ബഹിരാകാശ നിലയവുമായി സ്റ്റാർ ലൈനർ പേടകത്തെ ബന്ധിപ്പിച്ചു
|നേരത്തെ നിശ്ചയിച്ചതിൽ ഒന്നരമണിക്കൂർ വൈകിയാണ് ഡോക്കിങ് പൂർത്തിയാക്കിയത്.
കാലിഫോർണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി സ്റ്റാർ ലൈനർ പേടകത്തെ ബന്ധിപ്പിച്ചു. നേരത്തെ നിശ്ചയിച്ചതിൽ ഒന്നരമണിക്കൂർ വൈകിയാണ് ഡോക്കിങ് പൂർത്തിയാക്കിയത്. പേടകത്തിന്റെ ആർ.സി.എസ് ത്രസ്റ്ററുകളിൽ രണ്ടെണ്ണം പ്രവർത്തനരഹിതമായതിനെ തുടർന്ന് സ്റ്റാർ ലൈനർ പേടകത്തെ ബന്ധിപ്പിക്കാനുള്ള ശ്രമം വൈകിയിരുന്നു. ബഹിരാകാശ നിലയത്തിന് അടുത്ത് നിലയുറപ്പിക്കാൻ പേടകത്തിലേക്ക് നാസ നിർദ്ദേശം നൽകിയിരുന്നു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര തുടരുന്നതിനിടെ ബോയിങിന്റെ സ്റ്റാർ ലൈനർ പേടകത്തിൽ ഹീലിയം ചോർച്ച കണ്ടെത്തിയിരുന്നു. യാത്രാപേടകം സുരക്ഷിതമാണെന്ന് അറിയിച്ചു. രാത്രി ഒമ്പതരയ്ക്ക് ശേഷമാകും പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുക എന്നാണ് അറിയിച്ചിരുന്നത്.
വിക്ഷേപണത്തിന് മുമ്പ് തന്നെ തിരിച്ചറിയുകയും സുരക്ഷ പ്രശ്നമില്ലെന്ന് വിലയിരുത്തുകയും ചെയ്ത ഒരു ചോർച്ചയ്ക്ക് പുറമേ രണ്ടിടത്ത് കൂടിയാണ് പുതിയ ചോർച്ച കണ്ടെത്തിയത്. രണ്ട് ഹീലിയം വാൾവുകൾ അടച്ച് പ്രശ്നം തൽക്കാലം പരിഹരിച്ചെന്ന് നാസ വ്യക്തമാക്കി. ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസും, ബുഷ് വിൽമോറുമാണ് യാത്രികർ.