'ഇനി ഞങ്ങൾക്ക് മുന്നിലുള്ള ഏക പോംവഴി ഇതുമാത്രമാണ്...'; ശ്രീലങ്കൻ പ്രസിഡന്റ്
|എങ്ങനെയെങ്കിലും പൊതുജനങ്ങൾക്ക് ആശ്വാസം നൽകുമെന്നും വിക്രമസിംഗെ
കൊളംബോ: അഭൂതപൂർവമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് ശ്രീലങ്ക. ജനജീവിതം ദുരിതത്തിലാക്കിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള ഏക പോംവഴി അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) പിന്തുണ തേടുക എന്നതുമാത്രമാണെന്ന് പ്രസിഡന്റ് റനിൽ വിക്രമസിംഗെ പറഞ്ഞു.പ്രസിഡന്റിന്റെ ഓഫീസിൽ ട്രേഡ് യൂണിയൻ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
'രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകർന്നുവെന്ന് ഞങ്ങൾക്ക് നന്നായി അറിയാം. അതിനാൽ രാജ്യം നേരിടുന്ന ബുദ്ധിമുട്ടുകൾ എനിക്കറിയാം. തൊഴിലവസരങ്ങളുടെ എണ്ണത്തിൽ വൻ ഇടിവാണ് സംഭവിച്ചത്. പണപ്പെരുപ്പം ജീവിതച്ചെലവ് വർധിപ്പിച്ചു. വിദ്യാഭ്യാസവും ആരോഗ്യവും ഉൾപ്പെടെ എല്ലാ മേഖലകളെയും ബാധിച്ചിരിക്കുന്ന സാമ്പത്തിക സ്ഥിതി കാരണം ശ്രീലങ്കക്കാർ ബുദ്ധിമുട്ടിലാണെന്നും പ്രസിഡന്റ് പറഞ്ഞു.
'ഈ സാമ്പത്തിക തകർച്ചയുടെ അനന്തരഫലങ്ങൾ ഇവയൊക്കെയാണ്. ഈ പ്രശ്നങ്ങളുടെ മൂലകാരണങ്ങളെക്കുറിച്ച് സംസാരിക്കുന്നത് കൊണ്ട് ഇനി പ്രയോജനകരമല്ല, ഞങ്ങളുടെ മുന്നിൽ ഇപ്പോൾ ഉള്ള ഏക പോംവഴി അന്താരാഷ്ട്ര നാണയ നിധിയുടെപിന്തുണ തേടുക എന്നതാണ്. അല്ലാതെ ഞങ്ങൾക്ക് രക്ഷപ്പെടാനാകില്ലെന്നും പ്രസിഡന്റ് പറഞ്ഞു. അന്താരാഷ്ട്ര നാണയ നിധിയുമായുള്ള ചർച്ചകൾ കൂടുതൽ വിജയകരമാക്കുന്നതിൽ സർക്കാർ വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ജപ്പാനുമായി ഞങ്ങൾ ഇതിനകം തന്നെ ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ട്. പൊതുമേഖല മാത്രമല്ല, സ്വകാര്യ മേഖലയും ശക്തിപ്പെടുത്തേണ്ടതുണ്ട്.' 2024ൽ മികച്ച സാമ്പത്തിക പുരോഗതി കൈവരിക്കാനാകുമെന്ന് ആത്മവിശ്വാസവും പ്രസിഡന്റ് പ്രകടിപ്പിച്ചു.
ഇന്ന് ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തനിക്ക് അറിയാമെന്നും എങ്ങനെയെങ്കിലും പൊതുജനങ്ങൾക്ക് ആശ്വാസം നൽകുമെന്നും പ്രസിഡന്റ് വിക്രമസിംഗെ പറഞ്ഞു. വെള്ളിയാഴ്ച നടന്ന യോഗത്തിൽ സർക്കാർ, അർധ സർക്കാർ, സ്വകാര്യ മേഖലയിലെ ട്രേഡ് യൂണിയൻ നേതാക്കളും പ്രതിനിധികളും പങ്കെടുത്തു.