ഒടുവില്‍ സിംഗപ്പൂരിൽനിന്ന് രാജി; ജനരോഷത്തിന് കീഴടങ്ങി ഗോതബയ
|മാലദ്വീപിൽനിന്ന് സിംഗപ്പൂരിൽ എത്തിയതിനു പിന്നാലെയാണ് ഗോതബയ പാർലമെന്റ് സ്പീക്കർക്ക് ഇ-മെയിൽ വഴി രാജിക്കത്ത് അയച്ചത്
സിംഗപ്പൂർ: ജനകീയ പ്രക്ഷോഭം കടുത്തതോടെ രാജ്യംവിട്ട ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രജപക്‌സെ ഒടുവിൽ രാജിവച്ചു. മാലദ്വീപിൽനിന്ന് സിംഗപ്പൂരിൽ എത്തിയതിനു പിന്നാലെയാണ് പാർലമെന്റ് സ്പീക്കർക്ക് ഇ-മെയിൽ വഴി രാജിക്കത്ത് അയച്ചത്. ഇക്കാര്യം സ്പീക്കർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, നിയമസാധുത പരിശോധിച്ച ശേഷമായിരിക്കും രാജിയിൽ നടപടി സ്വീകരിക്കുക.
സാമ്പത്തികത്തകർച്ചയ്ക്കു പിന്നാലെ കൊടുമ്പിരികൊണ്ട ജനകീയ പ്രക്ഷോഭത്തിനിടെ ബുധനാഴ്ചയാണ് സൈനിക വിമാനത്തിൽ ഗോതബയയും ഭാര്യയും മാലദ്വീപിലെത്തിയത്. രണ്ട് അംഗരക്ഷകരും കൂടെയുണ്ടായിരുന്നു. മാലദ്വീപിൽനിന്ന് ഇന്ന് വൈകീട്ട് നാലു മണിയോടെ സൗദി അറേബ്യയിലേക്കുള്ള വിമാനത്തിൽ സിംഗപ്പൂരിലേക്ക് കടക്കുകയായിരുന്നു.
ഗോതബയ രജപക്‌സെ രാജ്യത്തെത്തിയ വിവരം സിംഗപ്പൂർ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. സ്വകാര്യ സന്ദർശനത്തിനു വേണ്ടിയാണ് ശ്രീലങ്കൻ പ്രസിഡന്റ് രാജ്യത്തെത്തിയതെന്ന് അറിയിച്ച സിംഗപ്പൂർ വിദേശകാര്യ മന്ത്രാലയം അദ്ദേഹത്തിന് അഭയം നൽകുന്നതായുള്ള വാർത്തകൾ തള്ളിക്കളയുകയും ചെയ്തു. ഗോതബയ രാജ്യത്ത് അഭയം ആവശ്യപ്പെട്ടിട്ടില്ലെന്നും ഇത്തരത്തിലുള്ള ആവശ്യങ്ങൾ സാധാരണ സിംഗപ്പൂർ അംഗീകരിക്കാറില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
Summary: Sri Lanka President Gotabaya Rajapaksa sends resignation to Speaker via E-mail