World
സുമിയിൽ കുടുങ്ങിയ വിദ്യാർഥികളെ തിരിച്ചെത്തിക്കാനുള്ള രക്ഷാപ്രവർത്തനം വൈകുന്നു; കാത്തിരിക്കേണ്ടി വരുമെന്ന് ഇന്ത്യൻ എംബസി
World

സുമിയിൽ കുടുങ്ങിയ വിദ്യാർഥികളെ തിരിച്ചെത്തിക്കാനുള്ള രക്ഷാപ്രവർത്തനം വൈകുന്നു; കാത്തിരിക്കേണ്ടി വരുമെന്ന് ഇന്ത്യൻ എംബസി

Web Desk
|
6 March 2022 1:06 AM GMT

പെസോചിനിൽ നിന്ന് മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിച്ചു

സുമിയിലെ രക്ഷദൗത്യം വൈകുമെന്ന് യുക്രൈനിലെ ഇന്ത്യൻ എംബസി. പടിഞ്ഞാറൻ മേഖലയിലൂടെയുളള അതിർത്തി കടക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരും. യുക്രൈൻ സർക്കാരുമായും പൗരൻമാരുമായും സഹകരിക്കണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. സുമി നഗരത്തിൽ നിരവധി വിദ്യാർഥികളാണ് കുടുങ്ങിക്കിടക്കുന്നത്. വ്യോമാക്രമണത്തിൽ സുമി നഗരത്തിലെ ഹോസ്റ്റലുകളിലെ ഹീറ്റിങ് സംവിധാനം തകർന്നതായും ഭക്ഷണവും വെള്ളവും വൈദ്യുതിയും മൊബൈൽ നെറ്റ് വർക്കും നിലച്ചതായും വിദ്യാർഥികൾ പറയുന്നുണ്ട്.

യുക്രൈനിലെ മറ്റ് നഗരങ്ങളും സുമിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ഇനിയിവിടെ നിൽക്കാൻ പറ്റില്ലെന്ന നിലപാടിലായിരുന്നു വിദ്യാർഥികൾ. സ്വന്തം നിലക്ക് പുറത്തിറങ്ങുമെന്ന് ചിലവിദ്യാർഥികൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. റിസ്‌ക് എടുക്കരുതെന്നു വിദേശ കാര്യമന്ത്രാലയം ഓർമിപ്പിച്ചു.

അതേസമയം, എല്ലാ ഇന്ത്യക്കാരും ഖാർകീവ് വിട്ടൊഴിഞ്ഞു. ഇനി രക്ഷാപ്രവർത്തനത്തിന്റെ ഊന്നൽ സുമിയിലാണുണ്ടാകുക. അവിടെ ഉടൻ വെടിനിർത്തലുണ്ടാകുമെന്ന് പ്രതീക്ഷ. അതുവരെ സുമിയിലെ ഷെൽട്ടറുകളിൽ വിദ്യാർത്ഥികൾ തുടരണമെന്നാണ് വിദേശ കാര്യമന്ത്രാലയം നിർദേശിച്ചിരിക്കുന്നത്. സുമിയിലെ ഒഴികെ മറ്റു നഗരങ്ങളിലെ വിദ്യാർഥികളെല്ലാം ഏറെക്കുറെ രക്ഷപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് സുമിയിലെ വിദ്യാർഥികളുടെ ആശങ്ക വർധിച്ചത്. യുദ്ധം തുടങ്ങിയത് മുതൽ ബങ്കറുകളിൽ നടക്കുന്ന സുമിയിലെ വിദ്യാർഥികൾ ഏറെ ദുരിതത്തിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തെരുവ് യുദ്ധത്തിന് സമാനമായ ഏറ്റുമുട്ടൽ നടക്കുന്നതിനാൽ പുറത്തിറങ്ങി ഭക്ഷണമോ വെള്ളമോ വാങ്ങാൻ പറ്റാത്ത സാഹചര്യമാണ്. സൂപ്പർ മാർക്കറ്റുകളിൽ ഭക്ഷ്യവസ്തുക്കളെല്ലാം തീർന്നിരിക്കുകയാണ്. കുടിവെള്ളം തീർന്നതിനാൽ മഞ്ഞ് ഉരുക്കിയെടുത്താണ് വിദ്യാർഥികൾ വെള്ളമായി ഉപയോഗിക്കുന്നത്.

അതിനിടെ, പെസോച്ചിനിൽ നിന്ന് മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിച്ചതായി യുക്രൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ന് പതിമൂന്ന് വിമാനങ്ങൾ തിരിച്ചെത്തു.പ്രധാനമന്ത്രി രക്ഷാ ദൗത്യ പുരോഗതി വിലയിരുത്തി.


Similar Posts