'ജോലിയില്ല, കുട്ടികളെ നോക്കി വീട്ടിലിരിക്കേണ്ടി വന്നു'; മലയാളി നഴ്സിനെ ഭർത്താവ് കൊലപ്പെടുത്തിയതിന് പിന്നിൽ?
|മലയാളി സുഹൃത്തുക്കളെയാരെയും കണ്ടെത്താനാകാത്തതും കൊലപാതകത്തിന് കാരണമായതെന്നും സൂചനയുണ്ട്
ലണ്ടൻ: യു.കെയില്‍ മലയാളി നഴ്സിനെയും രണ്ടുകുട്ടികളെയും ഭർത്താവ് കൊലപ്പെടുത്തിയത് ജോലി കിട്ടാത്തതിന്റെ നിരാശയെന്ന് സംശയം. നോർത്താംപ്ടൺഷയറിലാണ് നഴ്സായിരുന്ന അഞ്ജു (42), മക്കളായ ജീവ (6), ജാൻവി (4) എന്നിവരെ ഭർത്താവായ സാജു കൊലപ്പെടുത്തിയത്. അഞ്ജു ജോലിക്ക് പോകുമ്പോൾ കുട്ടികളെ നോക്കി വീട്ടിലിരിക്കേണ്ടി വന്നതും മലയാളി സുഹൃത്തുക്കളെയാരെയും കണ്ടെത്താനാകാത്തതും കൊലപാതകത്തിന് കാരണമായതെന്നും സൂചനയുണ്ട്.
ഗൾഫിൽ ഡ്രൈവറായിരുന്നു സാജു. അഞ്ജുവിന് കെറ്ററിങിൽ നഴ്സായി ജോലി കിട്ടിയതിനെ തുടർന്ന് ആശ്രിത വിസയിലായിരുന്നു സാജു യുകെയിലെത്തിയത്. ഉടൻ ജോലി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു സാജു. എന്നാൽ അവിടുത്തെ നിയമമനുസരിച്ച് ചെറിയ കുട്ടികളെ വീട്ടിൽ തനിച്ചാക്കി ജോലിക്ക് പോകാനാകില്ല. അതുകൊണ്ട് വീട്ടിൽ കുട്ടികളെയും നോക്കി കഴിയേണ്ടിവന്നു. ഡിസംബർ 15 ന് രാത്രിയാണ് അഞ്ജുവിനെയും മക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മദ്യലഹരിയിലാണ് സാജു കൊലപാതകം നടത്തിയത്. അഞ്ജുവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടാതെ വന്നതോടെ സുഹൃത്തുക്കളാണ് പൊലീസിനെ വിവരമറിയിച്ചത്. അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു വീട്. പൊലീസ് വീട് തുറന്നപ്പോൾ അഞ്ജുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടികളെ വിമാനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. കഴുത്തുഞെരിച്ചാണ് കൊലപാതകം എന്നാണ് പൊലീസ് പറയുന്നത്.
കുറ്റം തെളിഞ്ഞാൽ സാജുവിന് 25 വർഷം വരെ തടവ് ലഭിക്കുമെന്ന് മലയാള മനോരമയെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂർ ഇരിട്ടി സ്വദേശിയാണ് സാജു. വൈക്കം സ്വദേശിനിയാണ് കൊല്ലപ്പെട്ട അഞ്ജു.