'തക്ക മറുപടിയുണ്ടാകും; 'ചാരബലൂൺ' വെടിവച്ചിട്ടതില്‍ യു.എസിന് ചൈനയുടെ മുന്നറിയിപ്പ്
|യു.എസ് പ്രതിരോധ വകുപ്പിന്റെ തന്ത്രപ്രധാന കേന്ദ്രമായ മൊണ്ടാനയിലെ ബില്ലിങ്‌സ് നഗരത്തിന് മുകളിൽ പ്രത്യക്ഷപ്പെട്ട പടുകൂറ്റൻ ബലൂണാണ് സൗത്ത് കരോലിന തീരത്തുവച്ച് വെടിവച്ചിട്ടത്
ബെയ്ജിങ്: ചൈനീസ് 'ചാരബലൂൺ' വെടിവച്ചിട്ട യു.എസ് നടപടിക്ക് മുന്നറിയിപ്പ്. സംഭവത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ചൈന തക്ക മറുപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകി. ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് സംഭവത്തിൽ പ്രതികരിച്ചത്.
കഴിഞ്ഞ ദിവസമാണ് യു.എസ് വ്യോമാതിർത്തിയിൽ ചാരവൃത്തിക്കെന്ന് സംശയിക്കപ്പെടുന്ന ബലൂൺ കണ്ടെത്തിയത്. തുടർന്ന് പ്രസിഡന്റ് ജോ ബൈഡന്റെ അനുമതിയോടെ സൈന്യം ബലൂൺ വെടിവച്ചിടുകയായിരുന്നു. സൗത്ത് കരോലിന തീരത്തുവച്ചാണ് നടപടി.
ആളില്ലാ സിവിലിയൻ ആകാശക്കപ്പൽ ആക്രമിച്ച യു.എസ് നടപടിയിൽ കടുത്ത അതൃപ്തിയും പ്രതിഷേധവും അറിയിക്കുന്നതായി ചൈന പ്രതികരിച്ചു. വ്യക്തമായ അമിതപ്രതികരണവും അന്താരാഷ്ട്ര നടപടിക്രമങ്ങളുടെ ലംഘനവുമാണ് നടപടി. തക്ക മറുപടി നല്‍കാന്‍ ചൈനയ്ക്ക് അവകാശമുണ്ട്. നടപടിക്ക് പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
യു.എസ് പ്രതിരോധ വകുപ്പിന്റെ തന്ത്രപ്രധാന കേന്ദ്രമായ മൊണ്ടാനയിലെ ബില്ലിങ്‌സ് നഗരത്തിന് മുകളിലായാണ് പടുകൂറ്റൻ ബലൂൺ പ്രത്യക്ഷപ്പെട്ടത്. കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ബലൂൺ ദിശതെറ്റി അമേരിക്കയുടെ വ്യോമപരിധിയിലെത്തിയതാണെന്നായിരുന്നു ചൈനയുടെ വിശദീകരണം. എന്നാൽ, ചാരപ്രവൃത്തിക്കായി അയച്ചതാണെന്നായിരുന്നു യു.എസ് ആരോപണം.
തുടർന്നാണ് ബലൂൺ തകർക്കാൻ സൈന്യം തീരുമാനിച്ചത്. മൂന്ന് വിമാനത്താവളങ്ങൾ അടച്ചായിരുന്നു ബലൂൺ വെടിവച്ചിട്ടത്. യുദ്ധവിമാനത്തിലെ മിസൈൽ ഉപയോഗിച്ചായിരുന്നു നടപടി. ബലൂൺ അറ്റ്‌ലാന്റിക് സമുദ്രത്തിൽ പതിച്ചു. ദൗത്യം വിജയകരമായി പൂർത്തിയാക്കിയെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ബലൂൺ അവശിഷ്ടങ്ങൾ വിശകലനത്തിനായി വിർജീനിയയിലെ എഫ്.ബി.ഐ ലാബിലെത്തിക്കും.
Summary: China warns of 'necessary response' as US shots down suspected spy balloon, spotted flying over North America