World
വടയ്ക്ക് 350, ഇഡലിക്ക് 125, കാപ്പിക്ക് 300; വിലക്കയറ്റത്തിൽ പൊറുതിമുട്ടി ലങ്ക
World

വടയ്ക്ക് 350, ഇഡലിക്ക് 125, കാപ്പിക്ക് 300; വിലക്കയറ്റത്തിൽ പൊറുതിമുട്ടി ലങ്ക

Web Desk
|
20 May 2022 1:04 PM GMT

"ഭക്ഷണമില്ലാതെ ഞങ്ങൾ മരിക്കാൻ പോകുന്നു. അതാണ് നൂറു ശതമാനവും സംഭവിക്കാൻ പോകുന്നത്"

കൊളംബോ: തൈരുവട 350, സാമ്പാർ വട 350, ഒനിയൻ റവ ദോശ 750, ഇഡലി രണ്ടെണ്ണം 350, ബട്ടർ നാൻ 200, ചില്ലി പനീർ ഗ്രേവി 1,100, കുപ്പി വെള്ളം 100, ഫിൽറ്റർ കോഫി 300... വില കേട്ട് ഞെട്ടേണ്ട. സാമ്പത്തിക പ്രതിസന്ധി മൂലം വലയുന്ന ശ്രീലങ്കയിലെ ഹോട്ടലുകളിലൊന്നിലെ ഭക്ഷ്യവസ്തുക്കളുടെ വിലയാണിത്. ഇതുമായി ബന്ധപ്പെട്ട് കൊളംബോ രാമകൃഷ്ണ റോഡിലെ ശംഖുമുഖാസ് റെസ്റ്ററന്റിലെ ബിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഏപ്രിൽ 22ലെ ബില്ലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

രാജ്യം കടുത്ത ഭക്ഷ്യപ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എല്ലാ തരത്തിലുള്ള രാസവളങ്ങളും നിരോധിച്ച പ്രസിഡണ്ട് ഗോടബയ രജപക്‌സെയുടെ തീരുമാനമാണ് കടുത്ത ഭക്ഷ്യക്ഷാമത്തിന് വഴിവച്ചത്. തീരുമാനം പിൻവലിച്ചെങ്കിലും രാജ്യത്തേക്ക് വേണ്ടത്ര ഇറക്കുമതിയുണ്ടായിട്ടില്ല. അടുത്ത നടീൽ സീസൺ മുതൽ രാസവളത്തിന്റെ ലഭ്യത ഉറപ്പുവരുത്താനാണ് സർക്കാറിന്റെ നീക്കം.


'ഞങ്ങൾ മരിക്കാൻ പോകുന്നു'

'അടുത്ത രണ്ടു മാസത്തിനിടെ കാര്യങ്ങൾ എങ്ങനെ പോകുമെന്ന് പ്രവചിക്കാനാകില്ല. ഈ നിരക്കു തുടർന്നാൽ ഞങ്ങൾ ഇവിടെയുണ്ടാകില്ല.' - വിലവർധനയെ കുറിച്ച് കൊളംബോയിലെ പച്ചക്കറി വ്യാപാരി എപിഡി സുമനാവതി റോയിട്ടേഴ്‌സിനോട് പറഞ്ഞു.

'200 സിലിണ്ടറുകൾ മാത്രമാണ് വിതരണം ചെയ്തത്. അഞ്ഞൂറോളം പേർ വരിയിലുണ്ടായിരുന്നു. ഗ്യാസില്ലാതെ, മണ്ണെണ്ണയില്ലാതെ, ഞങ്ങൾക്കൊന്നും ചെയ്യാനാകില്ല. എന്താണ് അവസാനത്തെ വഴി. ഭക്ഷണമില്ലാതെ ഞങ്ങൾ മരിക്കാൻ പോകുന്നു. അതാണ് നൂറു ശതമാനവും സംഭവിക്കാൻ പോകുന്നത്' - കൊളംബോയിലെ പാർട് ടൈം ടാക്‌സി ഡ്രൈവറായ മുഹമ്മദ് ഷാസ്‌ലി പറയുന്നത് ഇങ്ങനെയാണ്. സുമനാവതിയുടെയും ഷാസ്‌ലിയുടെയും വാക്കുകൾ മതി ലങ്ക അനുഭവിക്കുന്ന പ്രതിസന്ധിയുടെ ആഴം തിരിച്ചറിയാൻ.

പിടിച്ചാൽ കിട്ടാതെ പണപ്പെരുപ്പം

ഏപ്രിലിൽ 29.8 ശതമാനമാണ് രാജ്യത്തെ പണപ്പെരുപ്പം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6.6 ശതമാനമാണ് ഭക്ഷ്യവസ്തുക്കളിലെ വിലക്കയറ്റം. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ നാൽപ്പത് ശതമാനം വരെ പണപ്പെരുപ്പം വർധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്. ഡോളർ ക്ഷാമം മൂലം അന്താരാഷ്ട്ര വിപണിയിൽനിന്ന് ഒന്നും വാങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ലങ്കയുള്ളത്.

രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ബുധനാഴ്ച വിദേശകടത്തിന്റെ തിരിച്ചടവും മുടങ്ങി. രണ്ട് വിദേശകടങ്ങളുടെ പലിശയിനത്തിൽ 7.08 കോടി ഡോളർ തിരിച്ചടയ്ക്കാനുള്ള അവസാന ദിവസം ബുധനാഴ്ചയായിരുന്നു. തിരിച്ചടവ് മുടങ്ങിയത് സാങ്കേതികം മാത്രമാണ് എന്നാണ് ലങ്കൻ സെൻട്രൽ ബാങ്കിന്റെ വിശദീകരണം. വായ്പാ തിരിച്ചടവു മുടങ്ങിയത് പുതിയ വായ്പകൾ ലഭ്യമാക്കാനുള്ള സർക്കാർ നീക്കങ്ങൾക്ക് തിരിച്ചടിയാകും.

രാജ്യം അരക്ഷിതാവസ്ഥയിലായതോടെ സർക്കാറിനെതിരെയുള്ള കടുത്ത ജനരോഷം തുടരുകയാണ്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പലയിടത്തും ജലപീരങ്കിയും കണ്ണീർവാതകവും പൊലീസിന് പ്രയോഗിക്കേണ്ടി വരുന്ന സാഹചര്യമാണ്. പ്രസിഡണ്ടും പ്രധാനമന്ത്രിയും രാജിവയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Similar Posts