World
Sudan fighting,world
World

വെടിനിർത്തൽ പ്രഖ്യാപനത്തിനു പിന്നാലെ വീണ്ടും സംഘർഷം; സുഡാനിൽ മരണം 100 കടന്നു

Web Desk
|
17 April 2023 12:21 PM GMT

തലസ്ഥാനമായ ഖാർത്തൂമിലാണ് സംഘർഷം കൂടുതൽ

ഖാർത്തൂം: ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽ സൈന്യവും അർധ സൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാകുകയാണ്. കലാപത്തിനിടെ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിടുന്ന വിവരം. അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് കേന്ദ്രങ്ങളിൽ വ്യോമാക്രമണം ശക്തമാണ്. സംഘർഷങ്ങളിൽ അഞ്ഞൂറിലേറെ പേർക്ക് പരിക്കേറ്റെന്നാണ് വിവരം. തലസ്ഥാനമായ ഖാർത്തൂമിലാണ് സംഘർഷം കൂടുതൽ. ഖാർത്തൂമിൽ മാത്രം 97 പേർ മരിച്ചതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ മൂന്ന് മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് വീണ്ടും സംഘർഷമുണ്ടായത്.

വ്യോമാക്രമണം ശക്തമായ സാഹചര്യത്തിൽ പല രാജ്യങ്ങളും വിമാനസർവീസുകൾ നിർത്തിവെച്ചു. ഖാർത്തൂം, മർവ, അൽ- അബൈദ് എന്നിവടങ്ങളിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ആർ.എസ്.എഫ് ഏറ്റെടുത്തതായാണ് റിപ്പോർട്ടുകൾ.അതേസമയം സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്ന് അമേരിക്കയും യു.കെയും യൂറോപ്യൻ രാജ്യങ്ങളും ആവശ്യപ്പെട്ടു.

കരസേനാ മേധാവി ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാനും ആർഎസ്എഫ് ഗ്രൂപ്പിന്റെ തലവൻ ജനറൽ മുഹമ്മദ് ഹംദാൻ ദഗാലോയും തമ്മിലുള്ള അധികാര പോരാട്ടത്തിന്റെ ഭാഗമാണ് ഏറ്റുമുട്ടൽ. 2021 ഒക്ടോബറിലെ സൈനിക അട്ടിമറി സംയുക്തമായി സംഘടിപ്പിച്ച മുൻ സഖ്യകക്ഷികളാണ് രണ്ട് ജനറൽമാരും. ഇത് സുഡാന്റെ ജനാധിപത്യ ഭരണത്തിലേക്കും തെരഞ്ഞെടുപ്പിലേക്കും മാറുന്ന പ്രക്രിയയെ തടഞ്ഞു.

Related Tags :
Similar Posts