World
Sunita Williams
World

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ബഹിരാകാശത്ത് നിന്ന് വോട്ട്; തയ്യാറായി സുനിതാ വില്യംസും ബുച്ച് വിൽമോറും

Web Desk
|
14 Sep 2024 8:51 AM GMT

ബോയിങ് സ്റ്റാർ ലൈനർ പേടകത്തിലെ സഞ്ചാരികളായ സുനിതാ വില്യംസും, ബുച്ച് വിൽമോറുമാണ് ബഹിരാകാശത്ത് നിന്നും വോട്ട് ചെയ്യാനൊരുങ്ങുന്നത്

ന്യൂയോര്‍ക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇക്കുറി ബഹിരാകാശത്ത് നിന്ന് വോട്ട്. ബോയിങ് സ്റ്റാർ ലൈനർ പേടകത്തിലെ സഞ്ചാരികളായ സുനിതാ വില്യംസും, ബുച്ച് വിൽമോറുമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വോട്ട് രേഖപ്പെടുത്താനൊരുങ്ങുന്നത്. ബാലറ്റിനായി അപേക്ഷ നൽകിയെന്ന് ഇരുവരും വ്യക്തമാക്കി.

നവംബര്‍ 5നാണ് യുഎസില്‍ തെരഞ്ഞെടുപ്പ്. വോട്ടുചെയ്യുക എന്നത് വിലപ്പെട്ട കടമയാണെന്നും അതിനായി കാത്തിരിക്കുകയാണെന്നും സുനിത വില്യംസ് പറഞ്ഞു. ഇരുവരുടെയും ബാലറ്റിന് വേണ്ടിയുള്ള അഭ്യർത്ഥന അതത് കൗണ്ടിയിലെ സംസ്ഥാന തെരഞ്ഞെടുപ്പ് ബോർഡിനാണ് അയച്ചത്.

ഇലക്‌ട്രോണിക് സിഗ്നലുകളായി, തെരഞ്ഞെടുപ്പ് ബാലറ്റ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കൈമാറുന്നതാണ് രീതി. ബഹിരാകാശ സഞ്ചാരികൾ ഒരു എന്‍ക്രിപ്റ്റഡ് സുരക്ഷിത സംവിധാനം ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രോസസിങിനായി ഭൂമിയിലേക്ക് തിരികെ അയക്കും.

വോട്ട് രേഖപ്പെടുത്തുക എന്നത് പ്രധാന കടമയാണെന്നും വോട്ട് ചെയ്യാനുള്ള അവസരം നാസ ഉറപ്പിക്കുമെന്നും ബഹിരാകാശത്തുനിന്ന് മാധ്യമപ്രവർത്തകരുമായി സംസാരിക്കവേ ബുച്ച് വിൽ മോർ പറഞ്ഞു. ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യാനാകുമെന്ന പ്രതീക്ഷ സുനിത വില്യംസും പങ്കുവെച്ചു.

അമേരിക്കയിൽ നാസ ജീവനക്കാർക്ക് ബഹിരാകാശത്ത് നിന്ന് വോട്ടുചെയ്യാൻ അനുമതി നൽകുന്ന ബിൽ 1997ൽ പാസാക്കിയിരുന്നു. നാസയുടെ ബഹിരാകാശയാത്രികനായ ഡേവിഡ് വുൾഫ് ആണ് ബഹിരാകാശ നിലയത്തിൽ നിന്ന് വോട്ട് ചെയ്യുന്ന ആദ്യത്തെ അമേരിക്കക്കാരൻ.

ജൂണ്‍ അഞ്ചിനാണ് നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനേയും ബുച്ച് വില്‍മറിനേയും വഹിച്ച് ബോയിങ് സ്റ്റാര്‍ ലൈനര്‍ പുറപ്പെട്ടത്. മനുഷ്യരെ വഹിച്ചുള്ള പേടകത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണമായിരുന്നു ഇത്. എന്നാല്‍, യാത്രയ്ക്കിടെയുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളിലെ തകരാറും കാരണം ദിവസങ്ങള്‍ മാത്രം കണക്കാക്കിയിരുന്ന ദൗത്യം 3 മാസത്തോളം നീണ്ടു.

യാത്രികരെ തിരിച്ചെത്തിക്കുന്നതിൽ സുരക്ഷ ആശങ്കകള്‍ ഉയർന്നതോടെയാണ് സ്റ്റാർലൈനർ അൺഡോക് ചെയ്ത് തിരികെ എത്തിച്ചതും, .യാത്രികർ ബഹിരാകാശ നിലയത്തിൽ തുടർന്നതും. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പദ്ധതിയിട്ടിരിക്കുന്ന സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണില്‍ രണ്ട് ഇരിപ്പിടങ്ങള്‍ ഒരുക്കി ഇവരെ തിരിച്ചു കൊണ്ടുവരാനുള്ള പദ്ധതിയാണ് ഇപ്പോള്‍ ഒരുങ്ങുന്നത്.

Similar Posts