിയിൽ ചുമതലകൾ നിർവഹിക്കണമെന്നും ജസീന്ത ഉപദേശിച്ചു.

ഫെബ്രുവരി ഏഴിനാണ് ജസീന്ത സ്ഥാനമൊഴിയുന്നത്. പുതിയ നേതാവിനെയും പ്രധാനമന്ത്രിയെയും തെരഞ്ഞെടുക്കാനുള്ള നടപടികൾ ലേബർ പാർട്ടി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച തന്റെ പിൻഗാമിയെ തെരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജസീന്ത ആർഡെൻ പറഞ്ഞു. വിദ്യാഭ്യാസം, പൊലീസ് എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ക്രിസ് ഹിപ്കിൻസിനാണ് കൂടുതൽ സാധ്യതയുള്ളത്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ ജസീന്ത സ്വീകരിച്ച കർക്കശ നടപടികൾ അവരുടെ ജനപ്രീതി കുറയ്ക്കാൻ കാരണമായി. കർശന നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കേണ്ടതായിരുന്നുവെന്ന് പിന്നീട് ക്രിസ് ഹിപ്കിൻസ് വ്യക്തമാക്കിയിരുന്നു.

ജസീന്തയുടെ പിൻഗാമിയായി നീതിന്യായ മന്ത്രി കിരി അലനും നേതൃസ്ഥാനത്തേക്ക് കടന്നുവരാൻ സാധ്യതയുണ്ട്. വിജയിച്ചാൽ അവർ സ്വവർഗാനുരാഗിയും മാവോറി വംശജയുമായ ആദ്യത്തെ പ്രധാനമന്ത്രിയാകും. ഗതാഗത മന്ത്രി മൈക്കൽ വുഡിനും സാധ്യത കൽപ്പിക്കുന്നുണ്ട്. ജസീന്തയുടെ രാജിയുമായി ബന്ധപ്പെട്ട് ന്യൂസിലാന്റിൽ സമ്മിശ്ര പ്രതികരണമാണുള്ളത്. കോവിഡ് കാലത്ത് ജസീന്ത ആർഡേൻ സ്വീകരിച്ച നടപടി ഗുണം ചെയ്തിട്ടുണ്ടെന്ന് ഒരു വിഭാഗം അവകാശപ്പെടുമ്പോൾ അത്തരം വാദഗതികളെ തള്ളി മറ്റൊരു വിഭാഗവും ശക്തമായി രംഗത്തുണ്ട്. നിലവിൽ ന്യൂസിലാൻഡ് സമ്പദ് വ്യവസ്ഥ ഏറെ വെല്ലുവിളികൾ നേരിടുന്നുണ്ട്. ജീവിതച്ചെലവ് ഘണ്യമായി വർധിക്കുകയും കുറ്റകൃത്യങ്ങളുടെ കണക്ക് കുത്തനെ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ജസീന്ത ആർഡേൻ പടിയിറങ്ങുന്നത്.

Similar Posts