യുക്രയ്നിൽ സമാധാനത്തിനായി സ്വിറ്റ്സർലൻഡിൽ ഉച്ചകോടി; വിട്ടുനിന്ന് റഷ്യ
|യുക്രെയ്ന് 1.5 ബില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് അമേരിക്ക
ലൂസേൺ: യുക്രെയ്ൻ സമാധാന ഉച്ചകോടി സ്വിറ്റ്സർലൻഡിൽ ചേർന്നു. ലൂസേണിൽ നടക്കുന്ന ഉച്ചകോടിയിൽ നിരവധി ലോകനേതാക്കളാണ് പങ്കെടുത്തത്. അതേസമയം, ചർച്ചയിൽനിന്ന് റഷ്യവിട്ടുനിന്നത് സമാധാന പ്രതീക്ഷകളെ തകർത്തു.
യുദ്ധം തുടങ്ങിയിട്ട് രണ്ട് വർഷത്തിലേറെയായിട്ടും റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങൾ ഇതുവരെ വിട്ടുനൽകിയിട്ടില്ല. പിടിച്ചെടുത്ത എല്ലാ യുക്രെയ്ൻ പ്രദേശങ്ങളും തിരിച്ചുനൽകണമെന്ന ആവശ്യത്തിൽ കൈവ് ഉറച്ചുനിൽക്കുകയാണ്. കിഴക്കൻ, തെക്കൻ യുക്രെയ്നിന്റെ വലിയൊരു ഭാഗം ഇതിനകം പിടിച്ചെടുത്ത മോസ്കോ ആക്രമണവുമായി മുന്നോട്ട് പോവുകയും ചെയ്തു.
ലൂസേണെ തടാകത്തിന് അഭിമുഖമായി ബർഗെൻസ്റ്റോക്ക് റിസോർട്ടിൽ നടന്ന സമ്മേളനം ലോകശ്രദ്ധ നേടി. ഒറ്റക്കെട്ടായി നിന്നുകൊണ്ടുള്ള ശ്രമങ്ങൾക്ക് യുദ്ധം അവസാനിപ്പിക്കാനും നീതിയുക്തമായ സമാധാനം സ്ഥാപിക്കാനും കഴിയുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കി പറഞ്ഞു. അന്താരാഷ്ട്ര നിയമം ലംഘിച്ചതിന് റഷ്യയെ പല നേതാക്കളും വിമർശിച്ചു.
ലാറ്റിനമേരിക്ക, ആഫ്രിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഏഷ്യ, പസഫിക്, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും മതനേതാക്കളും ഇവിടെയുണ്ട്. എന്നാൽ റഷ്യയില്ല. എന്തുകൊണ്ട്? കാരണം റഷ്യയ്ക്ക് സമാധാനത്തിൽ താൽപ്പര്യമുണ്ടെങ്കിൽ യുദ്ധം ഉണ്ടാകില്ലായിരുന്നുവെന്ന് സെലെൻസ്കി വിമർശിച്ചു.
ഉച്ചകോടിയിൽ യുക്രെയ്ന് 1.5 ബില്യൺ ഡോളർ സഹായം അമേരിക്ക പ്രഖ്യാപിച്ചു. റഷ്യൻ ആക്രമണത്തിൽ തകർന്ന യുക്രെയ്നിലെ അടിയന്തര ഊർജ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണിക്കും മറ്റ് ആവശ്യങ്ങൾക്കുമാണ് സഹായം.
അമേരിക്കക്ക് പുറമെ ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നൂറോളം നേതാക്കളും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. റഷ്യക്ക് പുറമെ ചൈനയും ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല. ചൈന വിട്ടുനിൽക്കുന്നത് റഷ്യയെ ഒറ്റപ്പെടുത്താമെന്ന പാശ്ചാത്യ രാജ്യങ്ങളുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപിച്ചിരിക്കുകയാണ്.
അതിനിടെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യ മുന്നോട്ടുവെച്ച നിർദേശങ്ങൾ ഗൗരവമുള്ളതല്ലെന്നും ഉച്ചകോടിയിൽ നിന്ന് ശ്രദ്ധതിരിക്കാൻ ലക്ഷ്യമിട്ടുള്ളത് മാത്രമാണെന്നും ജർമൻ ചാൻസലർ ഒലാഫ്ഷോൾസ് പറഞ്ഞു. റഷ്യക്ക് കിഴക്കൻ മേഖലയിൽ കൂടുതൽ പ്രദേശങ്ങൾ വിട്ടുനൽകുക, കൂടുതൽ മേഖലകളിൽനിന്ന് യുക്രെയ്ൻ സേനയെ പിൻവലിക്കുക, നാറ്റോ അംഗത്വ ശ്രമം അവസാനിപ്പിക്കുക എന്നിവയാണ് റഷ്യ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ. എന്നാൽ, സമാധാന നിർദേശങ്ങളോട് ക്രിയാത്മകമായല്ല പാശ്ചാത്യരാജ്യങ്ങൾ പ്രതികരിച്ചതെന്ന് റഷ്യ ആരോപിച്ചു.