രാജ്യത്തിന്‍റെ ദുഃഖദിനം; അമേരിക്കയില്‍ ഗർഭഛിദ്രം വിലക്കിയ സുപ്രീംകോടതി വിധിയോട് പ്രതികരിച്ച് ജോ ബൈഡന്‍
|വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ചും പ്രതിഷേധിച്ചും നിരവധി പ്രകടനങ്ങൾ നടന്നു
അമേരിക്ക: ഗർഭഛിദ്രം വിലക്കിയുള്ള സുപ്രീംകോടതി വിധിയോട് അമേരിക്കയിൽ സമ്മിശ്ര പ്രതികരണം. രാജ്യത്തിന്‍റെ ദുഃഖദിനമെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ചും പ്രതിഷേധിച്ചും നിരവധി പ്രകടനങ്ങൾ നടന്നു. 50 വർഷം നിലനിന്ന വിധിയാണ് അമേരിക്കൻ പരമോന്നത കോടതി അസാധുവാക്കിയത്.
വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ പറുദീസയായാണ് അമേരിക്ക ചൂണ്ടിക്കാണിക്കപ്പെടാറ്. എന്നാൽ അമേരിക്ക ഇന്ന് പിന്തിരിഞ്ഞു നടക്കുന്നു എന്നാണ് പ്രസിഡന്‍റ് ഉൾപ്പെടെയുള്ളവരുടെ പക്ഷം. സുപ്രീംകോടതി ഭരണഘടനയെ പിന്തുടരുന്നുവെന്ന് ഡോണൾഡ് ട്രംപ് ഫോക്സ് ന്യൂസിനോട് പറഞ്ഞു.
50 സംസ്ഥാനങ്ങളിൽ പകുതിയും ഗർഭഛിദ്രം നിയമം മൂലം നിരോധിക്കാനൊരുങ്ങുകയാണ്. 13 സംസ്ഥാനങ്ങളില്‍ ഇതിനകം ഗർഭഛിദ്ര നിരോധന നിയമങ്ങൾ നിലവിലുണ്ട്. ഗർഭഛിദ്രം വനിതകളുടെ ഭരണഘടനാപരമായ അവകാശമല്ലാതായതോടെ ഈ നിയമങ്ങൾ പൂർണ തോതിൽ പ്രാബല്യത്തിലായി. ഡോണൾഡ് ട്രംപിന്‍റെ റിപ്പബ്ലിക്കൻ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഗർഭഛിദ്രത്തിനെതിരെ കർശന നിലപാട് സ്വീകരിച്ചത്. അതേസമയം ഡെമോക്രാറ്റുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ഗർഭഛിദ്രത്തെ അനുകൂലിച്ച് നിയമം കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.