World
Gaza war, Gaza ceasefire,Gaza,Gaza Ceasefire, Hostage Release To Start Friday,Israel-Hamas War,israel palestine,israel palestine conflict,israel palestine war,israel vs palestine,israel,israel palestine tensions
World

ഗസ്സയിൽ തെരുവുകൾ തോറും കനത്ത ഏറ്റുമുട്ടല്‍; 24 മണിക്കൂറിനിടെ മുന്നൂറോളം പേര്‍ കൊല്ലപ്പെട്ടു

Web Desk
|
11 Dec 2023 8:00 AM GMT

കരയുദ്ധത്തിൽ 101 സൈനികർ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ

ഗസ്സസിറ്റി: ഗസ്സയിലെ മധ്യ, തെക്കൻ പ്രദേശങ്ങളിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രായേൽ സേന. റഫയിലും ഖാൻ യൂനിസിലുമുൾപ്പെടെ നിരവധി താമസ സമുച്ചയങ്ങൾ തകർത്തു. ഗസ്സയിൽ തെരുവുകൾ തോറും കനത്ത ഏറ്റുമുട്ടലാണ് തുടരുന്നത്. കരയുദ്ധത്തിൽ 101 സൈനികർ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു. ഇസ്രായേൽ കനത്ത ബോംബാക്രമണം തുടരുന്നത് സമാധാന ചർച്ചകളെ ബാധിച്ചെന്ന് ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി.

ദൈറൽ ബലാഹിലെ താമസ സമുച്ചയ ആക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടത് 50ഓളം ഫലസ്തീനികളാണ്. 24 മണിക്കൂറിനിടെ മുന്നൂറോളം പേരാണ് കൊല്ലപ്പെട്ടത്. തെക്കൻ ഗസ്സയിലടക്കം ആശുപത്രികൾ പരിക്കേറ്റവരാൽ കാലുകുത്താനിടമില്ലാത്ത വിധം നിറഞ്ഞു. ഭക്ഷണ, കുടിവെള്ള ക്ഷാമവും തുടരുകയാണ്. വിവിധ രോഗങ്ങൾ പടരുന്നതും വെല്ലുവിളിയാകുകയാണ്. രണ്ട് ദിവസത്തിനിടെ 40 സൈനികരെ വധിച്ചെന്ന് ഹമാസ് അവകാശപ്പെട്ടു.

5,000 പേർക്ക് ഗുരുതര പരിക്കേറ്റെന്നും 2,000 പേർ അംഗപരിമിതരായെന്നും ഇസ്രായേൽ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഗസ്സ സിറ്റിയിൽ 10 സൈനികരെ അൽ ഖുദ്‍സ് ബ്രിഗേഡും വധിച്ചു. സൈനിക നടപടിയിലൂടെ ബന്ദിമോചനം സാധിക്കില്ലെന്ന് ഹമാസ് വക്താവ് അബൂ ഉബൈദ ഇസ്രായേലിനെ താക്കീത് ചെയ്തു. ഹമാസിന്റെ അന്ത്യമടുത്തെന്നും യഹ്യ സിൻവാറിന് വേണ്ടി മരിക്കാൻ നിൽക്കേണ്ടെന്നുമാണ് നെതന്യാഹുവിന്റെ മറുപടി.

അതിനിടെ യുഎൻ പൊതുസഭ നാളെ വീണ്ടുംചേരും. ഈജിപ്തും മൌറിത്താനിയയും ആവശ്യപ്പെട്ടത് പ്രകാരമാണ് നാളെ യു എൻ പൊതുസഭ ചേരുന്നത്.


Related Tags :
Similar Posts