World
സുനിതാ വില്യംസും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയിട്ട് 50 ദിവസം പിന്നിടുന്നു
World

സുനിതാ വില്യംസും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയിട്ട് 50 ദിവസം പിന്നിടുന്നു

Web Desk
|
28 July 2024 7:18 AM GMT

ജൂൺ 18 ന് ഭൂമിയിൽ തിരിച്ചെത്തേണ്ട സംഘത്തിന്റെ തിരിച്ചുവരവാണ് അനിശ്ചിതത്വത്തിൽ തുടരുന്നത്

വാഷിങ്ടൺ: ഇന്ത്യൻ വംശജയായ ബഹിരാകാശയാത്രിക സുനിതാ വില്യംസും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയിട്ട് 50 ദിവസം പിന്നിടുന്നു. ജൂൺ അഞ്ചിനാണ് സുനിത വില്യംസിനെയും ബച്ച് വിൽമോറിനെയും കൊണ്ട് ബോയിങ് സ്റ്റാർലൈനർ പേടകം ബഹിരാകാ​ശത്തേക്ക് പുറപ്പെടുന്നത്. ജൂൺ 18 ന് ഭൂമിയിൽ തിരിച്ചെത്തേണ്ട സംഘത്തിന്റെ തിരിച്ചുവരവാണ് അനിശ്ചിതത്വത്തിൽ തുടരുന്നത്.

ബോയിങ് സ്റ്റാർലൈനർ പേടകത്തിന് തകരാറുണ്ടായതോടെയാണ് സംഘം ബഹിരാകാശ നിലയത്തിൽ കുടുങ്ങിയത്.തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇനിയും വിജയം കണ്ടിട്ടില്ല. വിവിധ തിയതികൾ നാസ അറിയിച്ചെങ്കിലും പിന്നീട് അതെല്ലാം നീട്ടിയിരുന്നു. ജൂലൈ അവസാനത്തോടെ സംഘത്തെ ഭൂമിയിലെത്തിക്കുമെന്നായിരുന്നു അവസാനം പറഞ്ഞത്. എന്നാൽ ഇനിയും ഒരാഴ്ചകൂടി കാത്തിരിക്കേണ്ടിവരുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

ദിവസങ്ങൾക്കുള്ളിൽ കഴിയുമെന്ന് പ്രവചിക്കപ്പെട്ട ദൗത്യമാണ് ഒന്നരമാസം പിന്നിട്ടത്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുനിത വിലിംസും ബുച്ച് വിൽമോറും സുരക്ഷിതരാണെന്നും നാസ വ്യക്തമാക്കി. 90ദിവസം വരെ ബഹിരാകാശത്ത് തങ്ങാൻ കഴിയുമെന്നാണ് ബോയിങ് അവകാശപ്പെടുന്നത്. നാസയുടെ സാമ്പത്തിക പിന്തുണയോടെയാണ് ബോയിങ് സ്റ്റാർലൈനർ പേടകം നിർമിച്ചത്. സാ​ങ്കേതിക പ്രശ്നങ്ങളെ തുടർന്ന് നിരവധി തവണ മാറ്റിവെച്ച ശേഷം ജൂൺ അഞ്ചിനാണ് വിക്ഷേപണം നടന്നത്. തകരാർ പരിഹരിക്കാനുള്ള ശ്രമം വിജയം കണ്ടില്ലെങ്കിൽ നാസ മറ്റുവഴികൾ തേടിയേക്കും. ഇലോൺ മസ്കിന്റെ സ്​പേസ് എക്സിനെ ആശ്രയിക്കുമെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.

Similar Posts