യുക്രൈനിലെ റഷ്യന്‍ ആക്രമണം; നാറ്റോ അടിയന്തര ഉച്ചകോടി ബ്രസൽസിൽ ചേർന്നു
|അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തിൽ പങ്കെടുത്തു
യുക്രൈനിലെ റഷ്യൻ ആക്രമണം ചര്‍ച്ച ചെയ്യുന്നതിനുള്ള നാറ്റോ അടിയന്തര ഉച്ചകോടി ബ്രസൽസിൽ ചേർന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തിൽ പങ്കെടുത്തു. കൂടുതൽ സൈനിക സഹായം യുക്രൈന് നൽകാനാണ് നാറ്റോ സഖ്യ രാജ്യങ്ങളുടെ തീരുമാനം. നാറ്റോ സഖ്യ രാജ്യങ്ങളുടെ കിഴക്കൻ പ്രദേശത്ത് പ്രതിരോധം ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി. കിഴക്കൻ മേഖലയിൽ 40,000 സൈനികരെ നിയോഗിക്കുമെന്നും അടിയന്തര ഉച്ചക്കോടിക്ക് ശേഷം നാറ്റോ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
റഷ്യക്കെതിരായ ഉപരോധം യു.എസും സഖ്യ കക്ഷികളും കടുപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതിനിടെ യുക്രൈനിൽ റഷ്യ അതീവ വിനാശകരമായ ഫോസ്ഫറസ് ബോംബുകൾ പ്രയോഗിച്ചതായി പ്രസിഡന്റ് വ്ലാദിമർ സെലൻസ്കി ആരോപിച്ചു. ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായും സെലൻസ്കി നാറ്റോ സഖ്യത്തെ അറിയിച്ചു. നാറ്റോയിൽ നിന്നും കൂടുതൽ സഹായം യുക്രൈന് ആവശ്യമുണ്ടെന്നും സെലൻസ്കി പറഞ്ഞു. യുക്രൈനിൽ നിന്ന് പലായനം ചെയ്യുന്ന ഒരു ലക്ഷം അഭയാർഥികളെ സ്വാഗതം ചെയ്യുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു.