സംവരണ നയത്തിനെതിരെ വൻ വിദ്യാർഥി പ്രതിഷേധം; ബംഗ്ലാദേശിൽ 32 പേർ കൊല്ലപ്പെട്ടു
|പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ധാക്കയിലെ സർവകലാശാല ഉൾപ്പെടെ അനിശ്ചിതകാലത്തേക്ക് അടച്ചു.
ധാക്ക: ബംഗ്ലാദേശിൽ സംവരണനയം തിരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാർഥി പ്രതിഷേധത്തിൽ 32 പേർ കൊല്ലപ്പെട്ടു. 2000ലേറെ പേർക്ക് പരിക്കേറ്റു. രാജ്യത്തെ സർക്കാർ ജോലികളിലുള്ള സംവരണത്തിനെതിരെയാണ് വിദ്യാർഥി പ്രതിഷേധം. പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമാണ്.
കടുത്ത തൊഴിലില്ലായ്മ നേരിടുന്ന രാജ്യത്ത് സർക്കാർ ജോലികളിൽ 56 ശതമാനം സംവരണമാണ്. സ്വതന്ത്യത്തിനായി 1971ലെ വിമോചന യുദ്ധത്തിൽ പങ്കെടുത്തവരുടെ പിൻഗാമികൾക്കുള്ള 30 ശതമാനം സംവരണം നിർത്തണമെന്ന് ആവശ്യപ്പെട്ടാണ് ധാക്കയിൽ വിദ്യാർഥി പ്രതിഷേധം അരങ്ങേറിയത്. ആയുധമേന്തി തെരുവിൽ ഇറങ്ങിയ ആയിരക്കണക്കിന് വിദ്യാർഥികളും പൊലീസും ഏറ്റുമുട്ടി.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ധാക്കയിലെ സർവകലാശാല ഉൾപ്പെടെ അനിശ്ചിതകാലത്തേക്ക് അടച്ചു. വിദ്യാർഥികളുടെ ആവശ്യം അംഗീകരിച്ച ധാക്ക ഹൈക്കോടതി തീരുമാനം റദ്ദാക്കിയ സുപ്രിംകോടതി, സർക്കാർ തീരുമാനം പുനഃസ്ഥാപിക്കുകയായിരുന്നു. ഇതോടെയാണ് വിദ്യാർഥികൾ തെരുവിലേക്ക് ഇറങ്ങിയത്.
വിദ്യാർഥികൾ കൊല്ലപ്പെട്ടതിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച സർക്കാർ, സംവരണത്തിൽ ചർച്ചയ്ക്ക് തയാറാണെന്നും അറിയിച്ചു. ചർച്ചയിലൂടെ പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കുമന്നും അന്തിമ തീരുമാനം കോടതിയുടേതാണെന്നും നിയമമന്ത്രി അനീസുൽ ഹഖ് പറഞ്ഞു.
അതേസമയം, ബംഗ്ലാദേശിലുള്ള ഇന്ത്യൻ പൗരൻമാർക്ക് ധാക്കയിലെ ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം നൽകി. ആവശ്യത്തിനല്ലാതെ പുറത്തിറങ്ങുകയും യാത്ര ചെയ്യരുതെന്നുമാണ് നിർദേശം.