സുഡാനിൽ 'പെരുന്നാൾ ആശ്വാസം'; 72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചു
|ഇന്നു പുലർച്ചെയും തലസ്ഥാനമായ ഖാർത്തൂമിൽ വൻ ഷെല്ലാക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്
ഖാർത്തൂം: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് അർധസൈനിക വിഭാഗം റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ്(ആർ.എസ്.എഫ്). പെരുന്നാൾ പ്രമാണിച്ചാണ് പ്രഖ്യാപനം. 72 മണിക്കൂറാണ് വെടിനിർത്തൽ.
വാർത്താകുറിപ്പിലൂടെയാണ് ആർ.എസ്.എഫ് പ്രഖ്യാപനം നടത്തിയത്. ഇന്നു രാവിലെ ആറു മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽ സൈന്യവും ആർ.എസ്.എഫും തമ്മിൽ രൂക്ഷമായ പോരാട്ടം നടക്കുന്നതിനിടെയാണ് ഇടക്കാലത്തേക്കെങ്കിലും ആശ്വാസകരമായ തീരുമാനം വരുന്നത്.
പെരുന്നാളിനോടനുബന്ധിച്ച് പൗരന്മാർക്ക് പ്രശ്നബാധിത മേഖലയിൽനിന്ന് ഒഴിയാനുള്ള മാനുഷിക ഇടനാഴി തുറക്കുകയാണെന്ന് വാർത്താകുറിപ്പിൽ ആർ.എസ്.എഫ് പറഞ്ഞു. പരസ്പരം കുടുംബങ്ങളെ കാണാനും ആശംസകൾ നേരാനുമുള്ള അവസരമാണിതെന്നും വാർത്താകുറിപ്പിൽ പറഞ്ഞു. അതേസമയം, വെടിനിർത്തലിനെക്കുറിച്ച് സൈന്യം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇന്നു പുലർച്ചെയും വൻ ഷെല്ലാക്രമണമാണ് ഖാർത്തൂമിൽ നടന്നത്. തലസ്ഥാനം ലക്ഷ്യമിട്ട് വൻ ആക്രമണമാണ് സൈന്യം നടത്തുന്നതെന്ന് ആർ.എസ്.എഫ് ആരോപിച്ചു.
ഏപ്രിൽ 13നാണ് തലസ്ഥാനമായ ഖാർത്തൂമിൽ സുഡാന് സൈന്യവും അർധസൈനിക വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്സലും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ ആരംഭിക്കുന്നത്. രാജ്യത്തിന്റെ അധികാരം പിടിച്ചടക്കാനായാണ് ഏറ്റുമുട്ടൽ. ഇരുസംഘങ്ങളും തമ്മിൽ നടന്ന വെടിവയ്പ്പിലും വ്യോമാക്രമണങ്ങളിലുമായി 300ഓളം പേർ കൊല്ലപ്പെട്ടു. സുഡാനിൽ ഒരു കമ്പനിയിൽ ജീവനക്കാരനായിരുന്ന മലയാളിയായ ആൽബർട്ട് അഗസ്റ്റിനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും.
Summary: Sudan's paramilitary group Rapid Support Forces (RSF) has announced 72 hour ceasefire from today, which marks the beginning of eid al fitr, amid heavy fighting with the army in the capital Khartoum