'എരിതീയിൽ എണ്ണ ഒഴിക്കരുത്': യുക്രൈൻ വിഷയത്തിൽ 'ചില' രാജ്യങ്ങളോട് ചൈന
|ഇന്നലെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അപ്രതീക്ഷിതമായി യുക്രൈൻ സന്ദർശിച്ചിരുന്നു
ബെയ്ജിങ്: റഷ്യ-യുക്രൈൻ വിഷയത്തിൽ ചില രാജ്യങ്ങളെടുക്കുന്ന സമീപനത്തിൽ ആശങ്കയെന്ന് ചൈന. കൈവിട്ട് പോകാവുന്ന കാര്യമാണ് യുക്രൈൻ പ്രതിസന്ധിയെന്നും എരി തീയിൽ എണ്ണ ഒഴിക്കാതിരിക്കാൻ ചില രാജ്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാങ് ചൊവ്വാഴ്ച പറഞ്ഞു.
ഇന്നലെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അപ്രതീക്ഷിതമായി യുക്രൈൻ സന്ദർശിച്ച് യുദ്ധത്തിൽ പിന്തുണയറിയിച്ചതിന് പിന്നാലെയാണ് ക്വിന്നിന്റെ പരാമർശം എന്നതാണ് ശ്രദ്ധേയമായ കാര്യം. അതുകൊണ്ട് തന്നെ ഒരു രാജ്യത്തിന്റെയും പേര് പ്രത്യേകമെടുത്ത് പറഞ്ഞില്ലെങ്കിലും നിലവിലെ സാഹചര്യത്തിൽ യുഎസിനെ ഉദ്ദേശിച്ചാണ് ചൈനയുടെ പരാമർശമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
യുക്രൈനിൽ റഷ്യ ആക്രമണം തുടങ്ങിയത് മുതൽ റഷ്യൻ അനുകൂല നിലപാടാണ് ചൈന സ്വീകരിക്കുന്നത്. യുക്രൈനിലേത് കടന്നു കയറ്റമല്ലെന്നും പ്രത്യേക സൈനിക പദ്ധതിയാണെന്നുമുള്ള റഷ്യയുടെ വാദത്തിന് പൂർണ പിന്തുണയും ചൈന പലപ്പോഴായി പ്രകടിപ്പിച്ചിട്ടുണ്ട്. യുക്രൈൻ വിഷയത്തിൽ റഷ്യക്ക് സൈന്യത്തിന്റെ സഹായം നൽകുന്നത് കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് യുഎസ് ചൈനയ്ക്ക് മുന്നറിയിപ്പും നൽകിയിരുന്നു.
ഫെബ്രുവരി 24ന് യുക്രൈനിൽ റഷ്യ കടന്നാക്രമണം തുടങ്ങിയിട്ട് ഒരു വർഷം പൂർത്തിയാകാനിരിക്കേയാണ് ബൈഡന്റെ അപ്രതീക്ഷിത സന്ദർശനവും ചൈനീസ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയുമെല്ലാം എന്നത് ശ്രദ്ധേയമാണ്. അമേരിക്കയുടെ സഖ്യകക്ഷികളായ ചില യൂറോപ്യൻ രാജ്യങ്ങളുടെ നേതൃത്വത്തിൽ യുദ്ധം അവസാനിപ്പിക്കാൻ നീക്കങ്ങൾ നടക്കുന്നതായി സൂചനയുണ്ട്. റഷ്യയുമായി അടുപ്പം പുലർത്തുന്ന യുക്രൈനിലുള്ള ചില പ്രദേശങ്ങൾ റഷ്യയ്ക്ക് വിട്ടു കൊടുത്തുകൊണ്ട് യുദ്ധം അവസാനിപ്പിക്കണം എന്നാണ് യുക്രൈന് മേലുള്ള പ്രധാന നിർദേശം.