World
ഈ വംശഹത്യ അവസാനിപ്പിക്കൂ; മൃതദേഹങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഗസ്സയിലെ ഡോക്ടര്‍
World

''ഈ വംശഹത്യ അവസാനിപ്പിക്കൂ''; മൃതദേഹങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഗസ്സയിലെ ഡോക്ടര്‍

Web Desk
|
18 Oct 2023 4:02 AM GMT

''ആശുപത്രി ഒരു സുരക്ഷിത ഇടമാണ് എന്നാണ് ഞങ്ങള്‍ കരുതിയത്, എന്നാല്‍ ഇപ്പോള്‍ അതങ്ങനെയല്ല''

ഗസ്സ സിറ്റി: ഗസ്സയിലെ ആശുപത്രി ബോംബിട്ട് തകര്‍ത്ത് ഇസ്രായേല്‍ നടത്തിയ കൊടുംക്രൂരതയില്‍ കുഞ്ഞുങ്ങളടക്കം അഞ്ഞൂറിലേറെ പേരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഗസ്സ സിറ്റിയിലെ അൽ അഹ്​ലി അറബ്​ ആശുപത്രിക്കു നേരെയാണ്​ ഇസ്രായേൽ വ്യോമസേനയുടെ മുന്നറിയിപ്പില്ലാതെയുള്ള ആക്രമണം നടന്നത്. ആയിരങ്ങളെ​ ചികിൽസക്കായി കിടത്തിയ ആശുപത്രിയിൽ ബാക്കിയായത്​ ​ മൃതദേഹങ്ങളുടെ നീണ്ടനിരയാണ്.

അല്‍ അഹ്‍ലി ആശുപത്രിയില്‍ നടന്നത് വംശഹത്യയാണെന്നാണ് ആരോഗ്യപ്രവര്‍ത്തകരും ഡോക്ടര്‍മാരും പറയുന്നത്. ആശുപത്രി പരിസരത്ത് കൂട്ടിയിട്ട മൃതദേഹങ്ങള്‍ക്കടുത്ത് നിന്ന് ഇസ്രായേല്‍ ആക്രമണത്തിന്‍റെ ഭീകരതയെ കുറിച്ച് വിവരിക്കുന്നൊരു ഡോക്ടറുടെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

''ഉറപ്പായും ഇതൊരു വംശഹത്യയാണ്. എനിക്ക് പിറകിൽ നിരന്ന് കിടക്കുന്ന മൃതദേഹങ്ങൾ നിങ്ങൾ കാണുന്നില്ലേ. സുരക്ഷക്കായി അവർ കണ്ടെത്തിയ ഇടമാണീ ആശുപത്രി. ഗസ്സയിലെ ഏക ക്രിസ്റ്റ്യൻ ആശുപത്രിയാണിത്. അവിടെയാണീ നിഷ്ഠൂരമായ ആക്രമണം നടന്നത്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം നിങ്ങൾക്കറിയില്ലേ. അതാണിവിടെ ലംഘിക്കപ്പെട്ടത്. ആശുപത്രി ഒരു സുരക്ഷിത ഇടമാണ്. എന്റെ ഒരയൽവാസി മരണപ്പെട്ട് കിടക്കുന്നുണ്ടിവിടെ. അദ്ദേഹത്തിന്റെ വീട് ഇസ്രായേൽ തകർത്തു തരിപ്പണമാക്കി. പരിക്കേറ്റ ശേഷം ഈ ആശുപത്രിയായിരുന്നു അദ്ദേഹത്തിന് അഭയം. എന്നാൽ ഇപ്പോളിതാ മൃതദേഹമായി കിടക്കുന്നു. ഇനി ഒരു ആശുപത്രിയിലും ഇങ്ങനെ സംഭവിക്കരുത്. വളരെ കുറച്ച് ആശുപത്രികൾ മാത്രമേ ഇവിടെ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളൂ. ഞങ്ങളിപ്പോൾ ഒരിടത്തും സുരക്ഷിതരല്ല. ദയവ് ചെയ്ത് ഈ വംശഹത്യ അവസാനിപ്പിക്കൂ.''- ഡോക്ടര്‍ വീഡിയോയില്‍ പറയുന്നു.

അല്‍ അഹ്‍ലി ആശുപത്രിയിലെ കൂട്ടക്കുരുതിയിൽ പ്രതിഷേധം വ്യാപകമാണ്. അടിയന്തര രക്ഷാസമിതി യോഗം വിളിച്ചുചേർക്കണമെന്ന്​ റഷ്യയും യു.എ.ഇയും ആവശ്യപ്പെട്ടു. ഇന്ന്​ നടക്കേണ്ട ബൈഡനുമായുള്ള കൂടിക്കാഴ്ച ഉപേക്ഷിച്ച്​ ഫലസ്​തീൻ പ്രസിഡൻറ്മഹ്​മൂദ്​ അബ്ബാസ്​ജോർദാനിൽ നിന്ന് മടങ്ങി.

