വിമാനം മോഷ്ടിച്ച് പറന്നു, വാള്‍മാര്‍ട്ട് സ്റ്റോറില്‍ ഇടിപ്പിക്കുമെന്ന് ഭീഷണി; ക്ലൈമാക്സ് ഇങ്ങനെ...
|അഞ്ച് മണിക്കൂറിലധികം വിമാനം പറത്തി യുവാവ് അധികൃതരെ മുള്‍മുനയില്‍ നിര്‍ത്തി
വിമാനത്താവളത്തില്‍ നിന്ന് ചെറുവിമാനം മോഷ്ടിച്ച് പറന്ന പൈലറ്റ് ഭീഷണി മുഴക്കി. വാൾമാർട്ടിന്റെ സ്റ്റോറില്‍ ഇടിച്ചിറക്കും എന്നായിരുന്നു ഭീഷണി. അമേരിക്കയിലെ വടക്കുകിഴക്കൻ മിസിസിപ്പിയിലെ നഗരമായ ടുപെലോയിലാണ് സംഭവം നടന്നത്.
ബീച്ച്‌ക്രാഫ്റ്റ് കിങ് എയർ 90 എന്ന ചെറുവിമാനമാണ് ടുപെലോ വിമാനത്തവളത്തില്‍ നിന്ന് യുവാവ് മോഷ്ടിച്ചത്. അഞ്ച് മണിക്കൂറിലധികം ഈ വിമാനം പറത്തി പൈലറ്റ് അധികൃതരെ മുള്‍മുനയില്‍ നിര്‍ത്തി. പൈലറ്റിന്‍റെ ഈ പറക്കലിനെ "അപകടകരമായ സാഹചര്യം" എന്നാണ് പൊലീസ് വിശേഷിപ്പിച്ചത്. വിമാനം സുരക്ഷിതമായി താഴെയിറക്കുന്നതുവരെ പുറത്തിറങ്ങരുതെന്ന് ടുപെലോ പൊലീസ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ആംബുലന്‍സും ഫയര്‍ഫോഴ്സുമെല്ലാം പ്രവര്‍ത്തനസജ്ജമാക്കി നിര്‍ത്തി.
ഒടുവില്‍ പൈലറ്റ് സുരക്ഷിതമായി വിമാനം ലാന്‍ഡ് ചെയ്തു. പൈലറ്റിനെ ഉടന്‍ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ആരാണ്, ലക്ഷ്യമെന്ത് തുടങ്ങിയ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പൊലീസ് പൈലറ്റിനെ ചോദ്യംചെയ്യുകയാണ്. ടുപെലോ വിമാനത്താവളത്തിലെ ജീവനക്കാരനാണ് വിമാനം മോഷ്ടിച്ച് പറത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രശ്നം പരിഹരിച്ചെന്നും ആര്‍ക്കും അപായമുണ്ടായിട്ടില്ലെന്നും ഗവർണർ റീവ്സ് ട്വിറ്ററിൽ അറിയിച്ചു- "ആർക്കും പരിക്കില്ല. അങ്ങേയറ്റത്തെ പ്രൊഫഷണലിസത്തോടെ ഈ സാഹചര്യം കൈകാര്യം ചെയ്ത പ്രാദേശിക, സംസ്ഥാന, ഫെഡറൽ നിയമപാലകർക്ക് നന്ദി" എന്നാണ് റീവ്സിന്‍റെ ട്വീറ്റ്.