'രാജ്യത്തിന്റെ സൈനിക ശേഷി വർധിപ്പിക്കണം': യുക്രൈനിലെ റഷ്യൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സ്വീഡിഷ് പ്രധാനമന്ത്രി
|സുരക്ഷാ ഭീഷണികളൊന്നും തന്നെയില്ല, ഭാവിയിൽ അത്തരം ഭീഷണികൾ പ്രതീക്ഷിക്കാമെന്ന് സ്വീഡിഷ് പ്രധാനമന്ത്രി
യുക്രൈനിൽ റഷ്യൻ ആക്രമണം അതി തീവ്രമായ സാഹചര്യത്തിൽ രാജ്യത്തിന്റെ സൈനിക ശേഷി വർധിപ്പിക്കേണ്ടതുണ്ടെന്ന് സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലീന ആൻഡേഴ്‌സൺ. രാജ്യത്തെ അഭിസംബോധനം ചെയ്തുള്ള പ്രത്യേക ടെലിവിഷൻ പ്രസംഗത്തിലാണ് സ്വീഡിഷ് പ്രധാനമന്ത്രിയുടെ പരാമർശം. പ്രതിരോധത്തിനു വേണ്ട അധിക വിഭവങ്ങൾക്കായുള്ള ചർച്ച ആരംഭിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
'സ്വീഡന് ശക്തമായ പ്രതിരോധം ഉണ്ടായിരിക്കണം, ഞങ്ങൾക്കെതിരെ സുരക്ഷാ ഭീഷണികളൊന്നും തന്നെയില്ല , ഭാവിയിൽ അത്തരം ഭീഷണികൾ പ്രതീക്ഷിക്കാം, സ്വീഡിഷ് പ്രധാനമന്ത്രി വിശദമാക്കി. ശീതയുദ്ധം അവസാനിച്ചതോടെ സ്വീഡൻ സൈനിക ചെലവ് വെട്ടിക്കുറച്ചതാണ്. 2014-ൽ റഷ്യ ക്രിമിയൻ ഉപദ്വീപ് പിടിച്ചടക്കിയതിന് ശേഷം രാജ്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനായി സ്വീഡൻ തീരുമാനങ്ങളെടുത്തിരുന്നു. 2017-ൽ സ്വീഡൻ നിർബന്ധിത സൈനിക സേവനം പുനരാരംഭിച്ചു. 2018 ജനുവരിയിൽ ബാൾട്ടിക് കടലിലെ ഗോട്ട്ലാൻഡ് ദ്വീപിൽ പട്ടാളത്തിന്റെ സേവനവും പുനരാരംഭിച്ചു.
2021 ഒക്ടോബർ മുതൽ 2025 വരെയുള്ള പ്രതിരോധ ബജറ്റിലേക്ക് 27 ബില്യൺ സ്വീഡിഷ് ക്രോണർ (2.8 ബില്യൺ ഡോളർ, 2.5 ബില്യൺ യൂറോ) അധികമായി നൽകിക്കൊണ്ട് സ്വീഡൻ പ്രതിരോധ ചെലവ് 40 ശതമാനം വർദ്ധിപ്പിച്ചിരുന്നു. സ്വീഡൻ നാറ്റോ അംഗമല്ല. പക്ഷേ സഖ്യവുമായി അടുത്ത് സഹകരിക്കുന്ന രാജ്യമാണ്. എന്നാൽ അയൽരാജ്യമായ ഫിൻലൻഡിലെ പോലെ തന്നെ നാറ്റോ അംഗത്വത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു. ഇതു സംബന്ധിച്ച് സ്വീഡനിലെ പബ്ലിക് ബ്രോഡ്കാസ്റ്റർ എസ്വിടി കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ 41 ശതമാനം പേർ നാറ്റോയിൽ ചേരുന്നതിന് പിന്തുണ അറിയിച്ചു.