World
ക്യൂ നിന്ന് ഈ യുവാവ് സമ്പാദിക്കുന്നത് പ്രതിദിനം 16,000 രൂപ
World

ക്യൂ നിന്ന് ഈ യുവാവ് സമ്പാദിക്കുന്നത് പ്രതിദിനം 16,000 രൂപ

Web Desk
|
18 Jan 2022 5:12 AM GMT

വരി നില്‍ക്കാന്‍ മടിയുള്ള ധനികരായ ആളുകള്‍ക്ക് വേണ്ടി ക്യൂ നില്‍ക്കാനായി ഫ്രെഡി ബെക്കിറ്റ് ഒരു മണിക്കൂര്‍ ഈടാക്കുന്നത് 20 പൗണ്ട് വരെയാണ്

ആശുപത്രിയിലായാലും തിയറ്ററിലായാലും ക്യൂ നില്‍ക്കാന്‍ മടി കാണിക്കുന്നവരാണ് പലരും. മണിക്കൂറുകളോളം ക്യൂ നിന്ന് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനെക്കാള്‍ ചിലര്‍ക്ക് താല്‍പര്യം തിക്കിത്തിരക്കി കാര്യം സാധിക്കാനാണ് ഇഷ്ടം. എന്നാല്‍ ക്യൂ നിന്നാല്‍ കാശ് കിട്ടിയാലോ? നോട്ടുനിരോധന സമയത്ത് നോട്ടു മാറിക്കിട്ടാന്‍ വരി നിന്ന പോലെയല്ല കേട്ടോ..സമയം തീരെയില്ലാത്ത സമ്പന്നര്‍ക്കു വേണ്ടി ക്യൂ നിന്ന് പതിനായിരങ്ങള്‍ സമ്പാദിക്കുകയാണ് ലണ്ടനില്‍ നിന്നുള്ള ഈ യുവാവ്.

വരി നില്‍ക്കാന്‍ മടിയുള്ള ധനികരായ ആളുകള്‍ക്ക് വേണ്ടി ക്യൂ നില്‍ക്കാനായി ഫ്രെഡി ബെക്കിറ്റ് ഒരു മണിക്കൂര്‍ ഈടാക്കുന്നത് 20 പൗണ്ട് വരെയാണ്. അങ്ങനെ പ്രതിദിനം 160 പൗണ്ട് വരെ ഫ്രഡി സമ്പാദിക്കുന്നുണ്ട്. കേള്‍ക്കുമ്പോള്‍ വളരെ എളുപ്പമെന്നു തോന്നുമെങ്കിലും ക്യൂ നില്‍ക്കല്‍ അത്ര സുഖകരമായ പണിയല്ലെന്നാണ് ഫ്രഡി പറയുന്നത്. താൻ ഒരു ലണ്ടൻ സ്വദേശിയായതിനാൽ ക്യൂവിൽ നിൽക്കുന്നത് സ്വാഭാവികമാണെന്നും ഫ്രഡി കൂട്ടിച്ചേര്‍ത്തു. എട്ടു മണിക്കൂറിലേറെ ചെലവഴിക്കുന്ന തന്‍റെ ജോലിക്ക് അസാധാരണമായ ക്ഷമ ആവശ്യമാണെന്നും ഈ 31കാരന്‍ പറയുന്നു.

അപ്പോളോ തിയറ്ററില്‍ നടക്കുന്ന ഷോകള്‍, മറ്റു പല ജനപ്രിയ പരിപാടികള്‍ എന്നിവയ്ക്കുള്ള ടിക്കറ്റുകള്‍ക്കു വേണ്ടി പണമുണ്ടെങ്കിലും ക്യൂ നില്‍ക്കാന്‍ മടി കാണിക്കുന്ന സമ്പന്നര്‍ക്കായി വരി നില്‍ക്കുന്നത് താന്‍ ആസ്വദിക്കാറുണ്ടെന്ന് ഫ്രഡി വ്യക്തമാക്കുന്നു. ''അറുപതുകളുടെ മധ്യത്തിലുള്ള നല്ലവരായ ചില ആളുകൾക്കായി V&A യുടെ ക്രിസ്റ്റ്യൻ ഡിയർ എക്‌സിബിഷനുവേണ്ടി ക്യൂവിൽ ജോലിക്കായി ഞാൻ എട്ട് മണിക്കൂർ ജോലി ചെയ്തു'' ഫ്രഡി ദി സണ്‍ നോടു പറഞ്ഞു. ക്യൂ നിന്നത് മൂന്നു മണിക്കൂറായിരുന്നുവെങ്കിലും ഫ്രഡിയോട് വരി നില്‍ക്കാന്‍ സമീപിച്ചവര്‍ അവര്‍ക്കു വേണ്ടി കാത്തിരിക്കാനും കൂടി ആവശ്യപ്പെട്ടതാണ് എട്ട് മണിക്കൂറാകാന്‍ കാരണം.

ശൈത്യകാലത്ത് കടുത്ത് തണുപ്പ് വകവയ്ക്കാതെ ഫ്രഡി ക്യൂവില്‍ നിന്നിട്ടുണ്ട്. വേനൽക്കാലത്ത്, ലണ്ടനിൽ വലിയ പരിപാടികളും പ്രദർശനങ്ങളും നടക്കുമ്പോൾ ഫ്രഡിക്ക് തിരക്കേറും. തന്‍റെ സേവനങ്ങളെക്കുറിച്ച് ടാസ്ക്രാബിറ്റ് പോലുള്ള ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഫ്രഡി പരസ്യം ചെയ്തിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കല്‍, പാക്കിംഗ്, ജോലികൾ, പൂന്തോട്ടപരിപാലനം തുടങ്ങിയ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. തന്‍റെ ജോലിക്ക് പ്രത്യേക വൈദഗ്ധ്യം ആവശ്യമില്ലാത്തതിനാൽ തനിക്ക് 20 പൗണ്ടിൽ കൂടുതൽ ഈടാക്കാനാകില്ലെന്നും ബെക്കിറ്റ് കൂട്ടിച്ചേർത്തു. കൂടാതെ, ക്യൂ അധികനേരം നീണ്ടുനിൽക്കാത്തതിനാൽ അദ്ദേഹത്തിന് ഇത് മുഴുവൻ സമയം ജോലിയായി സ്വീകരിക്കാനാകില്ല.

Similar Posts