മുറ്റത്തു നിര്‍ത്തിയിട്ടിരുന്ന കാറില്‍ അണ്ണാന്‍ ശേഖരിച്ചത് 158 കിലോ വാല്‍നട്ട്; അന്തംവിട്ട് വാഹന ഉടമ
|നോര്‍ത്ത് ഡക്കോട്ട സ്വദേശിയായ ബില്‍ഫിഷറിന്‍റെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലാണ് അണ്ണാന്‍ വാല്‍നട്ടുകള്‍ കൊണ്ടുവച്ചത്
''സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാല്‍ ആപത്ത് കാലത്ത് കാ പത്ത് തിന്നാം'' കേട്ടിട്ടില്ലേ ഈ പഴമൊഴി. അമേരിക്കന്‍ സംസ്ഥാനമായ നോര്‍ത്ത് ഡക്കോട്ടയിലുള്ള ഒരു അണ്ണാനും ഇത്രയേ ചെയ്തുള്ളൂ. അണ്ണാന്‍കുഞ്ഞും തന്നാലായത് എന്നു പറഞ്ഞ പോലെ വരുംകാലങ്ങളിലേക്കായി തനിക്ക് 'ഇരുന്നുണ്ണാനായി' കുറച്ചു വാല്‍നട്ടുകള്‍ ശേഖരിച്ചുവെന്ന് മാത്രം. വീട്ടുടമ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലാണ് കക്ഷി വാല്‍നട്ടുകള്‍ ശേഖരിച്ചുവച്ചത്. ഏകദേശം 158 കിലോയോളം ഉണ്ടായിരുന്നു ഇവ.
നോര്‍ത്ത് ഡക്കോട്ട സ്വദേശിയായ ബില്‍ഫിഷറിന്‍റെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലാണ് അണ്ണാന്‍ വാല്‍നട്ടുകള്‍ കൊണ്ടുവച്ചത്. വെറും നാല് ദിവസമേ ആയിട്ടുള്ളൂ വാഹനം പാര്‍ക്ക് ചെയ്തിട്ട്. എഞ്ചിനിലും റേഡിയേറ്ററിലുമെല്ലാം വാല്‍നട്ടുകള്‍ നിറഞ്ഞിരുന്നു. ഏറെ പണിപ്പെട്ടാണ് ബില്‍ഫിഷര്‍ കാര്‍ വൃത്തിയാക്കിയത്. അഞ്ച് ബക്കറ്റുകള്‍ നിറയെ വാല്‍നട്ടുകള്‍ ഉണ്ടായിരുന്നതായി ബില്‍ഫിഷര്‍ പറയുന്നു. ''ഫെൻഡറുകൾ വലിച്ചിട്ട് വാൽനട്ട് മുഴുവൻ വൃത്തിയാക്കേണ്ടി വന്നു. എങ്കിലും പൂര്‍ണമായും വൃത്തിയാക്കാന്‍ സാധിച്ചിട്ടില്ല'' ബില്‍ഫിഷര്‍ ഗ്രാന്‍ഡ് ഫോര്‍ക്സ് ഹെറാള്‍ഡിനോട് പറഞ്ഞു.