World
ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്
World

ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്

Web Desk
|
7 May 2022 11:16 AM GMT

പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെയുടെ ആവശ്യത്തോട് അദ്ദേഹം അനുകൂലമായാണ് പ്രതികരിച്ചതെന്നാണ് വിവരം

കൊളംബോ: ശ്രീലങ്കയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടിയന്തരവാസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി മഹിന്ദ രജപക്‌സെ രാജിവെക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെയുടെ ആവശ്യത്തോട് അദ്ദേഹം അനുകൂല പ്രതികരണമാണ് നൽകിയതെന്നാണ് വിവരം.

പ്രസിഡന്റ് ഹൗസിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാൻ മഹിന്ദ രജപക്‌സെ സമ്മതിച്ചതായി കൊളംബോ പേജ് റിപ്പോർട്ട് ചെയ്തു. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് ഏക പരിഹാരം തന്റെ രാജിയാണെങ്കിൽ അതിന് താൻ തയ്യാറാണെന്ന് മഹിന്ദ രജപക്‌സെ വ്യക്തമാക്കിയിരുന്നു.

കൂടാതെ കാബിനറ്റ് മന്ത്രിമാരായ പ്രസന്ന രണതുംഗ, നലക ഗോദഹേവ, രമേഷ് പതിരണ എന്നിവരും രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാനുള്ള മഹിന്ദ രജപക്സെയുടെ തീരുമാനത്തോട് യോജിച്ചുവെന്ന് രാഷ്ട്രീയ വൃത്തങ്ങൾ അറിയിച്ചു. പ്രസിഡൻറിൻറേയും പ്രധാനമന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ഇന്നലെ രാജ്യവ്യാപക പണിമുടക്ക് സമരം നടത്തിയിരുന്നു. പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

സമരത്തിൻറെ ഭാഗമായി തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ റാലി നടത്തി. തൊഴിൽ ഇടങ്ങളിൽ പ്രതിഷേധ സൂചകമായി കറുത്ത പതാക ഉയർത്തി. പൊതു ഗതാഗത സർവീസുകളും തടസ്സപ്പെട്ടു. വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ പാർലമെന്റ് മാർച്ച് അക്രമാസക്തമായി.. സമരക്കാരെ പരിച്ചുവിടാൻ പൊലീസ് പല റൗണ്ട് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

അഞ്ചാഴ്ച്ചത്തെ ഇടവേളയിൽ ഇത് രണ്ടാം തവണയാണ് രാജ്യത്ത് അടിയന്തരാവസ്ഥ നിലവിൽ വരുന്നത്. ക്രമസമാധാന പാലനം ഉറപ്പാക്കാനാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.

Similar Posts