World
ബഹിരാകാശത്ത് എന്താണ് സുനിത വില്യംസ് കഴിക്കുന്നത്; ​തിരഞ്ഞ് നെറ്റിസൺസ്
World

ബഹിരാകാശത്ത് എന്താണ് സുനിത വില്യംസ് കഴിക്കുന്നത്; ​തിരഞ്ഞ് നെറ്റിസൺസ്

Web Desk
|
22 Nov 2024 9:30 AM GMT

ജൂൺ അഞ്ചിനായിരുന്നു ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിലേക്ക് എത്തിയത്

ന്യൂയോർക്ക്: ബഹിരാകാശ വാഹനത്തിനു സംഭവിച്ച തകരാറിനെ തുടർന്ന് തിരിച്ചുവരവ് എപ്പോഴാണ് എന്ന് തീരുമാനമാകാതെ അഞ്ചുമാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) തുടരുകയാണ് നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വില്‍മോറും. ബഹിരാകാശനിലയത്തിൽ രണ്ടുപേരുടെയും ആരോഗ്യനില വഷളായതായി റിപ്പോർട്ടുകൾ വന്നതിനുപിന്നാലെ ഇരുവരും ബഹിരാകാശത്ത് പിസ്സ, റോസ്റ്റ് ചിക്കൻ, ഷ്രിംപ് കോക്ക്ടെയിൽ എന്നിവ കഴിച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

ഇരുവര്‍ക്കും കഴിക്കാന്‍ ആവശ്യത്തിന് ഭക്ഷണം അവിടെയുണ്ടെന്ന് നാസ വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും ഇവര്‍ക്ക് ആവശ്യമായ 'ഫ്രഷ് ഫുഡി'ന്റെ അളവ് ക്രമേണ കുറഞ്ഞുകൊണ്ടിരിക്കുകയാണ് എന്ന് ന്യൂയോർക്ക് പോസ്റ്റ് വ്യക്തമാക്കി. പുറത്തുവന്ന ചിത്രങ്ങള്‍ സുനിതാ വില്യംസിന്റെ ആരോഗ്യനിലയേക്കുറിച്ച് ആശങ്ക ഉണര്‍ത്തുന്നവയായിരുന്നു. കവിളുകള്‍ ഒട്ടിയ നിലയിലും ക്ഷീണം തോന്നിക്കുന്ന തരത്തിലുമായിരുന്നു സുനിതാ വില്യംസ് ഉണ്ടായിരുന്നത്.

ബഹിരാകാശയാത്രികരുടെ ഈ ഭക്ഷണം അവരുടെ ആരോഗ്യം നിലനിർത്താൻ ആവശ്യമായ കലോറികൾ നിറഞ്ഞതാണ്. പിസ, റോസ്റ്റ് ചിക്കന്‍, ഷ്രിംപ് കോക്ടെയില്‍ തുടങ്ങിയവയാണ് സുനിതയും ബുച്ചും കൂടുതലായും കഴിക്കുന്നത്. പക്ഷേ ഇരുവരുടെയും ഭക്ഷണക്രമത്തില്‍ വളരെ കുറച്ച് പഴങ്ങളും പച്ചക്കറികളും മാത്രമേ ഉള്ളൂവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ പുതിയ പഴങ്ങളും പച്ചക്കറികളും ഐഎസ്എസിൽ ലഭിക്കാൻ പ്രയാസമാണ്. അവ വിതരണം ചെയ്യാൻ മൂന്ന് മാസം സമയമെടുക്കും. സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും ആരോഗ്യനില ബഹിരാകാശ ഏജൻസി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

ഇരുവരും പ്രതിദിനം 1.7 കിലോഗ്രാം ഭക്ഷണം കഴിക്കുന്നുണ്ട് എന്ന് നാസ സ്ഥിരീകരിച്ചു. ജൂൺ അഞ്ചിനായിരുന്നു ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിലേക്ക് എത്തിയത്. ജൂൺ ആറിന് ഐഎസ്എസിലെത്തി ജൂൺ 13ന് മടങ്ങാനായിരുന്നു പദ്ധതി. ഈ ബഹിരാകാശ പേടകം മുമ്പ് ഐഎസ്എസിലേക്ക് രണ്ട് യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ദൗത്യത്തിന്റെ ആദ്യ പരീക്ഷണമായിരുന്നു ഇത്. ആദ്യപരീക്ഷണത്തിന്റെ ഭാഗമായിരുന്നു സുനിതയും വിൽമോറും.

വിക്ഷേപണത്തിന് മുമ്പ് സ്റ്റാർലൈനറിന്റെ പ്രൊപ്പൽഷൻ സിസ്റ്റത്തിൽ ഹീലിയം ചോർച്ച കണ്ടെത്തുകയായിരുന്നു. ഇതുകാരണം യാത്ര പലതവണ മാറ്റിവെച്ചു. ഒടുവിൽ ജൂൺ അഞ്ചിന് വിക്ഷേപണം വിജയകരമാകുകയും 24 മണിക്കൂറിന് ശേഷം ഇരുവരും സുരക്ഷിതരായി നിലയത്തിലെത്തുകയും ചെയ്തു. എട്ടുദിവസം കൊണ്ട് മടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി.

ജൂൺ 13ന് ആയിരുന്നു ആദ്യ മടക്കയാത്ര തീരുമാനിച്ചിരുന്നത്. തുടർന്നത് ജൂൺ 26 ലേക്ക് നീട്ടിവെച്ചു. ബോയിംഗ് സ്റ്റാർലൈനർ ക്യാപ്‌സ്യൂളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണമാണ് സുനിത വില്യംസിനും ബുച്ച് വിൽമോറിനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങാൻ സാധിക്കാത്തത്. സ്റ്റാർലൈനർ പേടകത്തിന്റെ ത്രസ്റ്ററുകൾക്കുണ്ടായ തകരാറും ഹീലിയം ചോർച്ചയുമാണ് ഇരുവരുടെയും ദൗത്യം നീട്ടിക്കൊണ്ടുപോയത്.

Similar Posts