35,000 അടിയിൽ പറക്കാൻ തെറ്റായ നിർദേശം; ശ്രീലങ്കൻ പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വൻ വിമാനദുരന്തം
|വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവാക്കി നൂറുക്കണക്കിന് യാത്രക്കാരുടെ ജീവൻ രക്ഷിച്ച പൈലറ്റുമാരെ ശ്രീലങ്കൻ എയർലൈൻസ് അഭിനന്ദിച്ചു
കൊളംബോ: പൈലറ്റുമാരുടെ മനോധൈര്യത്തിൽ ഒഴിവായത് വിമാനങ്ങൾ തമ്മിലുള്ള വൻ കൂട്ടിയിടി. തിങ്കളാഴ്ച തുർക്കിക്ക് മുകളിലാണ് സംഭവം. ലണ്ടനിൽ നിന്ന് കൊളംബോയിലേക്കുള്ള യുഎൽ 504 ശ്രീലങ്കൻ എയർവേയ്‌സ് വിമാനവും ബ്രിട്ടീഷ് എയർവേയ്സ് വിമാനവും തമ്മിലുള്ള കൂട്ടിയിടിയാണ് പൈലറ്റുമാരുടെ സമയോജിതമായ ഇടപെടൽ മൂലം ഒഴിവായത്. വിമാനങ്ങൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കി നൂറുക്കണക്കിന് യാത്രക്കാരുടെ ജീവൻ രക്ഷിച്ച പൈലറ്റുമാരെ ശ്രീലങ്കൻ എയർലൈൻസ് അഭിനന്ദിക്കുകയും ചെയ്തു.
പൈലറ്റുമാരുടെ ജാഗ്രതയും വിമാനത്തിലെ അത്യാധുനിക ആശയവിനിമയ നിരീക്ഷണ സംവിധാനവും വിമാനങ്ങൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കി സുരക്ഷിതമായി യാത്രചെയ്യാൻ സഹായിച്ചതായി ദേശീയ വിമാനക്കമ്പനി പറഞ്ഞു. കൂടാതെ, UL 504 ലെ എല്ലാ യാത്രക്കാരുടെയും ജീവനക്കാരുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കിയ പൈലറ്റുമാരുടെ സമയോചിതമായ പ്രവർത്തനത്തെ ശ്രീലങ്കൻ എയർലൈൻസ് അഭിനന്ദിക്കുന്നു.' എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.
തുർക്കി വ്യോമാതിർത്തിയിലായിരിക്കെ ഏറ്റവും വലിയ ആകാശ കൂട്ടിയിടി ഒഴിവാക്കിയതായി ദേശീയ മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് എയർലൈൻ വിശദീകരണകുറിപ്പ് പുറത്ത് വിട്ടത്.
275 യാത്രക്കാരുമായി വിമാനം ഹീത്രൂവിൽ നിന്ന് കൊളംബോയിലേക്കുള്ള യാത്രാമധ്യേ തുർക്കി വ്യോമാതിർത്തിയിൽ പ്രവേശിച്ചിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഈ സമയത്ത് അവർ പറക്കുന്ന 33,000 അടിയിൽ നിന്ന് 35,000 അടിയിലേക്ക് പറക്കാനും പൈലറ്റുമാർക്ക് നിർദേശം ലഭിച്ചു. എന്നാൽ ആ സമയത്ത് പറഞ്ഞിരുന്നു.
250ലധികം ആളുകളുമായി 15 മൈൽ അകലെ 35,000 അടി ഉയരത്തിൽ ബ്രിട്ടീഷ് എയർവേയ്സ് വിമാനം പറക്കുന്നതായി പൈലറ്റുമാർ മനസിലാക്കി. ഈ വിവരം ഉടൻ തന്നെ പൈലറ്റുമാർ അങ്കാറയിലെ എയർ ട്രാഫിക് കൺട്രോളിനെ അറിയിക്കുയും ചെയ്തു.
എന്നാൽ അങ്കാറ എയർ ട്രാഫിക് കൺട്രോൾ അത് കാര്യമാക്കിയില്ല. അവരോട് നിര്‍ദേശിച്ചപോലെ പറക്കാൻ രണ്ടുതവണ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇത് ശ്രീലങ്കൻ പൈലറ്റുമാർ നിഷേധിക്കുകയായിരുന്നു. മിനിറ്റുകൾക്ക് ശേഷം എയർ ട്രാഫിക് അടിയന്തിരമായി പ്രതികരിക്കുകയായിരുന്നു. 35,000 അടി മുകളിൽ ബ്രിട്ടീഷ് എയർവേസ് വിമാനം ദുബായിലേക്ക് യാത്ര ചെയ്യുന്നതിനാൽ ശ്രീലങ്കൻ വിമാനം പറക്കരുതെന്നായിരുന്നു നിർദേശം.
എയർ ട്രാഫിക് കൺട്രോൾ ആവശ്യപ്പെട്ട പോലെ പൈലറ്റുമാർ പറന്നിരുന്നെങ്കിൽ ശ്രീലങ്കൻ എയർവേഴ്‌സ് ബ്രിട്ടീഷ് എയർവേയ്സ് വിമാനവുമായി കൂട്ടിയിടിക്കുമായിരുന്നെന്ന് ഡെയ്ലി മിറർ പത്രം റിപ്പോർട്ട് ചെയ്തു. ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ലാന്റ് ചെയ്ത ശേഷമാണ് സംഭവം പുറംലോകമറിയുന്നത്.