നിരവധി ആരോഗ്യ പ്രവർത്തകരും സുരക്ഷ തേടി ആശുപത്രിയിലെത്തിയവരും മരിച്ചവരിൽ ഉൾപ്പെടും. മരണമടഞ്ഞവരിൽ സ്​ത്രീകളും കുട്ടികളും നിരവധി. മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ പോലും വയ്യാത്ത നിലയിലാണ്. ഗസ്സ ആക്രമണത്തി​െൻറ തുടക്കം മുതൽ ആശുപത്രികളെയും ആരോഗ്യ പ്രവർത്തകരെയും ഇസ്രായേൽ സേന ലക്ഷ്യമിട്ടിരുന്നു. എല്ലാ യുദ്ധചട്ടങ്ങളും ലംഘിച്ച്​ ആശുപത്രിക്ക്​ മേൽ ആക്രമണം ഉണ്ടാവില്ലെന്ന ​നിഗമനത്തിലായിരുന്നു ഗസ്സയിൽ ദുരിതപർവം താണ്ടുന്ന മനുഷ്യർ. പക്ഷെ, സയണിസ്​റ്റ്​ ക്രൂരത അതും തെറ്റിച്ചു.

ആശുപത്രിയിൽ നിന്ന്​ രോഗികളെ ഒഴിപ്പിക്കണമെന്ന ആവശ്യം തിരസ്​കരിച്ചതാണ്​ ആക്രമണകാരണമെന്നാണ്​ ആദ്യം സൈന്യം പ്രതികരിച്ചത്​. ആശുപത്രിക്കു നേരെ നടന്ന ആക്രമണത്തിലൂടെ നിരവധി ഹമാസ്​ ഭീകരരെ വധിച്ചതായി ഇസ്രായേൽ ഡിജിറ്റൽ വക്​താവ്​ ഹനാൻയാ നാഫ്​തലി എക്​സിൽ കുറിച്ചിരുന്നു. എന്നാൽ കുരുതിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ നിലപാട്​ മാറ്റി. ഗസ്സയിൽ നിന്നുയർന്ന മിസൈൽ ദിശമാറി ആശുപത്രിക്കു മേൽ പതിച്ചതാണെന്നായി പിന്നീട്​​ സൈന്യം. ആംഗ്ലിക്കൻ ചർച്ച്​ നടത്തുന്നതാണ്​ അൽ അഹ്​ലി അറബ്​ ആശുപത്രി.യെന്നതും ശ്രദ്ധേയം

ആശുപത്രി ആക്രമണം വംശീയ ഉൻമൂലനത്തി​െൻറ ക്രൂരമായ തുടർച്ചയാണെന്ന്​ ഹമാസ്​ നേതാവ്​ ഇസ്​മാഇൗൽ ഹനിയ്യ. അമേരിക്കയാണ്​ ഒന്നാം പ്രതിയെന്നും ഹനിച്യ്യ കുറ്റപ്പെടുത്തി. കുരുതിക്കെതിരെ വൻ പ്രതിഷേധമാണ്​ അറബ്​ മുസ്​ലിം രാജ്യങ്ങളിൽ അലയടിക്കുന്നത്​. ജോർദാൻ, ലബനാൻ, തുർക്കി, തുനീഷ്യ എന്നിവിടങ്ങളിൽ ആയിരങ്ങൾ തെരുവിലിറങ്ങി. അമ്മാനിൽ ഇസ്രായേൽ എംബസിയിലേക്ക്​ കടന്നുകയറാൻ ശ്രമിച്ച പ്രക്ഷോഭകരെ സുരക്ഷാവിഭാഗം തടഞ്ഞു. തു൪ക്കി ഇസ്രയേൽ കോൺസുലേറ്റിന് മുന്നിൽ ആയിരങ്ങൾ പ്രകടനം നടത്തി.

തുർക്കി വിടാൻ പൗരന്മാർക്ക് ഇസ്റായേൽ നിർദശം നൽകിയെന്ന് അൽ അറബിയ ചാനൽ റിപ്പോർട്ട്​ ചെയ്​തു.റാമല്ലയിൽ പ്രക്ഷോഭകാരികളും സുരക്ഷാ വിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ.ു. അടിയന്തര രക്ഷാ സമിതി യോഗം ആവശ്യപ്പെട്ട് റഷ്യയും യു എ ഇയും രംഗത്ത്​. ഉപരോധവും ആക്രമണവും ഇന്ന്​ ​പന്ത്രണ്ടാം ദിനത്തിലേക്ക്​ കടക്കു​േമ്പാൾ ഗസ്സയിൽ ജീവിതം കൂടുതൽ ദുരിതപൂർണം. റഫ വഴി സഹായം എത്തിക്കാനുള്ള നീക്കവും വിഫലം

Related Tags :
Similar Posts