'എൻ്റെ തടി കുറഞ്ഞിട്ടില്ല, കവിളൊട്ടിയത് ഭൂഗുരുത്വമില്ലായ്മ കൊണ്ട്''; സുനിത വില്യംസ്
|'നിലവിലുള്ളത് ഭൂമിയിൽ നിന്ന് പുറപ്പെട്ട അതേ ഭാരം'
തന്റെ ആരോഗ്യത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള ആളുകളുടെ ആശങ്കയിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബഹിരാകാശ യാത്രിക സുനിത വില്യംസ്.
താൻ ഭൂമിയിൽ നിന്ന് പുറപ്പെട്ട അതേ ഭാരം തന്നെയാണ് നിലവിലുള്ളത്. ബഹിരാകാശത്തെ മൈക്രോ ഗ്രാവിറ്റിയെ ചെറുക്കാൻ കർശന വ്യായാമ മുറകൾ ചെയ്യുന്നതിനാലാണ് തന്റെ ശരീരം രൂപം മാറിയതെന്ന് സുനിത നാസ പുറത്തുവിട്ട വീഡിയോയിലൂടെ പ്രതികരിച്ചു.
താൻ ദിനംപ്രതി എക്സർസൈസ് ബൈക്ക് ഓടിക്കുകയും ട്രെഡ്മില്ലിൽ ഓടുകയും ഭാരം പൊക്കുകയും ചെയ്യുന്നുണ്ട്. ഈ അധ്വാനങ്ങളാണ് തന്റെ രൂപമാറ്റത്തിന് കാരണം.
തന്റെ വ്യായാമം കാരണം അരയ്ക്ക് താഴെയുള്ള ഭാഗത്തെ പേശികളുടെ വണ്ണം കൂടിയിട്ടുണ്ട് എന്നാൽ അരയ്ക്ക് മുകളിലുള്ള ഭാഗം വണ്ണം കുറഞ്ഞതായി തോന്നുകയാണ് എന്നാണ് സുനിതയുടെ വിശദീകരണം.
അന്തരീക്ഷ മർദ്ദവും ഭൂഗുരുത്വവുമില്ലാത്തതിനാൽ ബഹിരാകാശ സഞ്ചാരികളുടെ പേശികൾക്ക് ബലക്ഷയം സംഭവിക്കുന്നത് സാധാരണയാണ്. തിരികെ ഭൂമിയിലെത്തുന്ന ഇവർക്ക് മാസങ്ങളോളം നടക്കുന്നതിനും മറ്റ് കായികാധ്വാനങ്ങൾ ചെയ്യുന്നതിനും ബുദ്ധിമുട്ട് നേരിടാറുണ്ട്.
ഇതിന് പ്രതിവിധിയായാണ് ബഹിരാകാശ യാത്രികർ പേടകത്തിൽ കർശനമായ വ്യായാമം ചെയ്യണം എന്ന പദ്ധതി വന്നത്. ഭാരമില്ലാത്തതിനാൽ ബെൽറ്റുകളും മറ്റും ഉപയോഗിച്ച് ഭാരം ഉള്ള പ്രതീതി ഉണ്ടാക്കിയാണ് വ്യായാമം.
ഇത്തരത്തിലുള്ള വ്യായാമം തന്നെയാണ് സുനിതയുടെ രൂപമാറ്റത്തിന് കാരണമായതും.
പത്ത് ദിവസത്തെ ദൗത്യത്തിനായി നാസയുടെ ബോയിങ് സ്റ്റാർലൈനർ കലിപ്സോ കാപ്സ്വൂളിലാണ് സുനിതയും സഹ ബഹിരാകാശ യാത്രികനായ ബുച്ച് വിൽമോറും ജൂൺ ആറിന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്.
എന്നാൽ സ്റ്റാർലൈനറിന് സംഭവിച്ച സാങ്കേതിക പ്രശ്നങ്ങൾ കാരണം ഇവരുടെ തിരിച്ചുവരവ് വൈകുകയായിരുന്നു. പലതവണ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഇവ പരാജയപ്പെടുകയായിരുന്നു.
സെപ്തംബർ 24ന് പുറപ്പെട്ട സ്പേസ് എക്സ് ക്ര്യൂ 9 എന്ന ബഹിരാകാശ വാഹനത്തിൽ ഇവരെ അടുത്ത വർഷം മാർച്ചോടെ തിരിച്ചെത്തിക്കാനാണ് നാസയുടെ തീരുമാനം.